അമേരിക്കൻ തെരഞ്ഞെടുപ്പും ഒമിക്രോൺ ഭീതിയും; 2021ൽ ലോകം കണ്ടത്
text_fieldsയു.എസ്സിൽ ജോ ബൈഡൻ
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡനെ വിജയിയായി യു.എസ് കോണ്‍ഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചു. ഭൂരിപക്ഷത്തിന് വേണ്ട 270 ഇലക്ടറൽ വോട്ടുകൾ മറികടന്നതോടെയാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചത്. 56കാരിയായ ഇന്ത്യൻ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ഇന്ത്യൻ വംശജയുമാണ് കമല. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപേക്ഷിച്ച പാരീസ് കാലാവസ്ഥാ ഉടമ്പടിയിലേക്ക് അമേരിക്ക ഔദ്യോഗികമായി തിരിച്ചെത്തി.
കാപ്പിറ്റോൾ ആക്രമണം
ജനുവരി ആറിന് റിപ്പബ്ലിക്കൻ നേതാവ് ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതിഷേധിച്ച് അനുകൂലികൾ യു.എസ് സെനറ്റിലെ കാപിറ്റോൾ ഹാളിലേക്ക് ഇരച്ചുകയറി. പതിനായിരക്കണക്കിന് ആളുകള്‍ ഒരുമിച്ച് സെനറ്റ് ഹൗസിലെത്തിയപ്പോള്‍ അവിടെ നിലയുറപ്പിച്ചിരുന്ന പൊലീസിന് പിന്മാറേണ്ടി വന്നു.
ഒടുവില്‍ ഒരു കൂട്ടം ആളുകള്‍ യു.എസ് സെനറ്റില്‍ അഴിഞ്ഞാടി. അക്രമത്തില്‍ അഞ്ച് പേർ മരിച്ചു. പതിറ്റാണ്ടുകളോളം ലോക പൊലീസ് എന്ന് സ്വയവും മറ്റുള്ളവരെ കൊണ്ടും വിളിപ്പിച്ചിരുന്ന യു.എസ് ചരിത്രത്തില്‍ തന്നെ നാണക്കേടിന്റെ ദിവസമായിരുന്നു അത്. വംശീയ വാദികള്‍ യു.എസ് കാപിറ്റോള്‍ ഹൗസിന് മുന്നില്‍ ഉയര്‍ത്തിയ കഴുമരം യു.എസിലെ നിയന്ത്രിത ജനാധിപത്യത്തിന്റെ കൊലമരമായി ചിത്രീകരിക്കപ്പെട്ടു.
നെതന്യാഹു യുഗത്തിന് അന്ത്യം
ഇസ്രയേലിൽ 12 വർഷം നീണ്ട ബിന്യമിൻ നെതന്യാഹു യുഗത്തിന് അന്ത്യം. പ്രതിപക്ഷകക്ഷികൾ രൂപവത്കരിച്ച ഐക്യസർക്കാർ പാർലമെന്റിൽ വിശ്വാസവോട്ട് നേടി. 59നെതിരേ 60 സീറ്റുനേടിയാണ് പ്രതിപക്ഷനേതാവ് യായിർ ലാപിഡ് സഭയിൽ ഭൂരിപക്ഷം തെളിയിച്ചത്. എന്നാൽ ധാരണപ്രകാരം വലതുപക്ഷ നേതാവും യമിന പാർട്ടി അധ്യക്ഷനുമായ നഫ്താലി ബെനറ്റിന് പ്രധാനമന്ത്രി പദം. 49കാരനായ ബെനറ്റ് നെതന്യാഹുവിന് കീഴിൽ പ്രതിരോധമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. എട്ടുപാർട്ടികൾ ഉൾപ്പെടുന്ന ഐക്യസർക്കാരിൽ റാം (അറബ് ഇസ്ലാമിസ്റ്റ്) പാർട്ടിയുമുണ്ട്. പതിറ്റാണ്ടുകൾക്കുശേഷമാണ് രാജ്യത്തെ 20 ശതമാനത്തോളം വരുന്ന അറബ് ജനതയെ പ്രതിനിധാനം ചെയ്യുന്ന ഒരു പാർട്ടി ഭരണത്തിൽ പങ്കാളിയാകുന്നത്.
- കോവിഡ് കാരണം മാറ്റിവെച്ച പല ഇവൻറുകളും 2021ൽ നടന്നു. യൂറോവിഷൻ ഗാനമത്സരം, 26ാമത് യുനൈറ്റഡ് നേഷൻസ് കാലാവസ്ഥാ വ്യതിയാന ഉച്ചകോടി, ദുബൈ എക്സ്പോ 2020, യുവേഫ യൂറോ 2020, 2020 സമ്മർ ഒളിമ്പിക്സ്, പാരാലിമ്പിക്സ്, കോപ്പ അമേരിക്ക കായികമത്സരങ്ങൾ എന്നിവ പ്രധാനപ്പെട്ടത്.
- യുനൈറ്റഡ് നേഷൻസ് 2021നെ ട്രസ്റ്റ് ഇൻറർനാഷനൽ വർഷമായി പ്രഖ്യാപിച്ചു.
- ആഫ്രിക്കൻ കോണ്ടിനെൻറൽ ഫ്രീ ട്രേഡ് ഏരിയ പ്രാബല്യത്തിൽ
- കിം ജോങ് ഉൻ ഉത്തര കൊറിയയുടെ വർക്കേഴ്സ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
- ഫ്രാൻസിലെ ലിയോണിൽ, എഡ്വാർഡ് ഹെറിയറ്റ് ഹോസ്പിറ്റലിൽ ഒരു ഐസ്ലാൻഡിക് രോഗിക്ക് ഇരുകൈകളും തോളുകളും ആദ്യമായി മാറ്റിവെച്ചു.
- കമ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാം ജനറൽ സെക്രട്ടറിയായി ന്‍ഗുയാൻ ഫൂ ട്രങ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
- കോവിഡ് ബാധിച്ച് 5,00,000 മരണങ്ങൾ മറികടന്ന ആദ്യ രാജ്യമായി അമേരിക്ക.
- ഇസ്തംബൂൾ കൺവെൻഷനിൽനിന്ന് പിന്മാറുന്നതായി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യബ് ഉർദുഗ്വാൻ പ്രഖ്യാപിച്ചു. ഇങ്ങനെ ചെയ്യുന്ന ആദ്യ രാജ്യമാണ് തുർക്കി.
റാഉൾ കാസ്ട്രോയുടെ രാജി
മുന്‍ ക്യൂബന്‍ പ്രസിഡന്റ് റാഉൾ കാസ്ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ജനറല്‍ സ്ഥാനം രാജി വെച്ചു. എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ഇദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്. ക്യൂബന്‍ വിപ്ലവത്തോടെ ഫിദല്‍ കാസ്ട്രോ തുടക്കമിട്ട, പാര്‍ട്ടിനേതൃത്വത്തിലെ കാസ്ട്രോ യുഗത്തിനാണ് സഹോദരന് റാഉളിന്റെ രാജിയോടെ അന്ത്യമായത്. ക്യൂബന്‍ പ്രസിഡന്റായ മിഖായേല്‍ ഡയസ്കാനലിന് റാഉള്‍ സെക്രട്ടറി സ്ഥാനം കൈമാറി. 1959 മുതല്‍ 2006വരെ ഫിദല്‍ കാസ്ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ജനറല്‍. ഫിദലിന്റെ പിന്‍ഗാമിയായാണ് റാഉൾ ഈ സ്ഥാനം ഏറ്റെടുത്തത്.
- കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വെർച്വൽ ഉച്ചകോടി സംഘടിപ്പിച്ച് ഭൗമദിനം ആഘോഷിച്ചു.
- ഛാദ് പ്രസിഡൻറ് ഇഡ്രിസ് ഡെബി 30 വർഷത്തെ ഭരണത്തിന് ശേഷം വിമതസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
- 53 ജീവനക്കാരുമായി ഇന്തോനേഷ്യൻ നാവികസേനയുടെ കെ.ആർ.ഐ നങ്കാല മുങ്ങി. 2003ന് ശേഷം ഒരു അന്തർവാഹിനിക്കപ്പലിലുണ്ടായ ഏറ്റവും വലിയ നഷ്ടമാണിത്.
- ഇസ്രായേലിൽ, മെറോൺ പർവതത്തിൽ മതപരമായ ഉത്സവത്തിനിടെ തിക്കിലും തിരക്കിലും 45 പേർ കൊല്ലപ്പെട്ടു.
- ടിഗ്രേ യുദ്ധം: ഇത്യോപ്യൻ സർക്കാർ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ടിഗ്രേയുടെ തലസ്ഥാനമായ മെക്കെല്ലെ ടിഗ്രേ പ്രതിരോധസേന പിടിച്ചെടുത്തു.
- അഴിമതിക്കേസിൽ ജയിലിലടച്ച മുൻ പ്രസിഡന്റ് പാർക് ഗ്യൂൻ ഹെക്ക് ദക്ഷിണകൊറിയ മാപ്പു നൽകി
- താലിബാൻ തീവ്രവാദികളുമായി ഏറ്റുമുട്ടിയതിനുശേഷം ആയിരത്തിലധികം അഫ്ഗാൻ സൈനികർ അയൽരാജ്യമായ തജിക്കിസ്താനിലേക്ക് പലായനം ചെയ്തു.
- ആയിരക്കണക്കിന് ക്യൂബൻ ചെറുപ്പക്കാർ, ഭക്ഷ്യ-മരുന്ന് ക്ഷാമത്തിൽ സാൻ അേൻറാണിയോ ഡി ലോസ് ബാനോസിൽ സർക്കാർ വിരുദ്ധ പ്രതിഷേധം നടത്തി.
- ഹെയ്തി പ്രസിഡൻറ് ജോവിെനൽ മോയ്സ് സ്വവസതിയിൽ വെടിയേറ്റ് മരിച്ചു.
കടുത്ത സൂര്യാതപം
വടക്കേ അമേരിക്കയിൽ കടുത്ത സൂര്യാതപം 600ലധികം മരണങ്ങൾക്ക് കാരണമായി. ചുഴലിക്കാറ്റു പോലെ തന്നെ അപകടകരമായ മറ്റൊരു കാലാവസ്ഥ വ്യതിയാനം അമേരിക്കയിലും കാനഡയിലും ശക്തിപ്രാപിച്ചു. കാലിഫോര്‍ണിയയിലെ കാടുകള്‍ കത്തിയമര്‍ന്നു.
- പെറുവിൽ പൊതുതെരഞ്ഞെടുപ്പിൽ പ്രസിഡൻറായി സ്കൂൾ അധ്യാപകനായ പെഡ്രോ കാസ്റ്റിലോ തെരഞ്ഞെടുക്കപ്പെട്ടു.
- സിനോവാക് വാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം
ഇസ്രായേൽ- ഫലസ്തീൻ സംഘർഷം
ആധുനിക ഇസ്രായേൽ രൂപവത്കരണ വേളയിൽ ഫലസ്തീനികൾ കൂട്ടത്തോടെ കുടിയൊഴിപ്പിക്കപ്പെട്ടതിനെ അടയാളപ്പെടുത്തുന്ന 'നഖ്ബ' ദിനത്തിൽ വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ വൻ പ്രതിഷേധം നടന്നു. ഫലസ്തീനിലെ അസോസിയേറ്റഡ് പ്രസ്, അൽ ജസീറ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഗസ്സയിലെ ബഹുനില ഓഫിസ് കെട്ടിടം ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർത്തു. ബെയ്റ്റ്-എൽ സെറ്റിൽമെന്റ് സ്ഥിതി ചെയ്യുന്ന റാമല്ലയിലേക്കുള്ള പ്രവേശന കവാടങ്ങളിലൊന്നിൽ ഫലസ്തീൻ പ്രതിഷേധക്കാർ ഇസ്രായേലി സായുധ സേനയെ നേരിട്ടു. മരണസംഖ്യ 250 കവിഞ്ഞു.
ആണവായുധ നിരോധന കരാർ
ലോകത്താദ്യമായി ആഗോളതലത്തിൽ ആണവായുധങ്ങൾ നിരോധിച്ചുകൊണ്ട് യു.എൻ കരാർ നിലവിൽ വന്നു. ആണവായുധങ്ങൾ കൈവശംവെക്കുന്ന രാജ്യങ്ങളുടെ കടുത്ത എതിർപ്പിനിടെയാണ് ചരിത്രപരമായ കരാർ പ്രാബല്യത്തിൽ വന്നത്. രണ്ടാംലോകയുദ്ധകാലത്ത് അമേരിക്കയുടെ ഹിരോഷിമ, നാഗസാക്കി ബോംബാക്രമണത്തിനു ശേഷമാണ് ആണവായുധങ്ങളുടെ നിരോധന കരാറിന് മുറവിളി ഉയർന്നത്. 2017ൽ യു.എൻ ആണവായുധ നിരോധന കരാർ വോട്ടിനിടാൻ തീരുമാനിച്ചപ്പോൾ 122 രാജ്യങ്ങൾ അനുകൂലിച്ചു. അന്ന് ഇന്ത്യയടക്കം എട്ടു രാജ്യങ്ങൾ ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തില്ല. ഇന്ത്യക്കു പുറമെ ആണവായുധങ്ങൾ കൈവശംവെക്കുന്ന അമേരിക്ക, ബ്രിട്ടൻ, ചൈന, പാകിസ്താൻ, ഉത്തരകൊറിയ, റഷ്യ, ഫ്രാൻസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ് വിട്ടുനിന്നത്. ആണവായുധത്തിെൻറ തിക്തഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ച ജപ്പാനും കരാറിനെ പിന്തുണച്ചില്ല. ആണവായുധങ്ങളുടെ നിർമാണം, പരീക്ഷണം, കൈവശം വെക്കൽ, കൈമാറ്റം ചെയ്യൽ എന്നിവക്കൊക്കെ നിയമം പ്രാബല്യത്തിലായതോടെ നിരോധനം വരും.
ലോകം ഒമിക്രോൺ ഭീതിയിൽ
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതിയിലാണ് ലോകം. ഡെൽറ്റ വകഭേദത്തേക്കാൾ വേഗത്തിൽ പടരുന്ന ഒമിക്രോൺ നൂറിലധികം രാജ്യങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഉണ്ടാകുന്ന അണുബാധകളിൽ 73 ശതമാനവും ഒമിക്രോൺ മൂലമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡെൽറ്റയുടെ അത്ര അപകടകാരിയല്ല ഒമിക്രോൺ എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നുണ്ടെങ്കിലും ഇതിന്റെ വ്യാപന ശേഷിയാണ് ആശങ്കയുണ്ടാക്കുന്നത്. പല രാജ്യങ്ങളും ലോക്ഡൗൺ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു.
- സമോവയിലെ അപ്പീൽ കോടതി ഫിയാമി നവോമി മതാഫയുടെയും സർക്കാറിെൻറയും സത്യപ്രതിജ്ഞയെ ഭരണഘടനാപരമായി കണക്കാക്കി, മൂന്നു മാസത്തെ ഭരണഘടനാ പ്രതിസന്ധി അവസാനിപ്പിച്ചു.
- തുനീഷ്യൻ പ്രസിഡൻറ് കൈസ് സെയ്ദ് രാജ്യത്ത് അധികാരം പിടിച്ചെടുത്തു. പാർലമെൻറ് സസ്പെൻഡ് ചെയ്യുകയും പ്രധാനമന്ത്രിയെ പുറത്താക്കുകയും ചെയ്തു.
- ഐൻസ്റ്റീെൻറ സാമാന്യ ആപേക്ഷികതാസിദ്ധാന്തത്തെ സ്ഥിരീകരിക്കുന്ന ഒരു തമോദ്വാരത്തിന് പിന്നിൽനിന്നുള്ള പ്രകാശത്തിെൻറ ആദ്യ നേരിട്ടുള്ള നിരീക്ഷണം റിപ്പോർട്ട് ചെയ്യപ്പെട്ടു.
കാബൂൾ വിമാനത്താവള ആക്രമണം
കാബൂൾ വിമാനത്താവളത്തിൽ ഐ.എസ് ചാവേർ ആക്രമണത്തിൽ 13 യു.എസ് സൈനികർ ഉൾപ്പെടെ 182 പേർ കൊല്ലപ്പെട്ടു. തിരിച്ചടിയായി അമേരിക്കയും വ്യോമാക്രമണം നടത്തി. എന്നാൽ ഇതിൽ നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെട്ടതിൽ അമേരിക്ക പിന്നീട് മാപ്പുപറഞ്ഞു.
- ഗിനിയയിൽ അട്ടിമറി. ഗിനിയയുടെ പ്രസിഡൻറ് ആൽഫ കോണ്ഡെയെ അധികാരം പിടിച്ചെടുത്തതായി അവകാശപ്പെട്ട് മുൻ ഫ്രഞ്ച് സൈനികനായ ലഫ്. കേണൽ മമാഡി ഡൗംബൂയയുടെ നേതൃത്വത്തിലുള്ള ഉന്നത സൈനികവിഭാഗം തടഞ്ഞുവെച്ചു.
- ചൈനയുടെ സ്വാധീനത്തെ പ്രതിരോധിക്കാൻ ആസ്ട്രേലിയ, യു.കെ, യുനൈറ്റഡ് സ്റ്റേറ്റ്സ് എന്നിവക്കിടയിൽ ത്രികക്ഷി സുരക്ഷാ ഉടമ്പടി രൂപവത്കരിച്ചു.
- പ്രൈമറി തെരഞ്ഞെടുപ്പിലെ സർക്കാർ പരാജയത്തെ തുടർന്ന് അർജൻറീനിയൻ പ്രസിഡൻറ് ആൽബെർട്ടോ ഫെർണാണ്ടസിെൻറ മന്ത്രിസഭയിലെ നിരവധി മന്ത്രിമാർ രാജിവെച്ചു. ഇത് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായി.
- റഷ്യൻ നിയമസഭ തെരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റ് വാദിമിർ പുടിെന്റ യുനൈറ്റഡ് റഷ്യ പാർട്ടി ഏകദേശം 50 ശതമാനം വോട്ടുകൾ നേടി.
- ലോക എക്സ്പോ ദുബൈയിൽ നടന്നു
- യോഷിഹിഡെ സുഗയുടെ പിൻഗാമിയായി ഫ്യൂമിയോ കിഷിദ ജപ്പാെൻറ നൂറാമത്തെ പ്രധാനമന്ത്രിയായി.
- ചെക്ക് നിയമസഭ തെരഞ്ഞെടുപ്പ്. പ്രധാന പ്രതിപക്ഷ സഖ്യമായ SPOLU, പൈറേറ്റ്സ് ആൻഡ് മേയർമാർ എന്നിവർ നിയമസഭ ഭൂരിപക്ഷം നേടി.
- സെബാസ്റ്റ്യൻ കുർസ് തനിക്കെതിരെ ആരംഭിച്ച അഴിമതി അന്വേഷണത്തിെൻറ ഫലമായി ഓസ്ട്രിയയുടെ ചാൻസലർ സ്ഥാനം രാജിവെച്ചു.
- സുഡാനിൽ സൈനിക അട്ടിമറി. പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്ക് വീട്ടുതടങ്കലിൽ. പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സർക്കാറിെൻറ പിരിച്ചുവിടൽ പ്രഖ്യാപിക്കുകയും ചെയ്തു.
- മൂന്നാമത്തെ പാശ്ചാത്യ ഇതര വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം.
- യുനൈറ്റഡ് സ്റ്റേറ്റ്സ്, ഇന്ത്യ, ബ്രസീൽ എന്നിവക്ക് ശേഷം 10 ദശലക്ഷം കോവിഡ് കേസുകൾ മറികടക്കുന്ന നാലാമത്തെ രാജ്യമായി യുനൈറ്റഡ് കിങ്ഡം മാറി.
- കോമൺവെൽത്ത് ഓഫ് നേഷൻസിൽ അംഗമായി തുടരുമ്പോൾ തന്നെ സ്വാതന്ത്ര്യത്തിെൻറ 55ാം വാർഷികത്തിൽ ബാർബഡോസ് ഒരു റിപ്പബ്ലിക്കായി മാറി.
- കോവിഡ് കേസുകൾ 50 ദശലക്ഷം മറികടക്കുന്ന ആദ്യത്തെ രാജ്യമായി അമേരിക്ക.
- സ്വദേശ ത്ത് ജനാധിപത്യം പുതുക്കുന്നതിനും വിദേശത്ത് സ്വേച്ഛാധിപത്യത്തെ നേരിടുന്നതിനുമായി' യുനൈറ്റഡ് സ്റ്റേറ്റ്സ് ആതിഥേയത്വം വഹിച്ച വെർച്വൽ ഉച്ചകോടിയായ ഡെമോക്രസി സമ്മിറ്റ് നടന്നു.
അഫ്ഗാനിൽനിന്ന് യു.എസ് സേനാ പിന്മാറ്റം
അമേരിക്കൻ അധിനിവേശ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധത്തിന് വിരാമമിട്ട് ആഗസ്റ്റ് 31ന് അവസാന യു.എസ് സൈനികനും അഫ്ഗാനിസ്താനിൽനിന്ന് പിന്മാറി. അഫ്ഗാൻ സ്വതന്ത്ര പരമാധികാര രാജ്യമായി താലിബാൻ പ്രഖ്യാപിച്ചു. സേനാ പിന്മാറ്റം പൂർത്തിയായതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. 2021 സെപ്റ്റംബർ 11ന് അൽഖാഇദ ഭീകരർ അമേരിക്കയിൽ നടത്തിയ ആക്രമണത്തിന് പിറകെ അതേവർഷമാണ് യു.എസ്-നാറ്റോ സഖ്യസേന അഫ്ഗാനിലിറങ്ങുന്നത്.
1996 മുതൽ അഫ്ഗാൻ ഭരിക്കുന്ന താലിബാനെ അട്ടിമറിച്ച അമേരിക്ക, ഉസാമ ബിൻലാദിനെ പിടികൂടി വധിക്കുകയും ചെയ്തിരുന്നു. എന്നാൽ ലക്ഷ്യംനേടിയ അമേരിക്കയും നാറ്റോ സേനയും അഫ്ഗാനിൽ തുടരുകയായിരുന്നു.
അഫ്ഗാനിൽ താലിബാൻ സർക്കാർ
അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപവത്കരിച്ച് താലിബാന്. താലിബാന്റെ രാഷ്ട്രീയകാര്യ വിഭാഗം മേധാവിയായ മുല്ല ബറാദര്‍ താലിബാന് സര്‍ക്കാറിന്റെ തലവൻ. 20 വര്‍ഷത്തിന് ശേഷം അമേരിക്ക സൈന്യം അഫ്ഗാനിസ്താനില്‍ നിന്നും പിന്മാറിയതിന് പിന്നാലെയാണ് താലിബാന് രാജ്യത്ത് ആക്രമണം ശക്തമാക്കിയത്. കുറച്ച് ദിവസങ്ങള്‍ക്കൊണ്ട് തന്നെ അഫ്ഗാന് സൈന്യത്തെ തോല്‍പ്പിച്ച് താലിബാന് രാജ്യം മുഴുവന്‍ പിടിച്ചെടുക്കുകയായിരുന്നു.
ഗനി രാജ്യം വിട്ടു
താലിബാന് അഫ്ഗാനിസ്താന് തലസ്ഥാനം പിടിച്ചതായുള്ള വാര്‍ത്തകള്‍ക്കു പിന്നാലെ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു. രാജ്യംവിടുന്നതിനു മുമ്പ് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെച്ചതായും റിപ്പോര്‍ട്ടുകൾ പുറത്തുവന്നു.
ഹർനാസ് സന്ധു വിശ്വസുന്ദരി
21 വര്‍ഷത്തിനു ശേഷം ഇന്ത്യയിലേക്ക് വീണ്ടും വിശ്വസുന്ദരിപ്പട്ടമെത്തി. പഞ്ചാബ് സ്വദേശി ഹർനാസ് സന്ധു ആണ് 70ാമത് മിസ് യൂനിവേഴ്സ് സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടിയത്.
ഓങ് സാന്‍ സൂചി വീണ്ടും തടവിൽ
സമാധാനത്തിന് നൊബേല്‍ സമ്മാനം നേടിയ മ്യാന്മര് നേതാവ് ഓങ് സാന്‍ സൂചിയെ പട്ടാള ഭരണകൂടം വീണ്ടും തടവിലിട്ടു. 2020ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സൂചി വിജയിക്കുകയും അധികാരം നിലനിര്‍ത്തുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു പട്ടാള തീരുമാനം. സൂചിയെ മോചിപ്പിക്കാനും രാജ്യത്ത് ജനാധിപത്യം കൊണ്ടുവരാനുമായി ജനങ്ങള്‍ തെരുവിലിറങ്ങി.
- അമേരിക്ക, ഇന്ത്യ, ബ്രസീൽ, യുനൈറ്റഡ് കിങ്ഡം എന്നിവക്ക് ശേഷം 10 ദശലക്ഷം കോവിഡ് കേസുകൾ മറികടക്കുന്ന അഞ്ചാമത്തെ രാജ്യമായി റഷ്യ മാറി.
- യു.എസിൽ കെൻറക്കി സംസ്ഥാനത്ത് ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ 136 പേർ മരിച്ചു. ദേശീയ ദുരന്തമായി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ചു.
- കാലാവസ്ഥയെ സുരക്ഷയുമായി ബന്ധിപ്പിക്കുന്ന കരട് പ്രമേയം യു.എൻ രക്ഷാസമിതിയിൽ പാസായില്ല. വൻശക്തി രാഷ്ട്രങ്ങളിലുൾപ്പെടുന്ന റഷ്യ വീറ്റോ അധികാരം ഉപയോഗിച്ചതോടെയാണ് പ്രമേയം പരാജയപ്പെട്ടത്. 12 അംഗ രക്ഷാസമിതിയിൽ റഷ്യയും ഇന്ത്യയുമാണ് എതിർത്ത് വോട്ട് ചെയ്തത്.
- ജപ്പാനിലെ മനോരോഗ ക്ലിനിക്കിലുണ്ടായ തീപിടിത്തതിൽ 27 പേർ മരിച്ചു. ഒസാക ജില്ലയിലെ തിരക്കേറിയ വാണിജ്യ കെട്ടിടത്തിലെ നാലാം നിലയിലാണ് തീപിടിത്തം.
- ഹെയ്തിയിൽ തട്ടിക്കൊണ്ടുപോയ ക്രിസ്ത്യൻ സുവിശേഷസംഘത്തിലെ എല്ലാവരും മോചിതരായതായി ഹെയ്തി പൊലീസ് വക്താവ് ഗാരി ഡെസ്റോസീർസ് അറിയിച്ചു.
- അർധ സ്വയം ഭരണമേഖലയായ ഹോങ്കോങ്ങിൽ ലെജിസ്ലേറ്റിവ് കൗൺസിൽ തെരഞ്ഞെടുപ്പ് പൂർത്തിയായി. ചൈന നിയന്ത്രണങ്ങൾ കടുപ്പിച്ച ശേഷം ആദ്യമായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
- ഫിലിപ്പീൻസിൽ ഏറ്റവും വലിയ നാശം വിതച്ച റായി ചുഴലിക്കൊടുങ്കാറ്റിൽ മരണസംഖ്യ 375 പിന്നിട്ടു. 56 പേരെ കാണാതായി.
- സംഘർഷഭൂമിയായി മാറിയ വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടു.
- സിൻജ്യങ് പ്രവിശ്യയിലെ ഉയ്ഗൂർ വംശഹത്യ വിഷയത്തിൽ ചൈനയും യു.എസും തമ്മിൽ നയതന്ത്ര സംഘർഷം. ചൈന നടത്തുന്ന വംശഹത്യക്കെതിരെ നേരത്തേ യു.എസ് പ്രഖ്യാപിച്ച നയതന്ത്ര ഉപരോധത്തിന് മറുപടിയായി നാല് ഉദ്യോഗസ്ഥർക്ക് ബെയ്ജിങ് ഭരണകൂടവും വിലക്ക് പ്രഖ്യാപിച്ചു.
- തിബത്ത് വിഷയങ്ങളിലെ സ്പെഷൽ കോഓഡിനേറ്ററായി ഇന്ത്യൻ വംശജയായ നയതന്ത്ര പ്രതിനിധി ഉസ്റ സിയയെ നിയമിച്ച് അമേരിക്ക.
- 2019നുശേഷം വധശിക്ഷ വീണ്ടും നടപ്പാക്കി ജപ്പാൻ. പ്രധാനമന്ത്രി ഫൂമിയോ കിഷിദക്കു കീഴിലെ ആദ്യത്തെ വധശിക്ഷയാണിത്.
- ടിയാനൻമെൻ കൂട്ടക്കുരുതിയുടെ സ്മാരക സ്തംഭം ഹോങ്കോങ് സർവകലാശാലയിൽ നിന്ന് നീക്കി.
യൂറോപ്പിലെ വെള്ളപ്പൊക്കം
യൂറോപ്പിന്റെ സമകാലിക ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം. കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ ജര്‍മ്മനിയുടെയും ബെല്‍ജിയത്തിന്റെയും അതിര്‍ത്തികളില്‍ വെള്ളം ഉയർന്നു. ജർമനിയിൽ 184, ബെൽജിയത്തിൽ 42, റൊമാനിയയിൽ 2 എന്നിവയുൾപ്പെടെ 229 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മന്ദഗതിയിലുള്ള ജെറ്റ് സ്ട്രീമാണ് ഈ സംഭവത്തിന് കാരണമായതെന്ന് കാലാവസ്ഥ വകുപ്പ്. സർക്കാർ കണക്കുകൾ പ്രകാരം 500 ദശലക്ഷം യൂറോ (600 ദശലക്ഷം ഡോളർ) ചിലവിൽ 2,10,000 ഹെക്ടർ (5,00,000 ഏക്കർ) വിളകൾ നശിച്ചു.
ചിലിയില്‍ ഇടത് വസന്തം
ചിലിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഗബ്രിയേൽ ബോറിച്ച് എന്ന 35 കാരന്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ഇദ്ദേഹം. തീവ്ര വലതുപക്ഷ അനുഭാവിയായ ഹോസെ അന്റോണിയോ കാസ്റ്റിനെയാണ് പരാജയപ്പെടുത്തിയത്. കടുത്ത മത്സരത്തിനൊടുവിൽ ഗബ്രിയേൽ ബോറിച്ച് 56 ശതമാനം വോട്ടുകളും ഹോസെ അന്റോണിയോ കാസ്റ്റ് 44 ശതമാനം വോട്ടുകളുമാണ് നേടിയത്.
- വിക്കി ലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻ ജിനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് യു .എസ് നൽകിയ അപ്പീൽ ബ്രിട്ടീഷ് ഹൈകോടതി അംഗീകരിച്ച.
- അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങൾ സംബന്ധിച്ച രഹസ്യ രേഖകൾ ചോർത്തിയതിന് വിചാരണ ചെയ്യാൻ അസാൻജിനെ കൈമാറണമെന്നാണ് യു.എസ് ആവശ്യപ്പെട്ടത്.
ഹൃദയം തകർന്ന് ഹെയ്തി
ഹെയ്തിയില്‍, റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2250ഓളം പേർ മരിച്ചു. ആഗസ്റ്റ് 14ന് ഉണ്ടായ ഭൂകമ്പത്തില്‍ 12763 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് തീവ്ര ബാധിത മേഖലകളില്‍ നിന്നായി 329 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഭൂകമ്പത്തിന് പിന്നാലെ ഉഷ്ണമേഖലാ കൊടുങ്കാറ്റും ഹെയ്തിയില്‍ നാശം വിതച്ചു. പിന്നാലെ 900 ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത്. ദുരന്തത്തില്‍ 53000 വീടുകള്‍ പൂര്‍ണമായും 83000 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.