'ഇത് റഷ്യൻ ഭീകരത'; ഒഡേസയിലെ മിസൈൽ ആക്രമണത്തിനെതിരെ സെലൻസ്കി
text_fieldsകിയവ്: യുക്രെയ്നിലെ ഒഡേസയിൽ നടന്ന മിസൈലാക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ റഷ്യക്കെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. റഷ്യ ഭരണകൂട ഭീകരതയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് സെലൻസ്കി കുറ്റപ്പെടുത്തി.
40-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും സെലൻസ്കി പറഞ്ഞു. ഇത് ആസൂത്രിതമായ റഷ്യൻ ഭീകരാക്രമണമാണെന്നും അറിയാതെ സംഭവിച്ച തെറ്റല്ലെന്നും സെലൻസ്കി ചൂണ്ടിക്കാട്ടി.
ഒമ്പത് നിലകളുള്ള ഒരു സാധാരണ കെട്ടിട സമുച്ചയത്തിൽ മൂന്ന് മിസൈലുകളാണ് പതിച്ചത്. കെട്ടിടത്തിനകത്ത് ആരും തന്നെ ആയുധങ്ങളോ സൈനിക ഉപകരണങ്ങളോ ഒളിപ്പിച്ചിരുന്നില്ല. സാധാരണക്കാരാണ് അവിടെ താമസിച്ചിരുന്നെതെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
സമാന രീതിയിൽ ഈ ആഴ്ച ആദ്യം ക്രെമെൻചുകിലെ ഒരു ഷോപ്പിങ് മാളിൽ നടന്ന മിസൈലാക്രമണത്തിൽ 18 പേരാണ് കൊല്ലപ്പെട്ടത്. സാധാരണക്കാർക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ ലോക രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ആക്രമണത്തിൽ പങ്കില്ലെന്നാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ പ്രതികരിച്ചത്.
ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് ഒഡേസയിൽ വീണ്ടും ആക്രമണം നടന്നത്. എന്നാൽ, ഇതിനോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. മനുഷ്യത്വരഹിതമായ ആക്രമണമാണ് ഒഡേസയിൽ റഷ്യ നടത്തിയതെന്ന് ജർമ്മനി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.