ജി-20 ഉച്ചകോടിയിൽ പുടിനും ഷി ജിൻപിങ്ങും പങ്കെടുക്കും
text_fieldsപുടിനെ വിലക്കണമെന്ന് ഋഷി സുനക്
ജകാർത്ത: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും നവംബറിൽ ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ സംബന്ധിക്കുമെന്ന് ഇന്തോനേഷ്യ പ്രസിഡന്റ് ജോകോ വിദോദോ വ്യക്തമാക്കി. യുക്രെയ്ൻ യുദ്ധവും തായ്‍വാൻ സംഘർഷവുമുണ്ടായ ശേഷം നടക്കുന്ന ആദ്യ ആഗോള ഉച്ചകോടിയാണിത്. കോവിഡിനെ തുടർന്ന് 2020 ജനുവരിയിൽ ചൈന യാത്രക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയശേഷം ഷി ജിൻപിങ് ആദ്യമായാണ് രാജ്യം വിടുന്നത്. യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഉച്ചകോടിക്കെത്തും. എന്നാൽ, ബൈഡനും പുടിനും കൂടിക്കാഴ്ച നടത്തുമോ എന്നത് വ്യക്തമല്ല. നാൻസി പെലോസിയുടെ തായ്‍വാൻ സന്ദർശനത്തോടെ യു.എസ്-ചൈന ബന്ധം അങ്ങേയറ്റം വഷളായ നിലയിലാണ്. യുക്രെയ്ൻ യുദ്ധം പരിഗണിച്ച് ജി-20ൽനിന്ന് റഷ്യയുടെ അംഗത്വം റദ്ദാക്കണമെന്നും ഉച്ചകോടിയിലേക്ക് പുടിനെ ക്ഷണിക്കരുതെന്നും നേരത്തേ വാഷിങ്ടൺ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള മത്സരിക്കുന്ന ഇന്ത്യൻ വംശജൻ ഋഷി സുനക്, പുടിനെ ഉച്ചകോടിയിൽനിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടു. യുക്രെയ്നിൽ കുട്ടികളുടെപോലും മരണത്തിനിടയാക്കിയ യുദ്ധത്തിന്റെ കാരണം പുടിൻ ആണെന്നും അദ്ദേഹത്തിന്റെ കൂടെ ചർച്ചക്കായി വട്ടമിട്ടിരിക്കുന്നത് ലോകനേതാക്കൾക്ക് ചേർന്നതല്ലെന്നും സുനക് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.