സുഡാനിൽ മുൻ സർക്കാറിലെ ഉന്നതൻ ജയിൽമോചിതനായതിൽ ആശങ്ക
text_fieldsഖർത്തൂം: യുദ്ധകുറ്റകൃത്യങ്ങളിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) പ്രതിസ്ഥാനത്ത് നിർത്തിയ സുഡാൻ മുൻ സർക്കാറിലെ ഉന്നതൻ അഹ്മദ് ഹാറൂണിനെ ഖർത്തൂം ജയിലിൽനിന്ന് മോചിപ്പിച്ചു. ഇത് ജയിൽചാട്ടമാണെന്നും റിപ്പോർട്ടുണ്ട്. ഭരണകക്ഷിയായിരുന്ന നാഷനൽ കോൺഗ്രസ് പാർട്ടിയുടെ തലവനായിരുന്നു അഹ്മദ് ഹാറൂൺ. ജനകീയ പ്രക്ഷോഭവും സൈനിക അട്ടിമറിയും മൂലം മുൻ പ്രസിഡന്റ് ഉമർ അൽ ബശീറിന്റെ ഭരണകൂടം തകർന്നതിനെ തുടർന്ന് 2019ലാണ് ഹാറൂൺ അറസ്റ്റിലായത്. ഇയാൾക്കെതിരെ 40ലധികം യുദ്ധകുറ്റകൃത്യങ്ങളുണ്ട്. സുഡാന്റെ ആഭ്യന്തര, മാനുഷികകാര്യ മന്ത്രിയായിരിക്കെ നടത്തിയ അക്രമം, കൊല, ബലാത്സംഗം തുടങ്ങിയവയാണ് പ്രധാന കുറ്റങ്ങൾ.
രണ്ടു സൈനിക വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം മൂലം രണ്ടാഴ്ചയോളമായി സുഡാൻ ആഭ്യന്തരയുദ്ധത്തിന് സമാനമായ അവസ്ഥയിലാണ്. ഇതിൽ 500ഓളം പേർ കൊല്ലപ്പെടുകയും 4,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജയിലിൽ ജല- ഭക്ഷണക്ഷാമം മൂലം സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മറ്റൊരിടത്തേക്ക് മാറിയതാണെന്നും കാര്യങ്ങൾ സാധാരണഗതിയിലായാൽ അധികൃതർ മുമ്പാകെ ഹാജരാകുമെന്നും ഹാറൂൺ പറയുന്ന സന്ദേശം പുറത്തുവന്നിട്ടുണ്ട്. മുൻ പ്രസിഡന്റ് ബശീറും ജയിലിൽനിന്ന് പുറത്തുവന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
കഴിഞ്ഞദിവസം നിലവിൽവന്ന വെടിനിർത്തൽ ഇരുപക്ഷവും മാനിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 72 മണിക്കൂറാണ് വെടിനിർത്തൽ. തിങ്കളാഴ്ച അർധരാത്രി മുതലാണ് ഇത് പ്രാബല്യത്തിലായതെന്ന് യു.എസ് അധികൃതർ അറിയിച്ചിരുന്നു. വിദേശരാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.
ബ്രിട്ടൻ ഇതിനകം 301 പേരെ ഒഴിപ്പിച്ചതായി പ്രധാനമന്ത്രി ഋഷി സുനകിന്റെ വക്താവ് അറിയിച്ചു. 245 പേരുമായി സുഡാനിൽനിന്ന് പറന്ന വിമാനം കഴിഞ്ഞദിവസം പാരിസിൽ ഇറങ്ങി. ഇതിൽ 195 ഫ്രഞ്ച് പൗരന്മാരും ഉണ്ട്.
താൻ പല യുദ്ധസമാന സാഹചര്യങ്ങളും അനുഭവിച്ചതാണെങ്കിലും ഖർത്തൂമിൽ നടന്ന കാര്യങ്ങൾ ഒരിക്കലും കണ്ടിട്ടില്ലെന്ന് ഫലസ്തീനിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥി ഖമീസ് ജൗദ പറഞ്ഞു. സുഡാനിൽ എല്ലാവരും എപ്പോഴും മരണമെത്താം എന്ന ആശങ്കയിലാണെന്നും അവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.