ട്വിറ്ററിനും ഫേസ്ബുക്കിനും പിന്നാലെ ട്രംപിന്‍റെ യൂട്യൂബ് അകൗണ്ടും പൂട്ടി
text_fieldsവാഷിങ്ടൺ: സമൂഹ മാധ്യമങ്ങളായ ട്വിറ്ററിനും ഫേസ്ബുക്കിനും പിന്നാലെ അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ യൂട്യൂബ് അകൗണ്ടും പൂട്ടി. ഏഴ് ദിവസത്തേക്ക് പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യാനാകാത്തവിധം താൽക്കാലിക സസ്പെൻഷനാണ് യൂട്യൂബ് ട്രംപ് ചാനലിന് നൽകിയത്. 'അക്രമത്തിനുള്ള സാധ്യത' കണക്കിലെടുത്താണ് നടപടിയെന്നും ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് അറിയിച്ചു.
'രാജ്യത്ത് അക്രമത്തിനുള്ള സാധ്യതകളുടെ വെളിച്ചത്തിൽ ഞങ്ങളുടെ നയങ്ങൾ ലംഘിച്ചതിന് ഡൊണാൾഡ് ജെ. ട്രംപിന്‍റെ ചാനലിലേക്ക് അപ്‌ലോഡ് ചെയ്ത പുതിയ വീഡിയോ നീക്കംചെയ്യുന്നു' -യൂട്യൂബ് പ്രസ്താവനയിൽ പറഞ്ഞു. 'കുറഞ്ഞത് 7 ദിവസത്തേക്ക് പുതിയ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നതിൽ നിന്ന് താൽക്കാലികമായി തടഞ്ഞിരിക്കുന്നു' എന്നും പ്രസ്താവനയിൽ പറയുന്നു.
യുഎസ് ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന ആക്രമണത്തെത്തുടർന്ന് ട്രംപിന്‍റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ അകൗണ്ടുകളുടെ പ്രവർത്തനം കഴിഞ്ഞ ആഴ്ച നിർത്തിവച്ചിരുന്നു. സസ്‌പെൻഷൻ പ്രഖ്യാപിച്ച ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് 'അക്രമത്തെ പ്രേരിപ്പിക്കാൻ ട്രംപ് ഈ വേദി ഉപയോഗിച്ചുവെന്നും അത് തുടരുമെന്ന് ആശങ്കയുണ്ടെന്നും പറഞ്ഞിരുന്നു. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അകൗണ്ടുകൾ താൽക്കാലികമായി സസ്പെൻഡ് ചെയ്തപ്പോൾ ട്വിറ്റർ ഒരു പടി കൂടി കടന്ന് അകൗണ്ട് പൂർണമായും അടച്ചുപൂട്ടുകയായിരുന്നു.
ഇതോടൊപ്പം ട്രംപിനെ അനുകൂലിച്ച് നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പടച്ചുവിട്ട 70,000ത്തിലധികം അകൗണ്ടുകളും കമ്പനി നിർത്തലാക്കിയിട്ടുണ്ട്. ട്രംപിന്‍റെ യൂട്യൂബ് അകൗണ്ടിന് 2.77 ദശലക്ഷം വരിക്കാരുണ്ടായിരുന്നു. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ വോട്ടിങ് പ്രക്രിയയിൽ ട്രംപ് സംശയം ജനിപ്പിക്കുന്ന ഒരു മാസം പഴക്കമുള്ള വീഡിയോ ആണ് അവസാനമായി ട്രംപ് ചാനലിൽ അപ്‌ലോഡ് ചെയ്തത്. ഇതിന് 5.8 ദശലക്ഷം കാഴ്ച്ചക്കാരെ ലഭിച്ചു. ട്രംപിന്‍റെ അകൗണ്ട് സസ്പെൻഡ് ചെയ്യണമെന്ന് നിരവധി ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ യൂട്യൂബിനോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.