‘എക്സ്’ വിട്ടവർ ‘ബ്ലൂസ്കൈ’യിലേക്ക് കുതിക്കുന്നു; എന്താണ് ബ്ലൂസ്കൈ? ആരാണ് ഉടമ?
text_fieldsഅടുത്തിടെ സമൂഹ മാധ്യമപേജുകളിൽ ‘ബ്ലൂസ്‌കൈ’ എന്ന വാക്ക് പ്രത്യക്ഷപ്പെട്ടതും വാർത്തകളിൽ ഇടംപിടിക്കുന്നതും നിങ്ങൾ ശ്രദ്ധിച്ചിരിക്കും. അതെക്കുറിച്ച് അധികമായി അറിയാൻ താൽപര്യവുമുണ്ടാവും. ഇലോൺ മസ്കിന്റെ മൈക്രോേബ്ലാഗിങ് സൈറ്റായ ‘എക്‌സി’ന് ബദലായ ഒരു സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം ആണ് ‘ബ്ലൂസ്കൈ’. അതിന്റെ നിറത്തിന്‍റെയും ലോഗോയുടെയും കാര്യത്തിൽ സമാനതകൾ കാണാമെങ്കിലും.
‘ബ്ലൂസ്‌കൈ’ അതിവേഗം വളരുകയാണ്. പ്രതിദിനം പത്തു ലക്ഷത്തോളം പുതിയ സൈൻ അപ്പുകൾ ഇതിൽ നടക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ 16.7 ദശലക്ഷം ഉപയോക്താക്കളിലെത്തി നിൽക്കുന്നു. എന്നാൽ, നിങ്ങളിത് വായിക്കുമ്പോഴേക്കും ആ കണക്ക് പഴയതായിട്ടുണ്ടാവും.
എന്താണ് ബ്ലൂസ്‌കൈ?
‘ബ്ലൂസ്‌കൈ സ്വയം’ വിശേഷിപ്പിക്കുന്നത് ‘സോഷ്യൽ മീഡിയ’ എന്നാണെങ്കിലും ഇത് ഇതര വെബ്സൈറ്റുകളുമായി സാമ്യമുള്ളതാണ്. പേജിന്റെ ഇടതുവശത്തുള്ള ബാർ നിങ്ങൾ പ്രതീക്ഷിക്കുന്നതെല്ലാം കാണിക്കുന്നു. തിരച്ചിൽ, അറിയിപ്പുകൾ, ഒരു ഹോംപേജ് തുടങ്ങിയവ അവിടെയുണ്ട്.
ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ആളുകൾക്ക് അവർക്ക് താൽപര്യമുള്ള കാര്യങ്ങൾ പോസ്റ്റ് ചെയ്യാനും അഭിപ്രായമിടാനും റീപോസ്റ്റ് ചെയ്യാനും ലൈക്ക് ചെയ്യാനും എല്ലാം കഴിയും. ലളിതമായി പറഞ്ഞാൽ മുമ്പ് ‘ട്വിറ്റർ’ എന്നറിയപ്പെട്ടിരുന്ന ‘എക്സ്’ എങ്ങനെയായിരുന്നുവോ അതുപോലെ തന്നെ.
മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെപ്പോലെ തന്നെയാണ് ബ്ലൂസ്‌കൈ പേജ്. എന്നാലിത് വികേന്ദ്രീകൃതമാണ് എന്നതാണ് പ്രധാന വ്യത്യാസം. കമ്പനിയുടെ ഉടമസ്ഥതയിലുള്ളതല്ലാത്ത സെർവറുകളിൽ ഉപയോക്താക്കൾക്ക് അവരുടെ ഡേറ്റ ‘ഹോസ്റ്റ്’ ചെയ്യാനാകും. ഇതിനർത്ഥം, ‘ബ്ലൂസ്‌കൈ’യിൽ ഒരു നിർദിഷ്ട അക്കൗണ്ടിൽ പരിമിതപ്പെടുത്തുന്നതിനുപകരം ആളുകൾക്ക് വേണമെങ്കിൽ അവരുടെ സ്വന്തം അക്കൗണ്ട് ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യാനും കഴിയും. പുതിയതായി ജോയിൻ ചെയ്യുന്നയാൾക്ക് അവരുടെ ഉപയോക്തൃനാമത്തിന്റെ അവസാനത്തിൽ .bsky.social ഉണ്ടായിരിക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.
ആരാണ് ബ്ലൂസ്‌കൈയുടെ ഉടമ ?
ഇത് ‘എക്‌സ്’ പോലെ നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അതിൽ അതിശയിക്കേണ്ട. ‘ട്വിറ്ററി’ന്‍റെ മുൻ മേധാവി ജാക്ക് ഡോർസിയാണ് ‘ബ്ലൂസ്‌കൈ’ സൃഷ്ടിച്ചത്. ഒരൊറ്റ വ്യക്തിക്കോ സ്ഥാപനത്തിനോ സ്വന്തമല്ലാത്ത ട്വിറ്ററിന്റെ വികേന്ദ്രീകൃത പതിപ്പായിരിക്കും ‘ബ്ലൂസ്‌കൈ’ എന്നദ്ദേഹം നേരത്തെ പറയുകയുണ്ടായി. എന്നാൽ 2024 മെയ് മാസത്തിൽ ബോർഡിൽ നിന്ന് പടിയിറങ്ങിയ ഡോർസി ഇപ്പോൾ ഇതിന് പിന്നിലുള്ള ടീമിന്റെ ഭാഗമല്ല. സെപ്റ്റംബറിൽ അദ്ദേഹം തന്റെ അക്കൗണ്ട് പൂർണ്ണമായും ഇല്ലാതാക്കി. ഒരു യു.എസ് പബ്ലിക് ബെനിഫിറ്റ് കോർപ്പറേഷൻ എന്ന നിലയിൽ ചീഫ് എക്‌സിക്യൂട്ടിവായ ജെയ് ഗ്രാബറിന്റെ ഉടമസ്ഥതയിലാണ് ഇതിപ്പോൾ പ്രവർത്തിക്കുന്നത്.
എന്തുകൊണ്ടാണ് ഇത് ജനപ്രീതി നേടുന്നത്?
ബ്ലൂസ്‌കൈ 2019 മുതൽ നിലവിലുണ്ട്. എന്നാൽ ഈ വർഷം ഫെബ്രുവരി വരെ ഇൻവിറ്റേഷൻ മാത്രമായിരുന്നു. വിശാലമായ പൊതുജനങ്ങളിലേക്ക് വാതിലുകൾ തുറക്കുന്നതിനുമുമ്പ് പരീക്ഷിച്ച് വിജയിക്കുന്നതിന് തിരശ്ശീലക്ക് പിന്നിലെ എല്ലാ കുഴപ്പങ്ങളും കൈകാര്യം ചെയ്യാൻ ഡെവലപ്പർമാരുടെ കൈകളിലായിരുന്നു. ഈ പ്ലാൻ ഒരു പരിധിവരെ നടന്നുവെങ്കിലും യു.എസ് തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പുതിയ ഉപയോക്താക്കളുടെ കുത്തൊഴുക്ക് നിർണായകമായി. തടസ്സങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇതിനിടയിലും തുടരുന്നുണ്ട്. ബ്ലൂസ്കൈയിൽ നിന്നുള്ള ഒരു പോസ്റ്റ് 24 മണിക്കൂറിനുള്ളിൽ പത്ത് ലക്ഷം ഉപയോക്താക്കളെ നേടി. പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന സ്ത്രീയുടെ ചിത്രം ആയിരുന്നു അത്.
നവംബറിലെ യു.എസ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയത്തെത്തുടർന്ന് പുതിയ ബ്ലൂസ്‌കൈ ഉപയോക്താക്കളുടെ എണ്ണം വർധിച്ചത് യാദൃച്ഛികമല്ല. ‘എക്‌സി’ന്‍റെ ഉടമയായ മസ്‌ക്, ട്രംപിന്റെ പ്രചാരണവേളയിൽ അദ്ദേഹത്തിന്റെ വലിയ പിന്തുണക്കാരനായി പ്രത്യക്ഷമായി രംഗത്തിറങ്ങി. യു.എസ് ഭരണത്തിൽ ഇടപെടുമെന്നും അറിയിച്ചു. ഇത് ഒരു രാഷ്ട്രീയ വിഭജനത്തിലേക്ക് നയിക്കുകയും പ്രതിഷേധവുമായി ചിലർ ‘എക്സ്’ വിടുകയും ചെയ്തു. മാധ്യമ ഭീമനായ ‘ഗാർഡിയ’ന്‍റേതടക്കമുള്ള തിരസ്കരണം ഈ നീക്കത്തിന് ആക്കം കൂട്ടി.
ഇപ്പോൾ ബ്ലൂസ്കൈയുടെ ആപ്പ് ലോകമെമ്പാടും കാര്യമായി ഡൗൺലോഡ് ചെയ്യപ്പെടുന്നു. വ്യാഴാഴ്ച യു.കെയിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ മികച്ച സൗജന്യ ആപ്ലിക്കേഷനായി ഇത് മാറി. പോപ്പ് ഗായിക ലിസോ മുതൽ ടാസ്ക്മാസ്റ്ററിന്റെ ഗ്രെഗ് ഡേവിസ് വരെയുള്ള നിരവധി സെലിബ്രിറ്റികൾ പ്ലാറ്റ്‌ഫോമിൽ ചേരുന്നതായി പ്രഖ്യാപിച്ചു. ബെൻ സ്റ്റില്ലർ, ജാമി ലീ കർട്ടിസ്, പാറ്റൺ ഓസ്വാൾട്ട് എന്നിവരും ഇതിൽ ഉൾപ്പെടുന്നു.
ഈ വളർച്ച പ്രാധാന്യമുള്ളതാണെങ്കിലും ബ്ലൂസ്കൈക്ക് അതിന്റെ എതിരാളിക്ക് യഥാർത്ഥ വെല്ലുവിളി ഉയർത്താൻ ഏറെക്കാലം വേണ്ടിവന്നേക്കും. ‘എക്സ്’ അതിന്റെ മൊത്തം ഉപയോക്താക്കളുടെ എണ്ണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതിദിനം 250 ദശലക്ഷം ഉപയോക്താക്കളുണ്ടെന്ന ഇലോൺ മസ്കിന്റെ അവകാശവാദമനുസരിച്ച് നൂറുകണക്കിന് ദശലക്ഷങ്ങൾ ആയിരിക്കാമത്.
ബ്ലൂസ്കൈ എങ്ങനെയാണ് വരുമാനമുണ്ടാക്കുന്നത്?
ഇത് ഒരു വലിയ ചോദ്യമാണ്. നിക്ഷേപകരിൽ നിന്നും വെഞ്ച്വർ കാപിറ്റൽ സ്ഥാപനങ്ങളിൽനിന്നും ഫണ്ടിങ് ആരംഭിച്ച ‘ബ്ലൂസ്‌കൈ’ ഈ മാർഗങ്ങളിലൂടെ ദശലക്ഷക്കണക്കിന് ഡോളർ ഇതിനകം സമാഹരിച്ചു. എന്നാൽ, നിരവധി പുതിയ ഉപയോക്താക്കൾ ഉള്ളതിനാൽ പ്രധാന വരുമാനമാർഗം കണ്ടെത്തേണ്ടതുണ്ട്.
ട്വിറ്ററിന്റെ പ്രതാപകാലത്ത് ആ സൈറ്റ് അതിന്റെ ഭൂരിഭാഗം പണവും പരസ്യത്തിലൂടെയാണ് സമ്പാദിച്ചത്. ഇത് ഒഴിവാക്കണമെന്നാണ് ബ്ലൂസ്കൈയുടെ വാദം. പകരം ആളുകൾ അവരുടെ ഉപയോക്തൃനാമത്തിൽ ഇഷ്‌ടാനുസൃത ഡൊമെയ്‌നുകൾക്കായി പണം നൽകുന്നത് പോലുള്ള പണമടച്ചുള്ള സേവനങ്ങൾ പരിശോധിക്കുമെന്നും അത് പറയുന്നു. ബ്ലൂസ്‌കൈയുടെ ഉടമകൾ പരസ്യം ചെയ്യൽ ഒഴിവാക്കുന്നത് തുടരുകയാണെങ്കിൽ സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചറുകൾ പോലുള്ള മറ്റ് വിശാലമായ ഓപ്ഷനുകളിലേക്ക് അവർക്ക് അനിവാര്യമായും നോക്കേണ്ടിവന്നേക്കാം. ഇപ്പോൾ ബ്ലൂസ്കൈയുടെ ഭാവി അജ്ഞാതമായി തുടരുന്നു. എന്നാൽ, അതിന്റെ വളർച്ച തുടരുകയാണെങ്കിൽ എന്തും സാധ്യമാണെന്നാണ് ടെക് ലോകത്തിന്റെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.