കോവിഡ് കുതിച്ചു, ജനപ്രീതി ഇടിഞ്ഞു; ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ സ്ഥാനമൊഴിയുന്നു
text_fieldsടോക്യോ: രാജ്യത്ത് കോവിഡ് നിയന്ത്രിക്കുന്നതിലെ വീഴ്ചയുടെപേരിൽ ഏറെ പഴികേട്ട ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ സ്ഥാനമൊഴിയുന്നു. മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജിവെച്ച ഒഴിവിൽ കഴിഞ്ഞ സെപ്റ്റംബർ 14നാണ് സുഗ അധികാരമേറ്റത്. ഒരു വർഷത്തിൽ താഴെ മാത്രം ഭരിച്ച ഇദ്ദേഹം അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി.
തന്‍റെ ജനപ്രീതി കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിയതെന്നറിയുന്നു. 12 കോടി ജനസംഖ്യയുള്ള ജപ്പാനിൽ നിലവിൽ 18,000 ആണ് പ്രതിദിന കോവിഡ് നിരക്ക്. ഇതുവരെ 15 ലക്ഷം പേർക്ക് രോഗം ബാധിച്ചു. വാക്സിൻ വിതരണവും മന്ദഗതിയിലാണെന്ന് ആേരാപണമുണ്ട്. രാജ്യം ആരോഗ്യ അടിയന്തിരാവസ്ഥയുടെ വക്കിലാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് വ്യാപനമുണ്ടായിട്ടും ഈ വർഷം ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനവും എതിർപ്പിനിടയാക്കി.
അതേസമയം, കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽ.ഡി.പി)യുടെ യോഗത്തിൽ സുഗ പറഞ്ഞതായി പാർട്ടി സെക്രട്ടറി ജനറലിനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. എൽ.ഡി.പിക്ക് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പായിട്ടും സുഗയുടെ പിന്മാറ്റം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.