ഇസ്രായേൽ പതാക വച്ച കപ്പലുകളെ വെറുതെവിടില്ല; ഭീഷണിയുമായി ഹൂതികൾ
text_fieldsസൻആ: മുഴുവൻ ഇസ്രായേൽ കപ്പലുകളെയും ആക്രമിക്കുമെന്ന് യമനിലെ ഹൂതി വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഹൂതി വക്താവ് യഹ്‌യ സരീഅ ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് ഭീഷണി മുഴക്കിയത്. ഇസ്രായേൽ ഉടമസ്ഥതയിലുള്ളതോ ഇസ്രായേൻ നേരിട്ട് നടത്തുന്നതോ ആയ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകും. ഇസ്രായേൽ പതാക വച്ച കപ്പലുകളെയും വെറുതെവിടില്ലെന്നും അവർ അറിയിച്ചു. ഇസ്രായേൽ ബന്ധമുള്ള കപ്പലുകളിൽ ജോലി ചെയ്യുന്ന പൗരന്മാരെ ഒഴിപ്പിക്കാൻ ലോകരാജ്യങ്ങളോട് ഹൂതി വക്താവ് ആഹ്വാനം ചെയ്തിട്ടുമുണ്ട്.
ഇസ്രായേൽ ലീസിനെടുത്ത ചരക്കുകപ്പലും കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും ഹൂതി വിഭാഗം റാഞ്ചിയതായി സൗദി മാധ്യമങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഗാലക്‌സി ലീഡർ എന്ന് പേരിട്ടിരിക്കുന്ന കപ്പൽ തുർക്കിയിൽ നിന്ന് കാറുകളുമായി വരികയായിരുന്നു, ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ തെക്കൻ ചെങ്കടലിൽ വെച്ചാണ് റാഞ്ചിയത്. "ഒരു അന്താരാഷ്ട്ര കപ്പലിന് നേരെയുള്ള ഇറാൻ ആക്രമണം" എന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭവത്തെ വിശേഷിപ്പിച്ചത്.
അതേസമയം, അന്താരാഷ്ട്ര സമൂഹം ഗസ്സയിൽ അടിയന്തരമായ വെടിനിർത്തലിന് ഇടപെടണമെന്ന് ജോർദാൻ രാജാവ് അബ്ദുല്ല ആവശ്യപ്പെട്ടു. സിവിലിയന്മാർക്കെതിരെ ഇസ്രായേൽ നടത്തുന്ന വൃത്തികെട്ട യുദ്ധംമൂലമുണ്ടാകുന്ന മാനുഷികദുരന്തം അവസാനിപ്പിക്കാൻ ലോകശക്തികൾ മുന്നോട്ടുവരണമെന്നും സിവിലിയന്മാരെ സംരക്ഷിക്കണമെന്ന അന്താരാഷ്ട്ര നിയമങ്ങൾ അംഗീകരിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.