ലോകം ആണവദുരന്തത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെന്ന് സെലൻസ്കി
text_fieldsകിയവ്: യുക്രെയ്‌നിൽ റഷ്യ കൈവശപ്പെടുത്തിയ സപോറിഷിയ ആണവനിലയത്തിൽ ശേഷിക്കുന്ന രണ്ടു റിയാക്ടറുകളിലെ വൈദ്യുതിബന്ധം നിലച്ചതിനെ തുടർന്നുണ്ടായ ആണവദുരന്തത്തിൽനിന്ന് ലോകം കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. നിലയത്തിന് സമീപമുള്ള കൽക്കരി വൈദ്യുതി സ്റ്റേഷനുമായി ബന്ധപ്പെട്ടുണ്ടായ തീപിടിത്തം രാജ്യത്തിന്റെ വൈദ്യുതി ലൈനുമായുള്ള ആണവ റിയാക്ടറുകളുടെ ബന്ധം വിച്ഛേദിച്ചതായി യുക്രെയ്നിലെ ആണവ കമ്പനിയായ എനർഗോട്ടം പറഞ്ഞു. തീപിടിത്ത കാരണം റഷ്യൻ ഷെല്ലാക്രമണമാണെന്നും സെലൻസ്‌കി കുറ്റപ്പെടുത്തി.
ബുധനാഴ്ച എടുത്ത സാറ്റലൈറ്റ് ചിത്രങ്ങൾ ആണവ സമുച്ചയത്തിന്റെ തൊട്ടടുത്ത് വൻതോതിൽ തീ പടരുന്നതായി വ്യക്തമാക്കുന്നു. തീപിടിത്തത്തിൽ വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിന്റെ ഫലമായി വ്യാഴാഴ്‌ച സ്റ്റേഷനിൽ പ്രവർത്തിക്കുന്ന രണ്ടു വൈദ്യുതി യൂനിറ്റുകൾ നെറ്റ്‌വർക്കിൽനിന്ന് വിച്ഛേദിക്കപ്പെട്ടു. വെള്ളിയാഴ്‌ച ഉച്ചക്കുശേഷം പ്ലാന്റ് വൈദ്യുതിലൈനുമായി വീണ്ടും ബന്ധിപ്പിച്ചതായും ആറു റിയാക്ടറുകളിലൊന്ന് വൈദ്യുതി നൽകുന്നതായും എനർഗോട്ടം അറിയിച്ചു.
തുടർച്ചയായ വൈദ്യുതി ഉറപ്പാക്കാൻ ബാക്ക്-അപ് ഡീസൽ ജനറേറ്ററുകൾ ഉടൻ പ്രവർത്തനമാരംഭിച്ചതാണ് ആശ്വാസമായത്. പ്രദേശത്തെ റഷ്യൻ നിയുക്ത ഗവർണർ യെവ്ജെനി ബാലിറ്റ്‌സ്‌കി ആക്രമണത്തിൽ യുക്രെയ്ൻ സൈന്യത്തെ കുറ്റപ്പെടുത്തി. അതിനിടെ, യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് സമീപം നടത്തുന്ന ആക്രമണത്തിൽ ആശങ്കയേറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.