യെമനിൽ എണ്ണക്കപ്പലിന് നേരെ ഹൂതി ഡ്രോൺ ആക്രമണം
text_fieldsസൻആ: യെമനിൽ എണ്ണക്കപ്പലിന് നേരെ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള മുകല്ല നഗരത്തിന് സമീപം അൽ-ദബ എണ്ണ ടെർമിനലിൽ നിർത്തിയിട്ട കപ്പലിന് നേരെയാണ് ആക്രമണം നടന്നത്.
വാണിജ്യ കപ്പൽ അൽ-ദബ തുറമുഖത്തുണ്ടായിരുന്ന സമയത്താണ് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണമുണ്ടായതെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. എണ്ണ കയറ്റുമതിയിൽ നിന്ന് സർക്കാറിന് വരുമാനം ലഭിക്കുന്നത് തടയുക എന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയത്. ഏതാനും മാസങ്ങളായി മേഖലയിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷത്തിന് ഇത് ഭംഗംവരുത്തുമോ എന്ന ആശങ്കയിലാണ് രാജ്യവാസികൾ. ഹൂതി വിമതരും സർക്കാറും തമ്മിലുള്ള രൂക്ഷമായ സംഘർഷത്തിന് ഏതാനുംനാളുകളായി ശമനമുണ്ടായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂത്തി വിമതർ ട്വറ്റ് ചെയ്തു. അൽ-ദബ തുറമുഖത്തിന് സമീപം എത്തിയ എണ്ണക്കപ്പലിനെ തുരത്തുന്നതിൽ ഹൂതി സായുധ സംഘം വിജയിച്ചതായി വിമതരുടെ വക്താവ് യാഹിയ സരിയ പറഞ്ഞു.
2014 മുതലാണ് യെമനിൽ ഹൂതി വിമതരും സർക്കാർ അനുകൂല സേനയും തമ്മിൽ യുദ്ധം തുടങ്ങിയത്. ഇതുവരെ ഒന്നരലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 30ലക്ഷം ആളുകൾ പലായനം ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.