റഷ്യ പിന്മാറുന്ന സ്ഥലങ്ങളിലെല്ലാം മൈനുകൾ ഉപേക്ഷിക്കുന്നു; കാഴ്ചകൾ ഭയാനകമെന്നും സെലൻസ്കി
text_fieldsറഷ്യൻ സൈന്യം പിന്മാറുന്ന കിയവിന്‍റെ പ്രാന്തപ്രദേശങ്ങളിലെല്ലാം മൈനുകൾ ഉപേക്ഷിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. വീടുകൾക്ക് ചുറ്റിലും മൈനുകൾ ഉപേക്ഷിച്ച നിലയിലാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും യുദ്ധോപകരണങ്ങളും ചിതറി കിടക്കുന്നതിനാൽ കിയവിലെ കാഴ്ചകൾ ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു.
കിയവ് മേഖലയിൽനിന്നും സമീപത്തെ ചെറുപട്ടണങ്ങളായ ഇർപിൻ, ബുച്ച, ഹോസ്റ്റോമെൽ എന്നിവിടങ്ങളിൽനിന്നും റഷ്യൻ സൈന്യം പിന്മാറിയതിനു പിന്നാലെ മേഖലയുടെ നിയന്ത്രണം യുക്രെയ്ൻ തിരിച്ചുപിടിച്ചിരുന്നു. ഞങ്ങൾ തിരിച്ചുപിടിക്കുന്ന പ്രദേശങ്ങളിൽ പോലും പഴയതുപോലെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നത് അസാധ്യമാവുകയാണെന്നും സെലൻസ്കി പറയുന്നു. റഷ്യൻ പിന്മാറുന്ന സ്ഥലങ്ങളിലെല്ലാം മൈനുകൾ സ്ഥാപിക്കുകയാണെന്ന് ചെർണീവ് ഗവർണറും കുറ്റപ്പെടുത്തി.
മൈനുകൾ മാത്രമല്ല, സിവിലിയന്മാരുടെ മൃതദേഹങ്ങളും ബുച്ചയുടെ തെരുവുകളിൽ ചിതറി കിടക്കുകയാണ്. റഷ്യൻ സൈന്യം പിന്മാറിയതോടെ കിയവിനു സമീപത്തെ വിവിധ പ്രദേശങ്ങളുടെ നിയന്ത്രണം യുക്രെയ്ൻ തിരിച്ചുപിടിച്ചിരുന്നു. കിയവിൽനിന്ന് പിന്മാറിയ റഷ്യൻ സൈന്യം, യുക്രെയ്നിന്‍റെ കിഴക്കൻ മേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്‍റെ തെളിവുകൾ യുക്രെയ്ൻ പുറത്തുവിട്ടു.
തലസ്ഥാനമായ കിയവിലും ചെർണീവിലും സൈന്യത്തെ പിൻവലിക്കുമെന്ന് നേരത്തെ തന്നെ റഷ്യ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.