ഹാരി പോട്ടർ രചയിതാവ് ജെ.കെ. റൗളിങ്ങിനെതിരെയും വധഭീഷണി
text_fieldsലണ്ടൻ: പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദിക്കെതിരെ നടന്ന വധശ്രമത്തിന് പിന്നാലെ ഹാരി പോട്ടർ സീരീസ് രചയിതാവായ ജെ.കെ. റൗളിങ്ങിനെതിരെയും വധഭീഷണി. "അടുത്തത് നിങ്ങളാണ്" എന്നായിരുന്നു ട്വിറ്ററിൽ റൗളിങ്ങിന് വന്ന കമന്‍റ്. റുഷ്ദിക്കെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് റൗളിങ്ങ് നടത്തിയ ട്വീറ്റിന് കമന്‍റ് ആയാണ് ഭീഷണി ഉയർന്നത്. ആക്രമണം "ഭയപ്പെടുത്തുന്ന"താണെന്നായിരുന്നു റൗളിങ്ങിന്‍റെ കമന്‍റ്. ഭീഷണി വന്നതോടെ എന്തെങ്കിലും സഹായം ട്വിറ്ററിൽ നിന്ന് ലഭിക്കുന്നതിനായി റൗളിങ്ങ് വീണ്ടും പോസ്റ്റ് ഇട്ടിരുന്നു.
ഭീഷണി സന്ദേശം അയച്ച ആൾ ഹാഡി മാതറിനെ പ്രശംസിക്കുകയും ചെയ്തു. "ഹാഡി മാതർ വിപ്ലവകാരിയായ ശിയ മുസ്‍ലിമാണ്. ഇറാൻ നേതാവായിരുന്ന ആയത്തുല്ല ഖുമേനി റുഷ്ദിക്കെതിരെ പുറപ്പെടുവിച്ച ഫത്‍വ മാതർ നടപ്പിലാക്കി," എന്നും സന്ദേശത്തിൽ പറയുന്നു.
എൽ.ജി.ബി.ടി.ക്യു സമൂഹത്തെ ആക്ഷേപിക്കുന്ന തരത്തിൽ റൗളിങ് മുമ്പ് നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിനെതിരെ വ്യാപകമായി പ്രതിഷേധങ്ങളുണ്ടായി.
അമേരിക്കയിൽ സാഹിത്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയ റുഷ്ദിയെ ഹാഡി മാതർ എന്ന യുവാവ് വേദിയിൽ കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന റുഷ്ദിയുടെ ആരോഗ്യ നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. 1988ൽ പുറത്തിറങ്ങിയ 'ദി സാറ്റനിക് വേഴ്സസ്' എന്ന വിവാദ പുസ്തകത്തിന് ശേഷം ഇറാൻ റുഷ്ദിക്കെതിരെ വധശിക്ഷ വിധിച്ചിരുന്നു. ഇന്ത്യ അടക്കം പല രാജ്യങ്ങളും പുസ്തകം നിരോധിച്ചു. തുടർന്നുള്ള മൂന്ന് പതിറ്റാണ്ടുകൾക്ക് മേൽ റുഷ്ദി വധഭീഷണി നേരിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.