യൂസു ഗെയിംസ് സി.ഇ.ഒയുടെ മരണം കൊലപാതകമെന്ന്; കമ്പനി ജീവനക്കാരൻ കസ്റ്റഡിയിൽ
text_fieldsഷാങ്ഹായ്: ശതകോടീശ്വരനും ചൈനീസ് ഗെയിം ഡെവലപ്മെന്റ് കമ്പനിയായ യൂസു ഗെയിംസ് സി.ഇ.ഒയുമായ ലിൻ ക്വി (39) വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തിൽ സഹപ്രവർത്തകൻ പൊലീസ് കസ്റ്റഡിയിൽ. യൂസൂവിലെ ഫിലിം ആൻഡ് ടെലിവിഷൻ വിഭാഗത്തിലെ സീനിയർ എക്സിക്യൂട്ടീവായ സു യാവോയെയാണ് ഷാങ്ഹായ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിഷം ഉള്ളില്‍ച്ചെന്ന നിലയിലാണ് യൂസു ഗെയിംസ്, യൂസു ഇന്‍ട്രാക്റ്റീവ് മേധാവി ലിന്‍ ക്വിയെ ഡിസംബര്‍ 17ന് ഷാങ്ഹായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഡിസംബര്‍ 25നാണ് മരിച്ചത്. ചായയിൽ വിഷം കലർത്തിയാണ് ലിന്നിനെ കൊലപ്പെടുത്തിയതെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹുറുൻ ചൈന റിച്ച് ലിസ്റ്റ് പ്രകാരം 1.3 ശതകോടി ഡോളർ (ഏകദേശം 95,42,19,50,000 ഇന്ത്യൻ രൂപ) ആണ് ലിനിന്‍റെ ആസ്ഥി. 2009ലാണ് ലിൻ ക്വു യൂസുവിന് തുടക്കമിട്ടത്. ഗെയിം ഓഫ് ത്രോൺസ് വിന്‍റർ ഇൗസ് കമിങ് എന്ന ഗെയിമിലൂടെയാണ് കമ്പനി ഗെയിമിങ് രംഗത്ത് പ്രശസ്തരായത്. ലീഗ് ഓഫ് എയ്ഞ്ചൽസ്, ലുഡോ ഓൾസ്റ്റാർ, ഡാർക്ക് ഓർബിറ്റ് എന്നീ ഗെയിമുകളും യൂസുവാണ് പുറത്തിറക്കിയത്.
യൂസൂ പിക്ചേഴ്സിന്റെ ബാനറിൽ 'ദി ത്രീ ബോഡി പ്രോബ്ലം' എന്ന നോവലിനെ ആസ്പദമാക്കി ത്രീഡി സിനിമ നിര്‍മിച്ച് ചലച്ചിത്ര രംഗത്തേക്കും യൂസു ചുവടുവെച്ചിരുന്നു. അത് പ്രതീക്ഷിച്ച വിജയമാവാത്തതിനെത്തുടർന്ന് നോവൽ ടെലിവിഷൻ സീരീസാക്കാനുള്ള അവകാശം സെപ്റ്റംബറിൽ യൂസു നെറ്റ്ഫ്ലിക്സിന് കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.