ജി 7 ഉച്ചകോടിയിൽ സെലൻസ്കി; യുക്രെയ്ന് യുദ്ധവിമാനങ്ങൾ നൽകാൻ സഖ്യരാജ്യങ്ങളെ അനുവദിച്ച് യു.എസ്
text_fieldsഹിരോഷിമ: സമ്പന്നരാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7 ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിന് ജപ്പാനിലെ ഹിരോഷിമയിൽ എത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിക്ക് ഉജ്ജ്വല സ്വീകരണം. സെലൻസ്കിയെ ആലിംഗനം ചെയ്ത് എതിരേറ്റ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘നിങ്ങൾ അത് നേടി’ എന്ന വാക്കുകളോടെയാണ് സുനക് അദ്ദേഹത്തെ സ്വീകരിച്ചത്. വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ സെലൻസ്കി ട്വിറ്ററിൽ കുറിച്ചു; ‘സമാധാനം സമീപത്തായിരിക്കും’.
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോകനേതാക്കളുമായി സെലൻസ്കി നടത്തുന്ന കൂടിക്കാഴ്ച ഏറെ നിർണായകമായിരിക്കും. അവസാന നിമിഷം വരെ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് അറുതിവരുത്തിയാണ് ഫ്രഞ്ച് വിമാനത്തിൽ സെലൻസ്കി ഹിരോഷിമയിൽ എത്തിയത്. സെലൻസ്കിയുടെ സന്ദർശന വാർത്ത പുറത്തുവന്നതുമുതൽ ജി 7 ഉച്ചകോടിയുടെ ശ്രദ്ധാകേന്ദ്രവും അദ്ദേഹമായി മാറി.
എഫ് -16 ഉൾപ്പെടെ യുദ്ധവിമാനങ്ങൾ യുക്രെയ്ന് നൽകാൻ സഖ്യരാജ്യങ്ങൾക്ക് അമേരിക്ക അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് സെലൻസ്കി ജപ്പാനിൽ എത്തിയത്. റഷ്യക്കെതിരെയുള്ള പോരാട്ടത്തിൽ യുക്രെയ്ന് കൂടുതൽ കരുത്ത് നൽകുന്നതാണ് യുദ്ധവിമാനങ്ങൾ നൽകാനുള്ള തീരുമാനം. അതേസമയം, പാശ്ചാത്യരാജ്യങ്ങൾ യുക്രെയ്‌ന് എഫ് -16 ജെറ്റുകൾ നൽകിയാൽ വലിയ അപകടസാധ്യത നേരിടേണ്ടിവരുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.
യുക്രെയ്ന് യുദ്ധവിമാനങ്ങൾ നൽകാൻ അനുമതി നൽകിക്കൊണ്ടുള്ള തീരുമാനം ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന സഖ്യരാജ്യങ്ങളെ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചതായി യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സുള്ളിവൻ പറഞ്ഞു. യുദ്ധ വിമാനങ്ങൾ പറത്താനുള്ള പരിശീലനം യുക്രെയ്ൻ പൈലറ്റുമാർക്ക് യു.എസ് സേന നൽകും. ആധുനിക യുദ്ധവിമാനങ്ങൾ നൽകണമെന്ന് ദീർഘനാളായി യുക്രെയ്ൻ ആവശ്യപ്പെട്ടുവരുകയാണ്. അമേരിക്കയുടെ തീരുമാനം ചരിത്രപരമാണെന്ന് സെലൻസ്കി പറഞ്ഞു.
യുക്രെയ്ന് നയതന്ത്ര, സാമ്പത്തിക, മാനുഷിക, സൈനിക പിന്തുണ നൽകുമെന്ന് ജി 7 ഉച്ചകോടി പ്രഖ്യാപിച്ചു. യുദ്ധത്തിന്റെ പ്രത്യാഘാതം നേരിടുന്ന ഇതരരാജ്യങ്ങളെ സഹായിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യയുടെമേൽ സമ്മർദംചെലുത്തണമെന്ന് ചൈനയോടും ഉച്ചകോടി ആവശ്യപ്പെട്ടു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുമായും ശനിയാഴ്ച രാവിലെ സെലൻസ്കി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.