'ഞങ്ങൾ നിങ്ങളെ കണ്ടെത്തും'; മിസൈലാക്രമണം നടത്തിയ പൈലറ്റുമാർക്ക് മുന്നറിയിപ്പുമായി സെലൻസ്കി
text_fieldsകിയവ്: ഞായറാഴ്ച കിയവിലെ ജനവാസ കെട്ടിടങ്ങൾക്ക് നേരെ നടന്ന മിസൈലാക്രമണത്തിൽ റഷ്യൻ പൈലറ്റുമാർക്ക് മുന്നറിയിപ്പുമായി യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. ഇത് ചെയ്തവരെയും അവർക്ക് പിന്നിലുള്ളവരെയും ഞങ്ങൾ കണ്ടെത്തുമെന്ന് സെലൻസ്കി പറഞ്ഞു.
പൈലറ്റുമാരും അവരെ അയച്ചവരും ഞങ്ങൾ നിങ്ങളെ കണ്ടെത്തുമെന്ന് ഓർക്കുക. ഇത് യുദ്ധക്കുറ്റമാണ്. ഇതിന്‍റെ വിധി നിങ്ങളയൊക്കെ കാത്തിരിക്കുകയാണെന്നും സെലൻസ്കി ഓർമിപ്പിച്ചു. ഞായറാഴ്ച കിയവിനു സമീപമുള്ള അപ്പാർട്ട്മെന്‍റുകൾക്ക് നേരെ മിസൈലാക്രമണം നടന്നിതിന് പിന്നാലെയാണ് സെലൻസ്കിയുടെ പ്രതികരണം.
ചെറിയ ഇടവേളക്ക് ശേഷം നാലോളം സ്ഫോടനങ്ങളാണ് കിയവിനു സമീപം ഞായറാഴ്ച നടന്നത്. നിങ്ങളുടെ ജീവിതം ഇനി എങ്ങനെ വേണമെന്ന് റഷ്യ തീരുമാനിച്ച് കഴിഞ്ഞെന്ന് ആക്രമണങ്ങളിൽ ഏർപ്പെട്ട റഷ്യൻ സൈനികർക്ക് മുന്നറിയിപ്പായി സെലൻസ്കി പറഞ്ഞു. നിങ്ങളുടെ ജീവന് അവർക്ക് യാതൊരു വിലയുമില്ല. നിങ്ങൾ ആരും ആരുടെയും അടിമകളല്ല. നിങ്ങൾ മരിക്കേണ്ടവരല്ല. നിങ്ങളുടെ ജീവിതത്തിൽ ഇനിയെന്താണ് നടക്കാൻ പോകുന്നതെന്ന് മറ്റൊരാളല്ല തീരുമാനിക്കേണ്ടതെന്നും അദ്ദേഹം റഷ്യൻ സൈനികരെ ഓർമിപ്പിച്ചു.
ഞായറാഴ്ച ജി 7 ഉച്ചകോടിക്കായി ജർമനിയിൽ ലോക നേതാക്കൾ ഒത്തുചേർന്ന സമയത്താണ് മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യയുടെ ക്രൂര നടപടിയാണ് ഇതെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. റഷ്യക്കെതിരെ നമ്മളെല്ലാവരും ഒരുമിക്കണമെന്നും ഉച്ചകോടിയിൽ അദ്ദേഹം സഖ്യകക്ഷികളോട് ആവശ്യപ്പെട്ടു.
യുക്രെയ്നിലെ റഷ്യൻ അധിനിവേശം, ആഗോള ഭക്ഷ്യ പ്രതിസന്ധി എന്നിവയാണ് ജി 7 ഉച്ചകോടിയിൽ പ്രധാനമായും ചർച്ച ചെയ്തത്. റഷ്യക്ക് മേലുള്ള ഉപരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി റഷ്യയിൽ നിന്നുള്ള സ്വർണ ഇറക്കുമതി നിരോധിക്കണമെന്ന് ഏഴ് രാജ്യങ്ങളിൽ നാലെണ്ണം ആവശ്യപ്പെട്ടു. ബ്രിട്ടൻ, യു.എസ്, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങൾ റഷ്യയുടെ സ്വർണ ഇറക്കുമതി നിരോധിക്കാൻ സമ്മതിച്ചതായാണ് വിവരം. അതേസമയം റഷ്യക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തണമെന്ന് യുക്രെയ്‌ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.