സവാഹിരി വധം; പഴിചാരി യു.എസും താലിബാനും
text_fieldsകാബൂൾ: അൽഖാഇദ തലവൻ അയ്മൻ അൽസവാഹിരിയുടെ വധത്തിനുശേഷം ദോഹ കരാർ ലംഘിച്ചതായി പരസ്പരം പഴിചാരി കാബൂളും വാഷിങ്ടണും. കാബൂളിലെ വീട്ടിൽ യു.എസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ അൽഖാഇദ തലവനെ വധിച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് പ്രഖ്യാപിച്ചത്. കാബൂളിൽ അൽഖാഇദ നേതാവിന് അഭയം നൽകി താലിബാൻ ദോഹ ഉടമ്പടിയുടെ ലംഘനമാണ് നടത്തിയതെന്നും മറ്റു രാജ്യങ്ങളുടെ സുരക്ഷക്കു ഭീഷണിയായി അഫ്ഗാൻ പ്രദേശം ഭീകരർക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ലോകത്തോട് ആവർത്തിക്കുന്നതായും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് വ്യോമാക്രമണം സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, 2020 ഫെബ്രുവരി 29ന് ഖത്തറിൽ ഇരുവിഭാഗവും ഒപ്പിട്ട കരാർ യു.എസ് ലംഘിച്ചതായി അദ്ദേഹം ആരോപിച്ചു.'താലിബാൻ സുരക്ഷ, രഹസ്യാന്വേഷണ ഏജൻസികൾ സംഭവം അന്വേഷിച്ചു. അവരുടെ പ്രാഥമിക അന്വേഷണത്തിൽ ആക്രമണം നടത്തിയത് അമേരിക്കൻ ഡ്രോണുകളാണെന്ന് കണ്ടെത്തിയതായും മുജാഹിദ് പ്രസ്താവനയിൽ പറഞ്ഞു. ദോഹയിൽ ഒപ്പുവെച്ച കരാറിൽ അൽഖാഇദ ശൃംഖലയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ടിരുന്നു.
'അൽഖാഇദ പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം താലിബാൻ വിച്ഛേദിക്കണമെന്നും അഫ്ഗാനിസ്താനിൽനിന്ന് യു.എസിനെതിരെ പ്രവർത്തിക്കാൻ ഈ ഗ്രൂപ്പുകളെ അനുവദിക്കരുതെന്നും ദോഹ കരാർ പറയുന്നതായി രാഷ്ട്രീയ നിരീക്ഷകനായ ടോറെക് ഫർഹാദി പറഞ്ഞു. ഡ്രോൺ ആക്രമണത്തിൽ സിവിലിയന്മാരെ കൊലപ്പെടുത്തിയ ചരിത്രമാണ് യു.എസിന്റേത്.
2006 ജനുവരിയിൽ സവാഹിരി എത്തുന്നതായി സംശയിച്ച് പാകിസ്താൻ ഗോത്രമേഖലയായ ബജൗറിലെ ഗ്രാമമായ ഡമഡോലയിലെ ഒരു വീടിനുനേരെ സി.ഐ.എ പ്രിഡേറ്റർ ഡ്രോണുകൾ മിസൈലുകൾ തൊടുത്തുവിട്ടിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നു. അന്ന് സവാഹിരിക്കു പകരം 18 ഗ്രാമവാസികളാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.