'ഇന്ധനവില വർധനവിന് കാരണം നിങ്ങളാണ്': ഇംറാൻ ഖാനെതിരെ ശഹ്ബാസ് ശരീഫ്
text_fieldsഇസ്ലാമാബാദ്: പാപ്പരത്തത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ഇന്ധനവില വർധിപ്പിക്കുന്നത് അനിവാര്യമാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്. വ്യാഴാഴ്ച പാകിസ്താനിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില ലിറ്ററിന് 30 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. നിലവിലെ പെട്രോൾ വില 179 രൂപയും ഡീസലിന് 174 രൂപയും മണ്ണെണ്ണ വില 155 രൂപയുമാണ്. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് (ഐ.എം.എഫ്) സഹായ പാക്കേജ് ലഭിക്കുന്നതിന് ഇന്ധനവില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി, ദുർബല വിഭാഗങ്ങൾക്കായി ദുരിതാശ്വാസ പാക്കേജും പ്രഖ്യാപിച്ചു.
കടുത്ത ഹൃദയ വേദനയോടെയാണ് വില വർധിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്ന് ശഹ്ബാസ് ശരീഫ് പറഞ്ഞു. പ്രതികൂലമായ സാമ്പത്തിക സാഹചര്യം കാരണമാണ് ഈ തീരുമാനമെടുക്കേണ്ടി വന്നത്. ആഗോള വിപണിയിൽ പെട്രോളിയം വിലയിലുണ്ടായ അവിശ്വസനീയമായ വിലക്കയറ്റമാണ് ഇതിന് കാരണമെന്ന് ശഹ്ബാസ് ശരീഫ് വ്യക്തമാക്കി. ഇന്ധന വിലവർധനവിന്‍റെ ആഘാതം ലഘൂകരിക്കുന്നതിന് ഏകദേശം 14 ദശലക്ഷം കുടുംബങ്ങൾക്ക് പ്രതിമാസം 2,000 രൂപ നൽകുന്നതിന് 28 ബില്യൺ രൂപയുടെ ദുരിതാശ്വാസ പാക്കേജ് ആണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
നിലവിലെ ഇന്ധനവില വർധനവിന് കാരണം മുൻ സർക്കാരാണെന്ന് ശഹ്ബാസ് ശരീഫ് കുറ്റപ്പെടുത്തി. ഐ.എം.എഫുമായി ഉണ്ടാക്കിയ കരാറിലെ കടുത്ത വ്യവസ്ഥകൾ അംഗീകരിക്കാൻ മുൻ സർക്കാർ നിർബന്ധിതരായി. ഇന്ന് വിലക്കയറ്റം കൊണ്ട് നിങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. നിങ്ങളാണ് ഈ സ്ഥിതിയിലേക്ക് രാജ്യത്തെ തള്ളിവിട്ടത്, ഞങ്ങളല്ലെന്ന് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ ലക്ഷ്യമിട്ട് ശഹ്ബാസ് ശരീഫ് പറഞ്ഞു.
അഴിമതി നിറഞ്ഞ സർക്കാറിനെ പുറത്താക്കിയത് ജനങ്ങളുടെ ആവശ്യ പ്രകാരമാണെന്നും ശഹ്ബാസ് ശരീഫ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസമാണ് ഇംറാൻ ഖാൻ സർക്കാറിനെ അവിശ്വാസ പ്രമേയത്തിലൂടെ അധികാരത്തിൽ നിന്നും പുറത്താക്കിയത്. പിന്നീട് പി.എം.എൽ (എൻ) നേതാവ് ശഹ്ബാസ് ശരീഫ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.