'ഞാൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ചർച്ച ചെയ്യുന്നവർക്കായി...''-ചർച്ചയായി പ്രിഗോഷിന്റെ വിഡിയോ
text_fieldsമോസ്കോ: വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ജനി പ്രിഗോഷിന്റെ മരണത്തിനു തൊട്ടുമുമ്പുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. ആഫ്രിക്കയിൽനിന്നുള്ള ഹ്രസ്വ വിഡിയോ ടെലഗ്രാം ചാനലിലെ വാഗ്നർഗ്രൂപ്പിന്റെ ലിങ്ക് വഴിയാണ് പ്രചരിച്ചത്. തന്നെകുറിച്ചും തനിക്കെതിരായ ഭീഷണികളെ കുറിച്ചുമാണ് പ്രിഗോഷിൻ വിഡിയോയിൽ സംസാരിക്കുന്നത്. സൈനിക വേഷവും തൊപ്പിയും ധരിച്ചാണ് പ്രിഗോഷിനെ കാണുന്നത്. അദ്ദേഹത്തിന്റെ വേഷത്തിനും ഭാവത്തിനും അനുയോജ്യമായ ഒരു പശ്ചാത്തലമാണുള്ളത്.
''ഞാൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ, ഞാൻ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ചർച്ച ചെയ്യുന്നവർക്ക് വേണ്ടിയാണിത്. 2023 ആഗസ്റ്റ് രണ്ടാം പകുതിയായ ഇപ്പോൾ വാരാന്ത്യമാണ്, ഞാനിപ്പോൾ ആഫ്രിക്കയിലാണുള്ളത്.''-എന്നാണ് പ്രിഗോഷിൻ വിഡിയോയിൽ പറയുന്നത്.
അതിനാൽ എന്നെ ഇല്ലാതാക്കുന്നതിനെക്കുറിച്ചോ എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചോ ചർച്ച ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക്, ഞാൻ എത്രമാത്രം സമ്പാദിക്കുന്നു അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യങ്ങൾ ചർച്ച ചെയ്യുന്നവരോട് പറയാനുള്ളത് എല്ലാം നല്ല രീതിയിൽ പോകുന്നു എന്നാണ്.-പ്രിഗോഷിൻ തുടർന്നു.
സമൂഹമാധ്യമമായ എക്സിൽ(ട്വിറ്റർ) വിഡിയോ വലിയ ചർച്ചയായിട്ടുണ്ട്. പ്രിഗോഷിന്റെ വാക്കുകൾ അച്ചട്ടമായി എന്നാണ് ഒരു യൂസറുടെ പ്രതികരണം. അധികം വൈകാതെ പ്രിഗോഷിന്റെ കൂടുതൽ വിഡിയോകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ജീവിതം, വരുമാനം എന്നിവയെ കുറിച്ചുള്ളത്.-എന്നാണ് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്.
സെന്റ് പീറ്റേഴ്സ്ബർഗിനും മോസ്കോക്കും ഇടയിൽ നടന്ന വിമാനാപകടത്തിലാണ് പ്രിഗോഷിൻ കൊല്ലപ്പെട്ടതെന്നാണ് റഷ്യൻ ഭരണകൂടം പറഞ്ഞത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരെ സായുധ കലാപത്തിന് ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് പ്രിഗോഷിൻ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.