2021ൽ വിടപറഞ്ഞവർ
text_fieldsഅനിൽ പനച്ചൂരാൻ
മലയാള കവിയും ചലച്ചിത്ര ഗാനരചയിതാവും. കോവിഡ് ചികിത്സയിൽ കഴിയവെ ഹൃദയാഘാതത്തെ തുടർന്ന് 2021 ജനുവരി മൂന്നിന് അന്തരിച്ചു.
ഉണ്ണികൃഷ്ണൻ നമ്പൂതിരി
മലയാള ചലച്ചിത്രരംഗത്ത് മുത്തച്ഛൻ വേഷങ്ങളിൽ ശ്രദ്ധേയനായ നടനായിരുന്നു. കല്യാണരാമനിലെ വേഷം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. 2021 ജനുവരി 20ന് അന്തരിച്ചു.
ഡെന്നീസ് ജോസഫ്
മലയാള തിരക്കഥാകൃത്തും സംവിധായകനും. 1985ൽ ജേസി സംവിധാനം ചെയ്ത 'ഇൗറൻ സന്ധ്യ' എന്ന ചിത്രത്തിന് തിരക്കഥയെഴുതി ചലച്ചിത്രരംഗത്ത് കാലെടുത്തുവെച്ചു. 'മനു അങ്കിളി'ലൂടെ ആദ്യ സംവിധായകനുമായി. 2021 മേയ് 10ന് അന്തരിച്ചു.
താണു പത്മനാഭൻ
സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനായിരുന്നു മലയാളിയായ താണു പത്മനാഭൻ. പത്മശ്രീ, ഭട്നാഗർ പുരസ്കാരം, ബിർള ശാസ്ത്ര പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. 2021 സെപ്റ്റംബർ 17ന് 64ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് പുണെയിൽ അന്തരിച്ചു.
തുറവൂർ കുട്ടപ്പൻ
എറണാകുളം, കോട്ടയം ജില്ലകളിലെ നാടൻ കലാരൂപമായ മ്ലാവേലി വായനയുടെ അവതാരകൻ. കുട്ടപ്പൻ ആശാൻ എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം മ്ലാവേലി വായനയെ ജനകീയമാക്കുന്നതിൽ മികച്ച സംഭാവനകൾ നൽകി. 2021 ആഗസ്റ്റ് 23ന് അന്തരിച്ചു.
കെ.എ. സിദ്ദീഖ് ഹസൻ
ഇസ്ലാമിക പണ്ഡിതും വാഗ്മിയും സാമൂഹിക പ്രവർത്തകനും. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീറായിരുന്ന അദ്ദേഹം 2021 ഏപ്രിൽ ആറിന് അന്തരിച്ചു.
കെ.ആർ. ഗൗരിയമ്മ
1957ൽ കേരള സംസ്ഥാന രൂപവത്കരണത്തിനുശേഷം ഇ.എം.എസ് നേതൃത്വത്തിൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗം. 1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽനിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്നു. 2006 മാർച്ച് 31 വരെ 16,832 ദിവസം. ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ മന്ത്രി എന്നീ ഖ്യാതികളും ഗൗരിയമ്മക്ക് അവകാശപ്പെട്ടതാണ്. 2021 മേയ് 11ന് തിരുവനന്തപുരത്തെ പി.ആർ.എസ് ആശുപത്രിയിൽ 102ാം വയസ്സിൽ അന്തരിച്ചു.
പീർ മുഹമ്മദ്
പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകൻ. 2021 നവംബർ 16ന് അന്തരിച്ചു.
പി. ബാലചന്ദ്രൻ
മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും. 2021 ഏപ്രിൽ അഞ്ചിന് അന്തരിച്ചു.
യേശുദാസൻ
കേരളത്തിലെ ജനപ്രിയ കാർട്ടൂണിസ്റ്റ്. 2021 ഒക്ടോബർ ആറിന് അന്തരിച്ചു.
നെടുമുടി വേണു
മലയാള സിനിമയിലെയും ഇന്ത്യൻ സിനിമയിലെതന്നെയും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാൾ. യഥാർഥ പേര് കെ. വേണുഗോപാൽ. മലയാളത്തിലും തമിഴിലുമായി ഏകദേശം 500ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറു സംസ്ഥാന ചലച്ചിത്ര അവാർഡും നേടി. 2021 ഒക്ടോബർ 11ന് അന്തരിച്ചു.
പൂവച്ചൽ ഖാദർ
കവിയും മലയാള ചലച്ചിത്രഗാന രചയിതാവും. കോവിഡ് ബാധയെ തുടർന്ന് 2021 ജൂൺ 22ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ അന്തരിച്ചു.
ക്രോസ് ബെൽറ്റ് മണി
മലയാള ചലച്ചിത്രരംഗത്തെ ആദ്യകാല സംവിധായകരിൽ പ്രമുഖൻ. കെ. വേലായുധൻ നായർ എന്ന് യഥാർഥ പേര്. നാൽപതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 2021 ഒക്ടോബർ 30ന് അന്തരിച്ചു.
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ
മലങ്കരയുടെ ശ്ലൈഹിക സിംഹാസനത്തിെൻറ ഇരുപതാം മാർത്തോമയും മലങ്കര സഭയുടെ ആചാര്യനും മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്തയുമായിരുന്നു. പത്മഭൂഷൺ ബഹുമതി ലഭിച്ചിട്ടുണ്ട്. 2021 മേയ് അഞ്ചിന് അന്തരിച്ചു.
ആർ. ബാലകൃഷ്ണപിള്ള
കേരളത്തിലെ മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി നേതാവും. മന്ത്രി, എം.പി, എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2021 മേയ് മൂന്നിന് അന്തരിച്ചു.
ടി.കെ. അബ്ദുല്ല
ഇസ്ലാമിക ചിന്തകനും പത്രാധിപരും ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന പ്രസിഡൻറും ദേശീയ നിർവാഹക സമിതി അംഗവും. 2021 ഒക്ടോബർ 15ന് അന്തരിച്ചു.
ബിച്ചു തിരുമല
മലയാള ചലച്ചിത്രഗാന രചയിതാവും കവിയും. യഥാർഥ പേര് ബി. ശിവശങ്കരൻ നായർ. േകരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ടു തവണ ലഭിച്ചിട്ടുണ്ട്. 2021 നവംബർ 26ന് അന്തരിച്ചു.
വിഷ്ണു നാരായണൻ നമ്പൂതിരി
മലയാള കവിയും ഭാഷാപണ്ഡിതനും വാഗ്മിയും സാംസ്കാരിക ചിന്തകനും. 2021 ഫെബ്രുവരി 25ന് അന്തരിച്ചു.
മാടമ്പ് കുഞ്ഞുകുട്ടൻ
പ്രശസ്ത മലയാള സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവും. കേരള സാഹിത്യ അക്കാദമി അവാർഡും ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2021 മേയ് 11ന് കോവിഡ് ബാധിച്ച് മരിച്ചു.
കൊല്ലം ബാബു
കാഥികനും നാടകസംവിധായകനും. യഥാർഥ പേര് മുകുന്ദൻ പിള്ള. കേരള സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2021 സെപ്റ്റംബർ 12ന് അന്തരിച്ചു.
കെ.എസ്. സേതുമാധവൻ
പ്രശസ്ത സിനിമ സംവിധായകൻ കെ.എസ്. സേതുമാധവൻ (90). ഡിസംബർ 24നാണ് അന്തരിച്ചത്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലുമായി 60ലധികം സിനിമകൾ സംവിധാനം ചെയ്തു. 1960ൽ 'വീരവിജയ' എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. മലയാളത്തിൽ ഏറ്റവും കൂടുതൽ സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകൻ. 10 തവണ ദേശീയ പുരസ്കാരവും എട്ടു തവണ സംസ്ഥാന പുരസ്കാരവും നാലു തവണ ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്. 2009ൽ ജെ.സി. ഡാനിയൽ പുരസ്കാരം നൽകി കേരള സർക്കാർ ആദരിച്ചു.
കെ.കെ. രാമചന്ദ്രൻ മാസ്റ്റർ
അധ്യാപകനും മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും. 2021 ജനുവരി ഏഴിന് അന്തരിച്ചു.
കെ.പി. പിള്ള
മലയാള ചലച്ചിത്ര സംവിധായകൻ. 2021 ആഗസ്റ്റ് 31ന് അന്തരിച്ചു.
തോപ്പിൽ ആേൻറാ
മലയാള പിന്നണിഗായകൻ. 2021 ഡിസംബർ നാലിന് അന്തരിച്ചു.
എസ്. രമേശൻ നായർ
മലയാളത്തിലെ കവിയും ചലച്ചിത്രഗാന രചയിതാവും. 450ഒാളം ഗാനങ്ങൾ രചിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ 2021 ജൂൺ 18ന് അന്തരിച്ചു.
തോമസ് ജോസഫ്
മലയാള ചെറുകഥാകൃത്ത്. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2021 ജൂലൈ 29ന് അന്തരിച്ചു.
പാലാ തങ്കം
നാടക-ചലച്ചിത്ര അഭിനേത്രി. ഗായികയായും ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. 2021 ജനുവരി 10ന് അന്തരിച്ചു.
പി. കേശവൻ നായർ
മലയാളത്തിലെ ശാസ്ത്രസാഹിത്യകാരന്മാരിലൊരാൾ. കേരള സാഹിത്യ അക്കാദമി എൻഡോവ്മെൻറ് അവാർഡ് നേടിയിട്ടുണ്ട്. 2021 മേയ് ആറിന് അന്തരിച്ചു.
പി.എസ്. നിവാസ്
ഇന്ത്യൻ ഛായാഗ്രാഹകനും സംവിധായകനും ചലച്ചിത്രനിർമാതാവുമാണ്. മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്.
റിസബാവ
മലയാള ചലച്ചിത്ര അഭിനേതാവും ഡബ്ബിങ് ആർട്ടിസ്റ്റും. 2021 സെപ്റ്റംബർ 13ന് അന്തരിച്ചു.
എം.എസ്. ചന്ദ്രശേഖര വാര്യർ
എഴുത്തുകാരനായിരുന്നു. ആഗസ്റ്റിൽ അന്തരിച്ചു.
പ്രകാശാനന്ദ
ശ്രീനാരായണഗുരുവിെൻറ ശിഷ്യപരമ്പരയിൽപെട്ട സന്യാസിയും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയും പ്രസിഡൻറും. 2021 ജൂലൈ ഏഴിന് അന്തരിച്ചു.
വി.എം. കുട്ടി
മാപ്പിളപ്പാട്ട് ഗായകൻ എന്നനിലയിൽ കേരളത്തിലെ പഴയതും പുതിയതുമായ തലമുറകൾക്ക് ഒരുപോലെ സുപരിചിതനായ വ്യക്തിയാണ് വി.എം. കുട്ടി എന്ന വടക്കുങ്ങര മുഹമ്മദ് കുട്ടി. കേരള സംഗീതനാടക അക്കാദമി പുരസ്കാരം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2021 ഒക്ടോബർ 13ന് അന്തരിച്ചു.
എ. ശാന്തകുമാർ
മലയാള നാടകകൃത്ത്. 2010ൽ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. 2021 ജൂൺ 16ന് അന്തരിച്ചു.
എം. ശാരദ മേനോൻ
മനഃശാസ്ത്രജ്ഞയും സാമൂഹികപ്രവർത്തകയും. പത്മഭൂഷൺ ലഭിച്ചിട്ടുണ്ട്. 2021 ഡിസംബർ അഞ്ചിന് അന്തരിച്ചു.
ഒ. കൃഷ്ണൻ പാട്യം
മലയാള സാഹിത്യകാരൻ. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2021 മേയ് 19ന് അന്തരിച്ചു.
ഡോ. കെ. അബ്ദുറഹ്മാൻ
ഡോക്ടറും സാമൂഹിക പ്രവർത്തകനും. 2021 ഏപ്രിൽ 16ന് അന്തരിച്ചു.
ഡോ. കെ. ശാരദാമണി
കേരളീയ സാമൂഹിക ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്നു. 2021 മേയ് 26ന് അന്തരിച്ചു.
കെ.എം. ചുമ്മാർ
സ്വാതന്ത്ര്യസമരസേനാനിയും ചരിത്രകാരനും കോൺഗ്രസ് നേതാവും. രണ്ടുതവണ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. 2021 ഏപ്രിൽ 10ന് അന്തരിച്ചു.
മാമ്മൻ വർഗീസ്
മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിൻറർ ആൻഡ് പബ്ലിഷറും മുൻ മാനേജിങ് എഡിറ്ററും. 2021 മേയ് ഒന്നിന് അന്തരിച്ചു.
മാത്തൂർ ഗോവിന്ദൻകുട്ടി
കഥകളി കലാകാരൻ. കേരള സംസ്ഥാന കഥകളി പുരസ്കാരം, കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്, സംസ്ഥാന സംഗീതനാടക അക്കാദമി അവാർഡ് തുടങ്ങി നിരവധി അവാർഡിനർഹനായി.
ളാഹ ഗോപാലൻ
ആദിവാസി പ്രവർത്തകനും ചെങ്ങറ സമരനായകനുമായിരുന്നു. 2021 സെപ്റ്റംബർ 22ന് അന്തരിച്ചു.
ബി. രാഘവൻ
സി.പി.എം പ്രവർത്തകനും മുൻ നിയമസഭാംഗവും. 2021 ഫെബ്രുവരി 23ന് അന്തരിച്ചു.
മേള രഘു
മേളയിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ച നടനായിരുന്നു. 2021 മേയ് നാലിന് അന്തരിച്ചു.
പി.ടി. തോമസ്
കെ.പി.സി.സിയുടെ വർക്കിങ് പ്രസിഡൻറും 2016 മുതൽ 2021വരെ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും മുൻ ലോക്സഭ അംഗവുമായിരുന്നു. ഡിസംബർ 22ന് അർബുദ ബാധിതനായി വെല്ലൂർ ആശുപത്രിയിൽ അന്തരിച്ചു.
കെ.വി. വിജയദാസ്
സി.പി.എം പ്രവർത്തകനും മുൻ നിയമസഭാംഗവും. 2021 ജനുവരി 18ന് അന്തരിച്ചു.
വടമൺ ദേവകിയമ്മ
ഓട്ടൻതുള്ളൽ കലാകാരി. കൊല്ലം അഞ്ചൽ സ്വദേശി. 2021 മേയ് 25ന് അന്തരിച്ചു.
സുകുമാർ കക്കാട്
മലയാളം എഴുത്തുകാരനും കവിയുമായിരുന്നു. ഏപ്രിൽ 23ന് അന്തരിച്ചു.
സുമംഗല
മലയാള ബാലസാഹിത്യകാരിയും ചരിത്രകാരിയും വിവർത്തകയും നോവലിസ്റ്റും. യഥാർഥ പേര്–ലീല നമ്പൂതിരിപ്പാട്. ഏപ്രിൽ 27ന് അന്തരിച്ചു.
നിലംപേരൂർ മധുസൂദനൻ നായർ
മലയാള കവി. ജനുവരി രണ്ടിന് അന്തരിച്ചു.
പി.കെ. വാര്യർ
പ്രസിദ്ധ ആയുർവേദ വൈദ്യൻ. കോട്ടക്കൽ ആര്യവൈദ്യശാലയിലെ പ്രധാന വൈദ്യനും മാനേജിങ് ട്രസ്റ്റിയും. ജൂലൈ 10ന് അന്തരിച്ചു.
ആർ.എൽ. ഭാട്ട്യ
രഘുനന്ദലാൽ ഭാട്ട്യ എന്നാണ് മുഴുവൻ പേര്. 2004 ജൂൺ 23 മുതൽ ജൂലൈ 10 വരെ കേരള ഗവർണറായിരുന്നു. ബിഹാർ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദിലീപ് കുമാർ
ഉർദു-ഹിന്ദി ചലച്ചിത്രലോകത്തെ െഎതിഹാസിക നടൻ. പാർലമെൻറ് മുൻ അംഗം. ബോളിവുഡിലെ ഖാൻമാരിൽ ആദ്യത്തെയാളാണ് ദിലീപ്ഖാൻ എന്ന യൂസുഫ് ഖാൻ. 2021 ജൂലൈ ഏഴിന് അന്തരിച്ചു.
സുന്ദർലാൽ ബഹുഗുണ
ഇന്ത്യയിലെ ശ്രദ്ധേയനായ പരിസ്ഥിതിപ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിെൻറ നേതാവും. 2021 മേയ് 21ന് അന്തരിച്ചു.
സ്റ്റാൻ സ്വാമി
ജെസ്യൂട്ട് ഒാർഡറിലെ ഇന്ത്യൻ റോമൻ കത്തോലിക്ക പുരോഹിതനും ഗോത്രാവകാശ പ്രവർത്തകനുമായിരുന്നു സ്റ്റാനിസ്ലാസ് ലൂർദുസ്വാമി എന്ന സ്റ്റാൻ സ്വാമി. ഇന്ത്യയിൽ ഭരണകൂട ഭീകരതക്കിരയായി 2021 ജൂലൈ അഞ്ചിന് അന്തരിച്ചു.
ഭൂട്ട സിങ്
ഇന്ത്യൻ നാഷനൽ കോൺഗ്രസിൽനിന്നുള്ള നേതാവ്. ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി. 2021 ജനുവരി രണ്ടിന് അന്തരിച്ചു.
മഹേഷ് കുമാർ കാത്തി
ഇന്ത്യൻ ചലച്ചിത്ര നിരൂപകനും തെലുങ്ക് സിനിമ നടനുമായിരുന്നു. 2021 ജൂലൈ 10ന് അന്തരിച്ചു.
എം.കെ. മുഖർജി
സുപ്രീംകോടതി മുൻ ജഡ്ജി. യഥാർഥപേര് മനോജ് കുമാർ മുഖർജി. നേതാജി സുഭാഷ്ചന്ദ്ര ബോസിെൻറ തിരോധാനം അന്വേഷിച്ച മുഖർജി കമീഷെൻറ തലവനായിരുന്നു. 2021 ഏപ്രിൽ 17ന് അന്തരിച്ചു.
ഗിരാ സാരാഭായ്
ഇന്ത്യൻ വാസ്തുശിൽപിയും ഡിസൈനറും അധ്യാപികയുമായിരുന്നു. 2021 ജൂലൈ 15ന് അന്തരിച്ചു.
ഗുലാം മുസ്തഫ ഖാൻ
ഹിന്ദുസ്ഥാനി സംഗീതജ്ഞനും പിന്നണിഗായകനും. പത്മഭൂഷണും പത്മവിഭൂഷണും ലഭിച്ചു. 2021 ജനുവരി 17ന് അന്തരിച്ചു.
ഗെയിൽ ഓംവെദ്ത്
അമേരിക്കൻ വംശജയായ ഇന്ത്യൻ പണ്ഡിതയും സാമൂഹിക ശാസ്ത്രജ്ഞയും മനുഷ്യാവകാശ പ്രവർത്തകയും. 2021 ആഗസ്റ്റ് 25ന് അന്തരിച്ചു.
ചന്ദ്രോ തോമർ
ഷാർപ് ഷൂട്ടർ വനിതയായിരുന്നു ഉത്തർപ്രദേശുകാരിയായ തോമർ. 2021 ഏപ്രിൽ 30ന് അന്തരിച്ചു.
ഭൂട്ട ജഗ്ജിത് കൗർ
ഇന്ത്യയിലെ ഹിന്ദി-ഉർദു ഗായികയായിരുന്നു. 2021 ആഗസ്റ്റ് 15ന് അന്തരിച്ചു.
ജി. വെങ്കട സുബ്ബയ്യ
കന്നട എഴുത്തുകാരനും വ്യാകരണപണ്ഡിതനും ലെക്സിക്കോഗ്രാഫറും സാഹിത്യ വിമർശകനും. പത്മശ്രീ ലഭിച്ചിട്ടുണ്ട്. 2021 ഏപ്രിൽ 19ന് അന്തരിച്ചു.
ഫാ. ജേക്കബ് പള്ളിപ്പുറത്ത്
കർണാടകയിലെ മുൻ എം.എൽ.എയും ക്രൈസ്തവ പുരോഹിതനും. ഇന്ത്യയിലെതന്നെ എം.എൽ.എയാകുന്ന ആദ്യക്രൈസ്തവ പുരോഹിതൻ. 2021 മാർച്ച് 29ന് അന്തരിച്ചു.
അജിത് സിങ്
ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ചരൺ സിങ്ങിെൻറ മകൻ. ലോക്ദൾ പാർട്ടി അധ്യക്ഷനായിരുന്നു. 2021 മേയ് ആറിന് അന്തരിച്ചു.
പുനീത് രാജ്കുമാർ
പ്രമുഖ കന്നട ചലച്ചിത്ര അഭിനേതാവും ടെലിവിഷൻ അവതാരകനും ഗായകനും ചലച്ചിത്ര നിർമാതാവും. 2021 ഒക്ടോബർ 29ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
അനിൽ ധർകർ
പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു. 2021 മാർച്ച് 26ന് അന്തരിച്ചു.
വിവേക്
തമിഴ് ചലച്ചിത്രമേഖലയിലെ പ്രമുഖ ഹാസ്യനടൻ. 2021 ഏപ്രിൽ 17ന് അന്തരിച്ചു.
ആർ. കൃഷ്ണമൂർത്തി
ചരിത്രകാരനും തമിഴ് ദിനപത്രം മുൻ എഡിറ്ററുമാണ്. ആർ.കെ എന്നും അറിയപ്പെട്ടു. 2021 മാർച്ച് നാലിന് അന്തരിച്ചു.
ആ. മാധവൻ
തമിഴ് സാഹിത്യകാരൻ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2021 ജനുവരി അഞ്ചിന് അന്തരിച്ചു.
കെ.എം. റോയ്
പത്രപ്രവർത്തകനും എഴുത്തുകാരനും. 2021 സെപ്റ്റംബർ 18ന് അന്തരിച്ചു.
മാധവ് സിങ് സോളങ്കി
ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേതാവും നരസിംഹ റാവു മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയുമായിരുന്നു. നാലുതവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആസൂത്രണ വകുപ്പ് സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 ജനുവരി ഒമ്പതിന് അന്തരിച്ചു.
മിൽഖ സിങ്
ഇന്ത്യകണ്ട ഏറ്റവും മികച്ച കായികതാരങ്ങളിൽ ഒരാളായിരുന്നു. 'പറക്കും സിഖ്' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മിൽഖ സിങ് മധ്യദൂര ഓട്ടത്തിലായിരുന്നു പ്രകടനം. ഒന്നിലധികം ഒളിമ്പിക്സ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. 2021 ജൂൺ 18ന് അന്തരിച്ചു.
ലക്ഷ്മൺ പൈ
ഇന്ത്യൻ ചിത്രകാരൻ. പത്മഭൂഷൺ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2021 മാർച്ച് 14ന് അന്തരിച്ചു.
മോഹൻ മിശ്ര
കരിമ്പനിയുടെ പഠനത്തിനും ആംഫോട്ടെറിസിൻ ബി ഉപയോഗിച്ചുള്ള ചികിത്സക്കും പേരുകേട്ട ഡോക്ടർ. പത്മശ്രീ ലഭിച്ചിട്ടുണ്ട്. 2021 മേയ് ആറിന് അന്തരിച്ചു.
മൗലാന വഹീദുദ്ദീൻ ഖാൻ
ഇന്ത്യൻ ഇസ്ലാമിക പണ്ഡിതൻ. പത്മഭൂഷൺ അവാർഡ് ഉൾപ്പെടെ അംഗീകാരങ്ങൾ നേടി. കോവിഡ് ബാധിതനായി 2021 ഏപ്രിൽ 21ന് അന്തരിച്ചു.
വി. കല്യാണം
ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി. മഹാത്മാഗാന്ധിയുടെ പേഴ്സനൽ സെക്രട്ടറിയായിരുന്നു. 2021 മേയ് നാലിന് അന്തരിച്ചു.
വീരഭദ്ര സിങ്
പതിനഞ്ചാം ലോക്സഭയിൽ ചെറുകിട, ഇടത്തരം വ്യവസായ വകുപ്പിെൻറ കേന്ദ്രമന്ത്രിയായിരുന്നു. ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട്. ഇന്ദിര ഗാന്ധി മന്ത്രിസഭയിൽ കാലയളവിൽ ഉപമന്ത്രിയായും 1982-83 കാലയളവിൽ സഹമന്ത്രിയായും പ്രവർത്തിച്ചു. 2021 ജൂലൈ എട്ടിന് അന്തരിച്ചു.
ശന്തനഗൗഡർ മോഹൻ മല്ലികാർജുന ഗൗഡ
സുപ്രീംകോടതി മുൻ ജസ്റ്റിസും കേരള ഹൈകോടതി മുൻ ചീഫ് ജസ്റ്റിസും. 2021 ഏപ്രിൽ 25ന് അന്തരിച്ചു.
മൻസൂർ എത്തിഷാം
പ്രശസ്ത ഹിന്ദി സാഹിത്യകാരനും പത്മശ്രീ പുരസ്കാര ജേതാവും. ഏപ്രിൽ 26ന് അന്തരിച്ചു.
നരേന്ദ്ര കോഹ്ലി
പ്രശസ്ത ഹിന്ദി എഴുത്തുകാരനാണ്. ഏപ്രിൽ 17ന് അന്തരിച്ചു.
തുർളപാഠി കുഡുംബ റാവു
പ്രശസ്ത തെലുങ്ക് എഴുത്തുകാരനാണ്. ജനുവരി 11ന് അന്തരിച്ചു.
വേദ് മേത്ത
ഇന്ത്യൻ നോവലിസ്റ്റായിരുന്നു. ജനുവരി ഒമ്പതിന് അന്തരിച്ചു.
യോഗേഷ് പ്രവീൺ
പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായിരുന്നു. ഏപ്രിൽ 12ന് അന്തരിച്ചു.
ലക്ഷ്മി നാരായണ ഭട്ട്
പ്രമുഖ കന്നട കവിയും വിവർത്തകനുമായിരുന്നു. മാർച്ച് ആറിന് അന്തരിച്ചു.
മെറിൽ വിൻ ഡേവീസ്
വെയിൽസിലെ ഇസ്ലാമിക പണ്ഡിതയും എഴുത്തുകാരിയും. 2021 ഫെബ്രുവരി ഒന്നിന് അന്തരിച്ചു.
ഡെസ്മണ്ട് ടുട്ടു
നൊബേല് സമ്മാന ജേതാവും ദക്ഷിണാഫ്രിക്കന് ആര്ച്ച് ബിഷപ്പുമായ ഡെസ്മണ്ട് ടുട്ടു (90). ഡിസംബർ 26 നായിരുന്നു അന്ത്യം. വര്ണവിവേചനത്തിനെതിരായ പോരാട്ടങ്ങള്ക്ക് 1984ല് നൊബേല് സമ്മാനം നേടി.കറുത്ത വംശക്കാരനായ ആദ്യത്തെ ആഫ്രിക്കന് ആംഗ്ലിക്കന് ആര്ച്ച് ബിഷപ്പാണ് ടുട്ടു. 1931 ഒക്ടോബര് ഏഴിനാണ് ഡെസ്മണ്ട് പിലൊ ടുട്ടുവിന്റെ ജനനം.
മൈക്കൽ കോളിൻസ്
അമേരിക്കൻ ബഹിരാകാശയാത്രികൻ. 14 ബഹിരാകാശയാത്രികരുടെ സംഘത്തിെൻറ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടുതവണ ബഹിരാകാശത്ത് പോയി. 2021 ഏപ്രിൽ 28ന് അന്തരിച്ചു.
യുവാൻ ലോങ്പിങ്
ചൈനീസ് കാർഷിക ശാസ്ത്രജ്ഞൻ. 2021 മേയ് 22ന് അന്തരിച്ചു.
റിച്ചാർഡ് ചാൾസ് ലെവോണ്ടിൻ
പരിണാമ ജീവശാസ്ത്രജ്ഞൻ, ഗണിതശാസ്ത്രജ്ഞൻ, ജനിതകശാസ്ത്രജ്ഞൻ, സാമൂഹിക വ്യാഖ്യാതാവ്. അമേരിക്കൻ വംശജൻ. 2021 ജൂലൈ നാലിന് അന്തരിച്ചു.
ലഡോണ ബ്രേവ് ബുൾ അലാർഡ്
അമേരിക്കൻ ചരിത്രകാരിയും വംശാവലീരചയിതാവും ജലസംരക്ഷണ പ്രസ്ഥാനത്തിെൻറ തറവാട്ടമ്മയും. 2021 ഏപ്രിൽ 10ന് അന്തരിച്ചു.
ഷാരോൺ മാറ്റോള
അമേരിക്കയിലെ ജീവശാസ്ത്രജ്ഞയും പരിസ്ഥിതിപ്രവർത്തകയും. 2021 മാർച്ച് 21ന് അന്തരിച്ചു.
ബെവർലി ക്ലിയറി
കുട്ടികളുടെ പുസ്തകരചയിതാവും അമേരിക്കൻ ബാലസാഹിത്യകാരിയും. മാർച്ച് 27ന് അന്തരിച്ചു.
ഷാരോൺ കേ പെണ്മാൻ
അമേരിക്കൻ ചരിത്ര നോവലിസ്റ്റാണ്. ജനുവരി 22ന് അന്തരിച്ചു.
റിച്ചാർഡ് റോഗേഴ്സ്
പ്രമുഖ ബ്രിട്ടീഷ് ആർകിടെക്റ്റ്.
ഡ്രാകിയോ
ലോസ് ആഞ്ജലസിൽ സംഗീതപരിപാടിക്കായി ഒരുക്കിയ വേദിയുടെ അണിയറയിൽവെച്ച് കുത്തേറ്റ് റാപ് ഗായകൻ ഡ്രാകിയോ മരിച്ചു.
ജോൺ ഡേവിഡ് മക്അഫി
ബ്രിട്ടീഷ്-അമേരിക്കൻ കമ്പ്യൂട്ടർ പ്രോഗ്രാമറും വ്യവസായിയും. 2021 ജൂൺ 23ന് അന്തരിച്ചു.
മാക്കി കാജി
ജപ്പാനിലെ പസിൽ നിർമാതാക്കളായ നിക്കോളി കമ്പനിയുടെ അമരക്കാരൻ. സുഡോക്കുവിെൻറ പിതാവ് എന്നറിയപ്പെടുന്നു. 2021 ആഗസ്റ്റ് 10ന് അന്തരിച്ചു.
ദാനിഷ് സിദ്ദീഖി
ഇന്ത്യൻ ഫോേട്ടാ ജേണലിസ്റ്റ്. റോയിേട്ടഴ്സിെൻറ ഭാഗമായിരിക്കെ 2018ൽ പുലിറ്റ്സർ പുരസ്കാരം ലഭിച്ചു. 2021 ജൂലൈ 16ന് താലിബാൻ തീവ്രവാദികൾ കൊലപ്പെടുത്തി.
എഡ്വേർഡ് ഒ. വിൽസൺ
ആധുനിക കാലത്തിന്റെ ചാൾസ് ഡാർവിൻ എന്നറിയപ്പെടുന്ന വിഖ്യാത അമേരിക്കൻ ജീവശാസ്ത്രജ്ഞൻ. ഡിസംബർ 26നായിരുന്നു അന്ത്യം. പ്രകൃതിശാസ്ത്രജ്ഞനും എഴുത്തുകാരനും അധ്യാപകനുമായ അദ്ദേഹമാണ് ഫിറമോൺ എന്ന ജൈവരാസപദാർഥം ഉപയോഗിച്ചാണ് ഉറുമ്പുകൾ ആശയവിനിമയം നടത്തുന്നതെന്ന് ആദ്യം കണ്ടെത്തിയത്. പരിണാമ ജീവശാസ്ത്രത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ അദ്ദേഹമാണ് സാമൂഹിക ജീവശാസ്ത്രം എന്ന പഠനമേഖലക്ക് വിത്തിട്ടത്.
അഹമ്മദ് സാകി യമാനി
സൗദി അറേബ്യ പെട്രോളിയം, ധാതുവിഭവ മന്ത്രിയും 25 വർഷത്തോളം പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓർഗനൈസേഷനിൽ (ഒപെക്) മന്ത്രിയുമായിരുന്നു അഹമ്മദ് സാകി യമാനി. 2021 ഫെബ്രുവരി 23ന് അന്തരിച്ചു.
കെന്നത്ത് ഡേവിഡ് കൗണ്ട
സാംബിയയുടെ ആദ്യ പ്രസിഡൻറും സാംബിയൻ രാഷ്ട്രീയപ്രവർത്തകനുമായിരുന്നു. 2021 ജൂൺ 17ന് അന്തരിച്ചു.
ക്ലോറിസ് ലീച്ച്മാൻ
അമേരിക്കയിലെ സ്വഭാവനടിയും ഹാസ്യനടിയും. എട്ട് പ്രൈംടൈം എമ്മി അവാർഡുകളും ഒരു ഡേടൈം എമ്മി അവാർഡും നേടി. 2021 ജനുവരി 26ന് അന്തരിച്ചു.
ജീൻ ക്ലോഡ് കാരിയർ
ഫ്രഞ്ച് നോവലിസ്റ്റായിരുന്നു. ഫെബ്രുവരി എട്ടിന് അന്തരിച്ചു.
നൗഷാദ്
പ്രശസ്ത പാചക വിദഗ്ധനും സിനിമ നിർമാതാവുമായ നൗഷാദ് 55ാം വയസിൽ ആഗസ്റ്റ് 27ന് അന്തരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.