ചെങ്കടലിലെയും അറബിക്കടലിലെയും കപ്പലുകൾ ആക്രമിച്ചതായി ഹൂതികൾ
text_fieldsസനാ: ചെങ്കടലിലും അറബിക്കടലിലും കപ്പലുകളെ ലക്ഷ്യമിട്ട് മൂന്ന് ഓപ്പറേഷനുകൾ നടത്തിയതായി യെമനിലെ ഹൂതികൾ അറിയിച്ചു. ചെങ്കടലിലെ മൊട്ടാരോയിലും ബാബ് അൽ മന്ദിബ് കടലിടുക്കിലും ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഇതിൽ ഉൾപ്പെടുമെന്ന് അവർ പറഞ്ഞു.
അറബിക്കടലിലുണ്ടായിരുന്ന മെഴ്‌സ്‌ക് കൗലൂണിനെ മിസൈലും എസ്.സി മോൺട്രിയലിനെ രണ്ട് ഡ്രോണുകളും ഉപയോഗിച്ചാണ് തങ്ങൾ ആക്രമിച്ചതെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സരിയ ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു.
ചെങ്കടലിനെ ഏദൻ ഉൾക്കടലിൽ നിന്നും അറേബ്യാ ഉപഭൂഖണ്ഡത്തെ കിഴക്കൻ ആഫ്രിക്കയിൽ നിന്നും വേർതിരിക്കുന്ന ബാബ് അൽ മന്ദിബ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഒരു കപ്പലിനുനേർക്കുള്ള ആക്രമണം റിപ്പോർട്ട് ചെയ്തെന്ന് ബ്രിട്ടീഷ് മിലിട്ടറിയുടെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്‍റർ അറിയിച്ചു. എന്നാൽ, കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്നും സെന്‍റർ കൂട്ടിച്ചേർത്തു. കപ്പലിന് സമീപം രണ്ട് സ്ഫോടനങ്ങൾ നടന്നതായി ക്യാപ്റ്റനും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗസ്സയിൽ യുദ്ധം ആരംഭിച്ചതിനുശേഷം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് 90 ലധികം വ്യാപാര കപ്പലുകളെ ഹൂതികൾ ലക്ഷ്യമിട്ടിട്ടുണ്ട്. നാല് നാവികർ കൊല്ലപ്പെടുകയും ഒരു കപ്പൽ പിടിച്ചെടുക്കുകയും രണ്ടെണ്ണം മുക്കുകയും ചെയ്തു. പ്രതിവർഷം ഒരു ട്രില്യൺ മൂല്യമുള്ള ചരക്കുകൾ ഇതു വഴി കടന്നുപോവുന്നുണ്ടെന്നാണ് കണക്ക്.
ഒക്‌ടോബർ 10ന് ലൈബീരിയൻ പതാക ഘടിപ്പിച്ച കെമിക്കൽ ടാങ്കറായ ‘ഒളിമ്പിക് സ്പിരിറ്റിനെ’ ലക്ഷ്യമിട്ടായിരുന്നു അവസാന ഹൂതി ആക്രമണം. അതിനുശേഷം ഹൂതികൾ ആക്രമണത്തിന് താൽക്കാലിക വിരാമമിട്ടിരുന്നു. ഒക്ടോബർ 17ന് വിമതർ ഉപയോഗിക്കുന്ന ഭൂഗർഭ ബങ്കറുകൾ ഉന്നമിടാൻ യു.എസ് സൈന്യം ബി-2 സ്റ്റെൽത്ത് ബോംബറുകൾ വിന്യസിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നു.
ഗസ്സയിലെ ഹമാസിനെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ സമ്മർദ്ദമേറ്റി ഇസ്രായേൽ, യു.എസ്, യു.കെ എന്നിവയുമായി ബന്ധമുള്ള കപ്പലുകളെയാണ് വിമതർ ലക്ഷ്യമിടുന്നത്. ഒന്നിലധികം അമേരിക്കൻ എം.ക്യു-9 റീപ്പർ ഡ്രോണുകളും ഹൂതികൾ വെടിവെച്ചിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.