ടീഷർട്ടിലെ എഴുത്ത് പണിയായി; സാറക്കെതിരെ വൻ വിമർശനം, സ്റ്റോറിൽ നിന്നും ഉൽപന്നം പിൻവലിച്ച് തടിയൂരി
text_fieldsകുട്ടികളുടെ ടീഷർട്ടിൽ എഴുതിയ വാചകത്തിന്റെ പേരിൽ ഉൽപന്നം പിൻവലിച്ച് സാറ. ദ്വയാർഥം വരുന്ന വാചകമാണ് സാറ ടീഷർട്ടിൽ ഉൾപ്പടെുത്തിയതെന്ന വിമർശനം കടുത്തതോടെയാണ് മാപ്പ് പറഞ്ഞ് ഉൽപന്നം പിൻവലിച്ച് കമ്പനിക്ക് തലയൂരേണ്ടി വന്നത്.
14 ഡോളർ വില വരുന്ന ടീഷർട്ടാണ് കമ്പനിക്ക് പിൻവലിക്കേണ്ടി വന്നത്. "The Perfect Snack" എന്നാണ് ടീഷർട്ടിൽ സാറ എഴുതിയിരുന്നത്. ഒരു സ്ട്രോബറിയുടെ ചിത്രവും ടീഷർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. ദ്വയാർഥം നിറഞ്ഞതാണ് ടീഷർട്ടിലെ എഴുത്തും ചിത്രവുമെന്ന് കമ്പനിയുടെ സ്റ്റോറിലെത്തിയ ഒരാൾ ആരോപണം ഉന്നയിച്ചതോടെ സംഭവം വിവാദമായത്.
ടീഷർട്ടിന്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുക കൂടി ചെയ്തതോടെ വിവിധ കോണുകളിൽ നിന്നും വൻ വിമർശനം ഉയർന്നു. ഇതോടെ സംഭവത്തിൽ വിശദീകരണവുമായി സാറ തന്നെ രംഗത്തെത്തി. ടീഷർട്ടിലെ വാചകങ്ങൾ ദ്വയാർഥം ഉദ്ദേശിച്ചല്ല ഉൾപ്പെടുത്തിയതെന്ന് സാറ വിശദീകരിച്ചു.
എന്നാൽ, ഈ വാചകങ്ങളെ ചിലർ വേറൊരു രീതിയിലാണ് കാണുന്നതെന്ന് തങ്ങൾ മനസിലാക്കുന്നു. അതിനാൽ സ്റ്റോറുകളിൽ നിന്നും വെബ്സൈറ്റിൽ നിന്നും ഉൽപന്നം പിൻവലിക്കുകയാണെന്നും സാറ അറിയിച്ചു.
നേരത്തെ ഗസ്സയിൽ നടക്കുന്ന ഇസ്രായേൽ നരനായാട്ടിനെ പിന്തുണക്കുന്ന തരത്തിൽ പുറത്തിറങ്ങിയ സാറയുടെ പരസ്യചിത്രം വലിയ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. ഫലസ്തീനികളുടെ യാതനകളെയും ദുരിതങ്ങളെയും അപഹസിക്കുന്ന തരത്തിലുള്ള പരസ്യചിത്രത്തിന്റെ പേരിൽ കമ്പനിക്കെതിരെ ബഹിഷ്‌ക്കരണാഹ്വാനവും ശക്തമാണ്.
അമേരിക്കൻ മോഡലായ ക്രിസ്റ്റൻ മക്‌മെനാമി അഭിനയിച്ച സാറയുടെ പരസ്യചിത്രത്തിലാണു വിവാദരംഗങ്ങളുള്ളത്. 'ദി ജാക്കറ്റ്' എന്ന പേരിലാണ് പരസ്യകാംപയിൻ പുറത്തിറക്കിയത്. കരകൗശലത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയും കലാ ആവിഷ്‌ക്കാരങ്ങളോടുള്ള അഭിനിവേശവും ആഘോഷിക്കുന്ന പരിമിതമായ പതിപ്പാണിതെന്നു പറഞ്ഞാണു പുതിയ മോഡൽ വസ്ത്രം പരിചയപ്പെടുത്തുന്നത്.
എന്നാൽ, പരസ്യചിത്രത്തിന്റെ പശ്ചാത്തലമാണു വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. കഫൻപുടവയിൽ പൊതിഞ്ഞ ഫലസ്തീൻ കുഞ്ഞുങ്ങളുടെ ചിത്രങ്ങളും തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുമെല്ലാമാണു പശ്ചാത്തലത്തിൽ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നതെന്നാണു വിമർശനമുയരുന്നത്. ഫലസ്തീന്‍ ഭൂപടത്തിനു സമാനമായ ചിത്രീകരണങ്ങളും കൂട്ടത്തിലുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. തുടർന്ന് സാറക്കെതിരെ ബഹിഷ്‍കരണാഹ്വാനവും ശക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.