അമേരിക്ക പ്രഖ്യാപിച്ച പുതിയ ആയുധ പാക്കേജിൽ നന്ദി പറഞ്ഞ് സെലൻസ്കി
text_fieldsകിയവ്: യുക്രെയ്ന്‍റെ കിഴക്കൻ മേഖലകളിൽ റഷ്യൻ ആക്രമണം കനക്കുന്നതിനിടെ, രാജ്യത്തിന് വേണ്ടി അധിക ആയുധവിതരണത്തിന് തയ്യാറായ അമേരിക്കയോട് നന്ദിയുള്ളവനാണെന്ന് പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് സെലൻസ്കിയുടെ പ്രതികരണം.
നമ്മുടെ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നതിനായി ഒരു ബില്യൺ ഡോളറിന്റെ പുതിയ പിന്തുണാ പാക്കേജ് അമേരിക്ക പ്രഖ്യാപിച്ചു. കിഴക്കൻ മേഖലയായ ഡോൺബോസിൽ നിന്ന് റഷ്യൻ സൈന്യത്തെ പ്രതിരോധിക്കാൻ ഈ ആയുധങ്ങൾ വളരെ പ്രധാനമാണ്. ഈ പിന്തുണക്ക് എന്നും അമേരിക്കയോട് നന്ദിയുള്ളവനായിരിക്കുമെന്ന് സെലൻസ്കി പറഞ്ഞു.
കൂടുതൽ പീരങ്കികൾ, തീരദേശ പ്രതിരോധ സംവിധാനങ്ങൾ, പീരങ്കികൾക്കുള്ള വെടിമരുന്ന്, യുക്രെയ്ൻ ഇതിനകം ഉപയോഗിക്കുന്ന നൂതന റോക്കറ്റ് സംവിധാനങ്ങൾ എന്നിവയുൾപ്പെടെ ഒരു ബില്യൺ ഡോളറിന്റെ ആയുധ പാക്കേജാണ് ബൈഡൻ ബുധനാഴ്ച പ്രഖ്യാപിച്ചത്. യുദ്ധഭൂമിയിലെ തന്ത്രപരമായ സാഹചര്യത്തെക്കുറിച്ചും രാജ്യത്തിന്‍റ വിജയം എങ്ങനെ ത്വരിതപ്പെടുത്താമെന്നതിനെക്കുറിച്ചും താൻ യു.എസ് പ്രസിഡന്റുമായി ചർച്ച ചെയ്തതായി സെലൻസ്കി പറഞ്ഞു.
റഷ്യൻ അധിനിവേശത്തെ നേരിടാൻ കൂടുതൽ ആയുധങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഇനിയും യുക്രെയ്ന് സഹായം ആവശ്യമാണ്. ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും ലഭിക്കുന്നതിനായി താൻ എല്ലാ ദിവസവും പോരാടി കൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി താൻ ഫോൺ സംഭാഷണം നടത്തിയതായി സെലൻസ്കി പറഞ്ഞു. അവസാന വിജയം വരെ ബ്രിട്ടൻ യുക്രെയ്നെ പിന്തുണക്കുമെന്ന് ശേഷം ബോറിസ് ജോൺസൻ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.