ഒടുവിൽ ബൈഡനെ അഭിനന്ദിച്ച് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ്
text_fieldsബീജിംഗ്: ഒടുവിൽ നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെ അഭിനന്ദിച്ച് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ്. ലോകനേതാക്കൾ ബൈഡന് അഭിനന്ദനം അറിയിച്ചെങ്കിലും ജിൻപിംഗ് ഇതുവരെ ബൈഡനെ അഭിനന്ദിച്ചിരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിൽ അസ്വാരസ്യം നിലനിൽക്കുന്നതിനിടെയാണ് ജിൻപിംഗ് അഭിനന്ദന സന്ദേശം അയച്ചത്.
'ചൈന-യു.എസ് ബന്ധം ആരോഗ്യകരവും സുസ്ഥിരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നു, ഇതിലൂടെ ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ മൗലിക താൽപര്യങ്ങൾ നിറവേറ്റുക മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിന്‍റെ പൊതു പ്രതീക്ഷകൾ നിറവേറ്റുകയും ചെയ്യുന്നു' -ജിൻപിംഗ് സന്ദേശത്തിൽ പറഞ്ഞു.
സംഘർഷരഹിത അന്തരീക്ഷം സൃഷ്ടിക്കൽ, ഏറ്റുമുട്ടൽ ഇല്ലാതിരിക്കൽ, പരസ്പര ബഹുമാനം, വിൻ-വിൻ സഹകരണം, സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ പരസ്പര ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇരുരാജ്യവും സഹകരിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ജിൻപിംഗ് പറഞ്ഞു.
യു.എസ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനനെ നേരത്തേ ചൈനീസ് വൈസ് പ്രസിഡന്‍റ് വാങ് കിഷൻ അഭിനന്ദിച്ചിരുന്നെന്നും ജിൻപിംഗ് പറഞ്ഞു.
അതേ സമയം ജോ ബൈഡൻ അധികാരത്തിലെത്തുന്നതോടെ യു.എസ് - ചൈന ബന്ധത്തിൽ പുരോഗതിയുണ്ടാകുമെന്ന് ചൈനീസ് ഭരണകൂടം കരുതേണ്ടെന്ന് ചൈനീസ് ഭരണകൂടത്തിന്‍റെ ഉപദേഷ്‌ടാക്കളിൽ ഒരാളായ സെംഗ് യോംഗ്‌നിയൻ നേരത്തേ പറഞ്ഞിരുന്നു. യു.എസിന്‍റെ ഭാഗത്ത് നിന്നും ശക്തമായ വെല്ലുവിളി നേരിടാൻ ചൈന തയാറാകണമെന്നും സെംഗ് മുന്നറിയിപ്പ് നൽകിയിരുന്നു.
കോവിഡ്, മനുഷ്യാവകാശ ലംഘനം, വ്യാപാരകരാറുകൾ തുടങ്ങിയുമായി ബന്ധപ്പെട്ടാണ് ട്രംപും ചൈനയും തമ്മിൽ ഇടഞ്ഞത്. അക്കാലത്ത് ചൈനയ്ക്കിരെയുള്ള 300 ലധികം ബില്ലുകൾ അമേരിക്കൻ കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. ബൈഡൻ അധികാരത്തിലെത്തിയാലും ചൈനയോടുള്ള യു.എസിന്‍റെ സമീപനത്തിന് കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.