ബൈഡൻ, നിങ്ങൾ നീതിബോധത്തെ കീറിമുറിച്ചു -യു.എസിന് തുറന്ന കത്തുമായി ഇന്തോനേഷ്യ
text_fieldsഗസ്സ: ഇന്തോനേഷ്യയുടെ സാമ്പത്തിക സഹായത്തോടെ വടക്കൻ ഗസ്സയിൽ പ്രവർത്തിക്കുന്ന ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ക്രൂരമായ ആക്രമണത്തെ അപലപിച്ച് ഇന്തോനേഷ്യ. ആക്രമണത്തെ പിന്തുണക്കുന്നതിലൂടെ അമേരിക്കയും പ്രസിഡന്റ് ജോ ബൈഡനും മനുഷ്യത്വത്തെ കളങ്കപ്പെടുത്തിയതായും നീതിബോധത്തെ കീറിമുറിച്ചതായും ജോ ബൈഡന് എഴുതിയ തുറന്ന കത്തിൽ ഇന്തോനേഷ്യൻ മെഡിക്കൽ എമർജൻസി റെസ്‌ക്യൂ കമ്മിറ്റി മേധാവി സർബിനി അബ്ദുൽ മുറാദ് പറഞ്ഞു.
യു.എസ് ഇസ്രായേലിനൊപ്പം നിൽക്കുന്നത് വളരെ നിർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വെടിനിർത്തൽ ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. “നിങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചു. ഐക്യരാഷ്ട്ര സഭയുടെ അധികാരത്തെ അപമാനിച്ചു. നീതിബോധത്തെ കീറിമുറിച്ചു. മാനുഷിക മൂല്യങ്ങളെ വ്രണപ്പെടുത്തി. മനുഷ്യ നാഗരികതയെ തന്നെ കളങ്കപ്പെടുത്തി” -കത്ത് തുടർന്നു.
"ഞങ്ങൾ ഇന്തോനേഷ്യൻ ജനതയും ലോകമെമ്പാടുമുള്ളവരും ഇസ്രായേലി സയണിസ്റ്റ് കൊളോണിയലിസത്തിൽ നിന്ന് ഫലസ്തീൻ ഭൂമിയെ മോചിപ്പിക്കുന്നതിനുള്ള പോരാട്ടത്തെ തുടർന്നും പിന്തുണയ്ക്കും" ബൈഡനുള്ള കത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ അൽശിഫ ആശുപത്രി തകർത്ത് നരവേട്ട നടത്തിയ ഇസ്രായേൽ, അവിടെയുള്ള രോഗികളെ ഒഴിപ്പിച്ചതിനു പിന്നാലെ ഗസ്സ ബൈത് ലാഹിയയിലെ ഇന്തോനേഷ്യൻ ആശുപത്രിയും ഇസ്രായേൽ അധിനിവേശ സേന വളഞ്ഞിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഇരച്ചെത്തിയ ഇസ്രായേലി ടാങ്കുകൾ ആശുപത്രിക്കുനേരെ നടത്തിയ വെടിവെപ്പിൽ 12 പേരാണ് കൊല്ലപ്പെട്ടത്.
600ഓളം രോഗികളും 200 ജീവനക്കാരും 2000 അഭയാർഥികളുമടങ്ങുന്നവരുടെ സ്ഥിതി ആശങ്കാജനകമാണെന്ന് ഗസ്സ ആരോഗ്യമന്ത്രാലയ വക്താവ് അശ്റഫ് അൽ ഖുദ്റ അറിയിച്ചു. ഇവിടെ ചികിത്സയിലുള്ള വ്യോമാക്രമണത്തിൽ ഗുരുതരമായി മുറിവേറ്റവരടക്കമുള്ളവരെ മറ്റ് ആശുപത്രിയിലേക്ക് മാറ്റാൻ ലോകാരോഗ്യ സംഘടനയുടെ സഹായം തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.