തുടക്കത്തിൽ ദേശീയഗാനം ആലപിച്ചില്ല; നയപ്രഖ്യാപനം വായിക്കാതെ തമിഴ്നാട് ഗവർണർ, സഭയിൽ നിന്ന് ഇറങ്ങിപ്പോയി
text_fieldsചെന്നൈ: സംസ്ഥാന സർക്കാറുമായി പോര് തുടരുന്ന ഗവർണർ ആർ.എൻ. രവി നയപ്രഖ്യാപന പ്രസംഗം മിനിറ്റുകൾക്കുള്ളിൽ അവസാനിപ്പിച്ചതിന് പിന്നാലെ തമിഴ്നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ. നയപ്രഖ്യാപനത്തിലെ ഉള്ളടക്കത്തോട് വിയോജിച്ച് അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്ന് പറഞ്ഞ് സ്പീക്കർ എം. അപ്പാവു സഭാരേഖകളിൽനിന്ന് നീക്കി.
ഗവർണറെ ഇരുത്തിയായിരുന്നു സ്പീക്കറുടെ വിമർശനം. സ്പീക്കറുടെ പ്രസംഗത്തിനിടെ ദേശീയഗാനം ആലപിക്കുന്നതിന് മുമ്പുതന്നെ ഗവർണർ ആർ.എൻ. രവി സഭവിട്ടു. കേരള സർക്കാറുമായി ഉടക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കവും ഒടുക്കവും വായിച്ച് അവസാനിപ്പിക്കുകയായിരുന്നു.
തമിഴ്നാട് നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം പൂർത്തിയാക്കാതിരുന്നത്. കഴിഞ്ഞവർഷം നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ ഒഴിവാക്കുകയും ചിലത് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. തിരുക്കുറളിലെ ഏതാനും വരികൾ ഉദ്ധരിച്ചശേഷം തമിഴിൽ സ്പീക്കർ അപ്പാവുവിനെയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും എം.എൽ.എമാരെയും അഭിവാദ്യം ചെയ്തശേഷം ഗവർണർ മിനിറ്റുകൾക്കുള്ളിൽ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
എന്നാൽ, സർക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം ഗവർണർ അംഗീകരിച്ചതാണെന്ന് സ്പീക്കർ വ്യക്തമാക്കി. സഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ ദേശീയഗാനം ആലപിക്കണമെന്ന് ഗവർണർ അഭിപ്രായപ്പെട്ടിരുന്നതായി സ്പീക്കർ പറഞ്ഞു. എന്നാൽ, സഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ തമിഴ്നാടിന്റെ സംസ്ഥാനഗാനവും ഗവർണറുടെ പ്രസംഗത്തിനുശേഷം ദേശീയഗാനവും ആലപിക്കുക എന്നതാണ് ചട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.എം കെയർ ഫണ്ടിൽ ലക്ഷക്കണക്കിന് കോടി രൂപയുണ്ടായിട്ടും ഈയിടെ വൻ പ്രളയമുണ്ടായപ്പോൾ തമിഴ്നാടിന് കേന്ദ്ര സർക്കാർ ഒരു പൈസപോലും തന്നില്ലെന്ന് സ്പീക്കർ പറഞ്ഞു. 50,000 കോടി രൂപ അനുവദിപ്പിക്കാൻ ഗവർണർക്ക് ഇടപെടാമായിരുന്നു. നിങ്ങൾ വി.ഡി. സവർക്കറുടെയും നാഥുറാം ഗോദ്സെയുടെയും അനുയായികളെക്കാൾ താഴെയല്ലെന്ന് ആരെയും പേരെടുത്ത് പറയാതെ സ്പീക്കർ പറഞ്ഞു. പിന്നാലെ ഗവർണർ എഴുന്നേറ്റു. ഇതിനിടെ ദേശീയഗാനം ആലപിക്കാൻ സ്പീക്കർ നിർദേശിച്ചെങ്കിലും ഗവർണർ സഭവിട്ടു. തുടർന്ന് മന്ത്രി ദുരൈ മുരുകൻ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം സഭാരേഖകളിൽ ഉൾപ്പെടുത്താൻ പ്രമേയം അവതരിപ്പിച്ചു. 46 പേജ് നയപ്രഖ്യാപന പ്രസംഗം രേഖകളിൽ ഉൾപ്പെടുത്താനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് സഭ പാസാക്കിയത്.
ദേശീയഗാനത്തെ ബഹുമാനിച്ചില്ല -രാജ്ഭവൻ
ചെന്നൈ: നയപ്രഖ്യാപന പ്രസംഗത്തിന് മുമ്പും ശേഷവും ദേശീയഗാനം ആലപിക്കണമെന്ന ഗവർണറുടെ ഉപദേശം സർക്കാർ അവഗണിച്ചെന്ന് രാജ്ഭവൻ വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി. ഗവർണറെ ‘നാഥുറാം ഗോദ്സെയുടെ അനുയായി’യെന്ന് സ്പീക്കർ വിളിച്ചതിനെതുടർന്നാണ് അദ്ദേഹം സഭ വിട്ടത്. സ്പീക്കർ സ്ഥാനത്തിന്റെയും സഭയുടെയും അന്തസ്സിന് ഈ പ്രവൃത്തി കളങ്കമേൽപിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ വസ്തുതാവിരുദ്ധ പരാമർശങ്ങൾ ഉണ്ടായിരുന്നതിനാൽ തിരുത്തണമെന്നാവശ്യപ്പെട്ട് തിരിച്ചയക്കുകയും മുഖ്യമന്ത്രിക്കും സ്പീക്കർക്കും കത്തയക്കുകയും ചെയ്തിരുന്നു. ദേശീയഗാനത്തിന്റെ കാര്യവും കത്തിൽ ഓർമിപ്പിച്ചിരുന്നു. എന്നാൽ, ഗവർണറുടെ നിർദേശം സർക്കാർ അവഗണിക്കുകയായിരുന്നുവെന്ന് രാജ്ഭവൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.