പ്രിയപ്പെട്ട പ്രസിഡന്‍റ് വീണ്ടും വരുന്നൂവെന്ന് ട്രംപ്; 'ട്രൂത്ത് സോഷ്യൽ' ഉടന്‍ പുറത്തിറങ്ങും, ആദ്യ പോസ്റ്റ് വെളിപ്പെടുത്തി മകൻ
text_fieldsവാഷിങ്ടൺ ഡി.സി: മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ ഉടമസ്ഥതയിൽ തുടക്കമിടുന്ന പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉടന്‍ പുറത്തെത്തുമെന്ന് റിപ്പോർട്ട്. 'ട്രൂത്ത് സോഷ്യൽ' എന്ന് പേരിട്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഈ മാസം അവസാനത്തോടെ പുറത്തിറങ്ങിയേക്കും. ട്രൂത്ത് സോഷ്യലിന്‍റെ പ്രഖ്യാപനത്തിന്‍റെ ഭാഗമായി ഡോണൾഡ് ട്രംപിന്‍റെ ആദ്യ പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ട് മകന്‍ ഡോണൾഡ് ട്രംപ് ജൂനിയർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. 'നിങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റിനെ വീണ്ടും കാണാന്‍ തയ്യാറാകൂ' എന്നാണ് ട്രൂത്ത് സോഷ്യലിൽ ട്രംപിന്‍റെ ആദ്യ പോസ്റ്റ്. കഴിഞ്ഞ ഒരു വർഷമായി ഫേസ്ബുക്ക്, ട്വിറ്റർ, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നു.
ട്വിറ്ററിന് സമാനമായ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ, ട്രെൻഡിങ് വിഷയങ്ങളെക്കുറിച്ച് ആളുകൾക്ക് ചർച്ചചെയ്യാനും സംസാരിക്കാനുമുള്ള അവസരം നൽകുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ട്വീറ്റുകൾക്ക് പകരം 'ട്രൂത്ത്സ്' എന്ന പേരിലായിരിക്കും ഇതിലെ പോസ്റ്റുകൾ അറിയപ്പെടുക. ഇഷ്ട്ടമുള്ള വ്യക്തികളെ പിന്തുടരാനുള്ള സൗകര്യവും ഇതിൽ ലഭ്യമാണ്. ഫെബ്രുവരി 10ന് ഇതിൽ അക്കൗണ്ട് തുടങ്ങിയ ട്രംപിനെ 175 ആളുകൾ നിലവിൽ പിന്തുടരുന്നുണ്ട്. നിലവിൽ മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് 'ട്രൂത്ത് സോഷ്യൽ' ലഭ്യമാകുന്നുണ്ട്. ഈ മാസം അവസാനത്തോടെയാണ് എല്ലാവർക്കും ലഭ്യമാകുക.
കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പിന് പിന്നാലെ ട്രംപിന്റെ നിർദേശപ്രകാരം അനുകൂലികൾ അമേരിക്കയിലെ ക്യാപിറ്റോൾ കെട്ടിടം ആക്രമിച്ചതിനെ തുടർന്നാണ് ഫേസ്ബുക്ക്, ട്വിറ്റർ, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്‍റെ അക്കൗണ്ടുകൾ സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. ഈ നടപടിയെ എതിർത്ത്കൊണ്ട് സ്വന്തമായൊരു സോഷ്യൽ മീഡിയ കമ്പനി ആരംഭിക്കുമെന്ന് ട്രംപ് അന്ന് വെല്ലുവിളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.