കോവിഡിനൊപ്പം കരുതലോടെ, കർഷക വീര്യത്തിൽ മുട്ടുമടക്കൽ... ദേശീയം പോയവർഷം
text_fieldsകോവിഡിനൊപ്പം കരുതലോടെ മുന്നോട്ട്...
2020 തുടക്കത്തിൽ ആരംഭിച്ച കോവിഡ് മഹാമാരി 2021ലും തുടർന്നു. ജനുവരിയിൽ ആശ്വാസത്തോടെ ഇളവുകൾ ലഭിച്ചെങ്കിലും മേയിൽ രാജ്യത്ത് രണ്ടാം തരംഗം ആഞ്ഞുവീശി. യു.പിയിലും ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. രോഗികളെ കിടത്താൻ കിടക്കയില്ലാതെയും മൃതദേഹങ്ങൾ സംസ്കരിക്കാൻ ഇടമില്ലാതെയും കൂട്ടിയിട്ട് കത്തിക്കുകയും ഗംഗ ഉൾപ്പെടെ നദികളിൽ ഒഴുക്കുകയും ചെയ്തു. ഒാക്സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഇന്ത്യക്ക് സഹായവുമായി ഓക്സിജൻ എത്തി.
140 കോടി കടന്ന് വാക്സിനേഷൻ
ഇന്ത്യയിൽ കോവിഡ് പ്രതിരോധ വാക്സിനായി കോവിഷീൽഡും കോവാക്സിനും ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകി. ജനുവരി 16ന് ഡൽഹി എയിംസിലെ ശുചീകരണ തൊഴിലാളി മനീഷ് കുമാറാണ് ആദ്യ വാക്സിൻ സ്വീകരിച്ചയാൾ. ഓക്സ്ഫഡ്-ആസ്ട്രസനകയുമായി സഹകരിച്ച് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഷീൽഡ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് ഹൈദരാബാദിലെ ഭാരത് ബയോടെക് നിർമിച്ച കോവാക്സിൻ എന്നിവയാണ് നൽകിവരുന്നത്.
മാർച്ച് ഒന്നിന് കുത്തിവെപ്പിന്റെ രണ്ടാംഘട്ടത്തിന് തുടക്കമിട്ടു. 60 വയസ്സ് പിന്നിട്ടവർക്കും 45ന് മുകളിലുള്ളവർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്സിൽ നൽകിയത്. ഇതുവരെ 140 കോടിയിലധികം ഡോസ് വാക്സിനാണ് രാജ്യത്ത് പൂർത്തിയായത്. ഡിസംബർ 22വരെ കേരളത്തിൽ വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം പേര്‍ക്ക് (2,60,09,703) ആദ്യ ഡോസും 75 ശതമാനം പേര്‍ക്ക് (2,00,32,229) രണ്ടാം ഡോസും വാക്സിൻ നല്കി.
കർഷക വീര്യത്തിൽ മുട്ടുമടക്കി ഭരണകൂടം
2020 സെപ്റ്റംബർ 14നാണ് കാർഷിക നിയമത്തിെൻറ ഓഡിനൻസ് പാർലമെൻറിലെത്തിയത്. സെപ്റ്റംബർ 17ന് ലോക്സഭയും സെപ്റ്റംബർ 20ന് രാജ്യസഭയിൽ ശബ്ദവോട്ടോടെയും പാസാക്കി. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങളെ വകവെക്കാതെയായിരുന്നു പാർലമെൻറിലെ നടപടി.
പഞ്ചാബിൽനിന്നാണ് നിയമങ്ങൾക്കെതിരായ ആദ്യ സമരമുണ്ടായത്. 2020 സെപ്റ്റംബർ 24നാണ് നിയമത്തിനെതിരെ പഞ്ചാബിൽ കർഷകർ സമരത്തിനിറങ്ങിയത്. അത് പിന്നീട് ഹരിയാന, യു.പി, ഡൽഹി തുടങ്ങി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും നീണ്ടു. ഒരുവർഷം നീണ്ട സമരത്തിനിടെ 700ഓളം കർഷകരുടെ ജീവനാണ് വെടിഞ്ഞത്.
ആകെ 12 പ്രാവശ്യമാണ് കേന്ദ്രസർക്കാർ കർഷകരുമായി ചർച്ച നടത്തിയത്. കാർഷിക നിമയത്തിനെതിരെ കർഷകർ സുപ്രീംകോടതിയിലേക്ക് നീങ്ങി. ഡിസംബർ 11ന് ഭാരതീയ കിസാൻ യൂനിയൻ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി ഇടപെടലിെൻറ ഭാഗമായി ഡിസംബർ 16ന് കർഷകരും സർക്കാറുമായി ചർച്ചക്ക് സുപ്രീംകോടതി സമിതി രൂപവത്കരിച്ചു. പിന്നാലെ 2021 ജനുവരി 12ന് നിയമങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. 2021 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ കർഷകർ ട്രാക്ടർ മാർച്ച് നടത്തി. ഇത് വലിയ സംഘർഷത്തിലേക്കും പ്രതിഷേധത്തിലേക്കും എത്തി. മാർച്ച് എട്ടിനാണ് സിംഗു അതിർത്തിൽ വെടിവെപ്പ് ഉണ്ടായത്. ആഗസ്റ്റ് ഏഴിന് സമരത്തിന് പിന്തുണയുമായി 14 പ്രതിപക്ഷ പാർട്ടികളെത്തി. ഒടുവിൽ നവംബർ 19ന് നിയമം പിൻവലിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
കർഷകസമരത്തിനിടെ ഉത്തർപ്രദേശിലെ ലഖിംപുരിൽ കാർ ഇടിച്ചുകയറ്റി നാല് കർഷകരെ കൊന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയും സംഘവുമായിരുന്നു വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. തുടർന്നുണ്ടായ സംഘർഷത്തിൽ നാല് പേരും കൊല്ലപ്പെട്ടു. ഏറെ നാളുകൾക്ക് ശേഷം പ്രതി ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
വിവാദ നിയമങ്ങൾ
കരാർ കൃഷിക്ക് വൻകിട കമ്പനികൾക്കും കയറ്റുമതിക്കാർക്കും മുൻകൂട്ടി നിശ്ചയിച്ച വിലക്ക് കർഷകരുമായി നേരിട്ട് ഉടമ്പടിയിലെത്താൻ അവസരമൊരുക്കുന്ന നിയമം
മണ്ഡികളിൽ ഇടനിലക്കാർ മുഖേന കാർഷികോൽപന്നങ്ങൾ വിൽക്കുന്ന നിലവിലുള്ള രീതിമാറ്റി ഇതരസംസ്ഥാനങ്ങളിൽ കൊണ്ടുപോയും വ്യാപാരം നടത്താൻ അനുമതി നൽകുന്ന നിയമം. തർക്കമുണ്ടായാൽ സബ് ഡിവിഷനൽ മജിസ്ട്രേട്ടിനെ സമീപിക്കണം
അവശ്യവസ്തുക്കൾ ശേഖരിക്കാനുള്ള സർക്കാറിെൻറ അവകാശം പരിമിതപ്പെടുത്തുന്ന അവശ്യവസ്തു ഭേദഗതി നിയമം
ബംഗാൾ വീണ്ടും മമതക്കൊപ്പം
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് 215 സീറ്റുകൾ നേടി ഭരണത്തുടർച്ച നേടി. ബി.ജെ.പി മുഖ്യ പ്രതിപക്ഷമായി. നന്ദിഗ്രാം മണ്ഡലത്തിൽ തൃണമൂലിൽനിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിയ സുവേന്ദു അധികാരിയോട് മമത തോറ്റു. എന്നാൽ, ഭവാനിപുർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലൂടെ മമത വിജയിച്ചു. ഇടതുപക്ഷ സാന്നിധ്യമില്ലാത്ത ആദ്യ ബംഗാൾ നിയമസഭയാണ് ഇത്തവണത്തേത്. ബംഗാൾ പിടിക്കാൻ ബി.ജെ.പി കേന്ദ്ര ഭരണത്തിന്റെ മുഴുവൻ സ്വാധീനവും ഉപയോഗിച്ചെങ്കിലും ഫലംകണ്ടില്ല. 292 സീറ്റുകളാണ് ബംഗാളിൽ ആകെയുള്ളത്.
സ്റ്റാലിന്റെ പടയോട്ടം
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ 159 സീറ്റുകൾ നേടി ഡി.എം.കെ നേതൃത്വം നൽകുന്ന മുന്നണി അധികാരത്തിലെത്തി. ഡി.എം.കെയുടെ അന്തരിച്ച സ്ഥാപകനേതാവ് കരുണാനിധിയുടെ മകൻ എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയായി. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, വി.സി.കെ തുടങ്ങിയവയായിരുന്നു മുന്നണിയിലെ മറ്റ് പാർട്ടികൾ. ജയലളിതയുടെ മരണത്തിന് ശേഷം ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട എ.ഐ.എ.ഡി.എം.കെ -ബി.ജെ.പി സഖ്യം 75 സീറ്റുകൾ നേടി.
അസമിൽ ബി.ജെ.പി ഭരണത്തുടർച്ച
അസമിൽ 126ൽ 76 സീറ്റുകൾ നേടി ബി.ജെ.പി ഭരണത്തുടർച്ച നേടി. ഹിമന്ത ബിശ്വ ശർമ മുഖ്യമന്ത്രിയായി. പൗരത്വ പ്രക്ഷേഭത്തിന്റെ പേരിൽ അന്യായമായി ജയിലിലടച്ച അഖിൽ ഗൊഗോയ് ബെയിലിൽനിന്ന് മത്സരിച്ച് ജയിച്ചത് ശ്രദ്ധേയമായി. അദ്ദേഹം പിന്നീട് ജയിൽമോചിതനായി.
- പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് - ബി.ജെ.പി സഖ്യം അധികാരത്തിലെത്തി. എൻ.ആർ കോൺഗ്രസിന്റെ സ്ഥാപകൻ എൻ. രംഗസാമി മുഖ്യമന്ത്രിയായി. 30ൽ 16 സീറ്റാണ് അവർക്ക് ലഭിച്ചത്.
- അനധികൃത സ്വത്ത് സമ്പാദന കേസിൽ നാലു വർഷമായി ബംഗളൂരുവിലെ ജയിലിൽ കഴിഞ്ഞ ജയലളിതയുടെ തോഴിയും എ.ഐ.എ.ഡി.എം.കെ മുൻ ജനറൽ സെക്രട്ടറിയുമായ വി.കെ. ശശികല ജയിൽ മോചിതയായി. സജീവ രാഷ്ട്രീയത്തിലേക്കെന്ന് ആദ്യം സൂചനകൾ നൽകിയ ശശികല പിന്നീട് സജീവ രാഷ്ട്രീഷം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. ജയലളിത 44 വർഷം താമസിച്ച പോയസ് ഗാർഡനിലെ 'വേദനിലയം' സ്മാരകമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും കോടതിയെ സമീപിച്ച ബന്ധുക്കൾക്ക് വിട്ടുനൽകി.
- ഹാഥറസിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടിയെ കുറിച്ച് വാർത്ത തയാറാക്കാൻ പോകവെ യു.പി പൊലീസ് പിടികൂടി ജയിലിലടച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് കോടതി ജാമ്യം നിഷേധിച്ചു.
- ലോകത്തെ ഏറ്റവും ദൈർഘ്യവും പ്രയാസവുമേറിയ വിമാനപാതകളിലൊന്നായ സാൻഫ്രാൻസിസ്കോ - ബംഗളൂരു പാതയിൽ നിർത്താതെ 17 മണിക്കൂർ വിമാനം പറഞ്ഞി എയർ ഇന്ത്യയുടെ പെൺപട ചരിത്രം സൃഷ്ടിച്ചു.
- പുതിയ പാർലമെന്റ് സമുച്ചയമായ സെൻട്രൽ വിസ്റ്റയുടെ നിർമാണം തുടരുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതി വിധിച്ചു.
- റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ പ്രേരണക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
- കേന്ദ്രസർക്കാർ പുതിയ ഐ.ടി ചട്ടം പുറത്തിറക്കി. വിവര സാങ്കേതികവിദ്യ (മധ്യവർത്തി മാർഗനിർദേശങ്ങൾ, ഡിജിറ്റൽ-മാധ്യമ സഭാചാര സംഹിത) ചട്ടം 2021 എന്ന പേരിൽ പുറത്തിറക്കിയ ചട്ടം സമൂഹമാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ ഉദ്ദേശിച്ചുള്ളതാണ്. ചട്ടപ്രകാരം നടപടികൾ കൈക്കൊള്ളാൻ വിസമ്മതിച്ച ട്വിറ്ററിന്റെ നിയമപരിരക്ഷ കേന്ദ്രസർക്കാർ എടുത്തു കളഞ്ഞു. ഭീഷണിക്ക് വഴങ്ങിയ ട്വിറ്റർ ഒടുവിൽ നടപടികൾ സ്വീകരിച്ചു.
- പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ഉമർ ഗൗതമിനെ യു.പി പൊലീസ് മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തു.
- ഭൂരിപക്ഷം നഷ്ടമായതിനെ തുടർന്ന് പുതുച്ചേരിയിൽ കോൺഗ്രസിലെ വി. നാരായണ സാമി സർക്കാർ രാജിവെച്ചു. എം.എൽ.എമാർ രാജിവെച്ചതിനെ തുടർന്നാണ് ഭൂരിപക്ഷം നഷ്ടമായത്.
- ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ഡൽഹി ദേശീയ തലസ്ഥാന പ്രദേശ നിയമ ഭേദഗതി ബിൽ പാസാക്കി
- ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സി.ബി.ഐ കോടതി വെറുതെ വിട്ടു.
- നമ്പി നാരായണൻ ചാരക്കേസ് ഗൂഢാലോചനയിൽ ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ അേന്വഷണത്തിന് സുപ്രീംകോടതി വിധി.
- ഡുംക ട്രഷറി കേസിലും ആർ.ജെ.ഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിന് ജാമ്യം ലഭിച്ചതോടെ ജയിൽമോചിതനായി.
- സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് എസ്.എ. ബോബ്ഡേ വിരമിച്ചു.
- മുംബൈയിലുണ്ടായ ബാർജ് അപകടത്തിൽ ഏഴ് മലയാളികൾ മരിച്ചു.
- മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുൺ മിശ്രയെ മനുഷ്യാവകാശ കമീഷൻ ചെയർമാനായി നിയമിച്ചു.
- വിജയ് മല്യ, മെഹുൽ ചോക്സി, നീരവ് മോദി എന്നിവരുടെ 9371 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി ബാങ്കുകൾക്ക് കൈമാറി.
- മിസോറം ഗവർണറായിരുന്ന കേരളത്തിലെ ബി.ജെ.പി നേതാവ് പി.എസ്. ശ്രീധരൻ പിള്ളയെ ഗോവ ഗവർണറായി നിയമിച്ചു.
- കേന്ദ്ര മന്ത്രിസഭ അഴിച്ചുപണിതു. 36 പുതിയ മന്ത്രിമാർ, 15 പേർക്ക് കാബിനറ്റ് പദവി, 77 അംഗ മന്ത്രിസഭ. 12 മന്ത്രിമാർക്ക് കസേര നഷ്ടം
- യു.പി, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലുണ്ടായ ഇടിമിന്നൽ ദുരന്തത്തിൽ 71 മരണം
- സഹകരണ സംഘങ്ങൾ സംബന്ധിച്ച ഭരണഘടനയുടെ 97ാം ഭരണഘടന ഭേദഗതി സുപ്രീംകോടതി ഭാഗികമായി റദ്ദാക്കി. ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ ഇടപാടുകളുള്ളതോ കേന്ദ്രഭരണ പ്രദേശത്തുള്ളതോ ആയ സഹകരണ സംഘങ്ങളിൽ മാത്രമേ കേന്ദ്ര നിയന്ത്രണം സാധ്യമാവൂ എന്ന് കോടതി വ്യക്തമാക്കി.
- പഞ്ചാബ് കോൺഗ്രസിന്റെ പ്രസിഡന്റായി നവ്ജോത് സിങ് സിദ്ദു ചുമതലയേറ്റു.
- കർണാടക മുഖ്യമന്ത്രി ബി.ജെ.പിയിലെ ബി.എസ്. യെദിയൂരപ്പ രാജിവെച്ചു. ബസവരാജ് ബൊമ്മൈ പുതിയ മുഖ്യമന്ത്രി.
- സ്വകാര്യതാനയത്തിൽ വാട്സ് ആപ് മാറ്റം വരുത്തിയതോടെ സിഗ്നൽ എന്ന പുതിയ ആപ്പിലേക്ക് ആളുകൾ കൂട്ടത്തോടെ മാറാൻ തുടങ്ങി.
- ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് എന്നിവർ രാജിവെച്ചു. ചരൺജിത് സിങ് ചന്നി പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി. ഭൂപേന്ദ്ര പട്ടേലാണ് ഗുജറാത്ത് മുഖ്യമന്ത്രി.
- മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 13 രോഗികൾ വെന്തുമരിച്ചു. പാൽഘർ ജില്ലയിലെ വിരാറിൽ വിജയ് വല്ലഭ് ആശുപത്രിയിൽ ഏപ്രിൽ 23ന് പുലർച്ചെയാണ് അപകടം. തീവ്രപരിചരണ വിഭാഗത്തിലെ എയർ കണ്ടീഷണറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.
- പൗരത്വ പ്രക്ഷോഭത്തിന്റെ പേരിൽ യു.എ.പി.എ ചുമത്തി ജയിലിലടച്ച വിദ്യാർഥിനേതാക്കളായ ആസിഫ് ഇഖ്ബാൽ തൻഹ, നതാഷ നർവാൾ, ദേവാംഗന കലിത എന്നിവർക്ക് ജാമ്യം ലഭിച്ചു.
- ഉത്തരാഖണ്ഡിൽ മഞ്ഞുപാളി സ്ഫോടനവും മിന്നൽ പ്രളയവും മൂലം 83 പേർ മരിച്ചു. അതേസമയം, 121 പേരെ കണ്ടെത്താനായിട്ടില്ല. കാണാതായവരിൽ മിക്കവരും നാഷനൽ തെർമൽ പവർ കോർപറേഷൻ ലിമിറ്റഡിന്റെ ജലവൈദ്യുത നിലയത്തിലെ തൊഴിലാളികളായിരുന്നു.
പത്മവിഭൂഷൺ
എസ്.പി. ബാലസുബ്രഹ്മണ്യം
ഷിൻ സോ ആബെ
മൗലാന വഹീദുദ്ദീൻ ഖാൻ
പത്മഭൂഷൺ
കെ.എസ്. ചിത്ര
കൈതപ്രം ദാമോദരൻ നമ്പൂതിരി
കോച്ച് ഒ.എം. നമ്പ്യാർ
കെ.കെ. രാമചന്ദ്ര പുലവർ
ബാലൻ പൂതേരി
ഡോ. ധനഞ്ജയ് ദിവാകരൻ സഗ്ദിയോ
പത്മശ്രീ
അലി മണിക്ഫാൻ
പ്രവാസി ഭാരതീയ സമ്മാൻ
ന്യൂസിലൻഡ് മന്ത്രിയായ പ്രിയങ്ക രാധാകൃഷ്ണൻ അടക്കം നാലു മലയാളികൾക്ക് പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ലഭിച്ചു. ഡോ. മോഹൻ തോമസ് പകലോമറ്റം, ഡോ. സിദ്ദീഖ് അഹ്മദ്, ബാബുരാജൻ വാവ കല്ലുപറമ്പിൽ എന്നിവരാണ് മറ്റുള്ളവർ. മൊത്തം 30 പേർക്ക് അവാർഡ് ലഭിച്ചു.
ലഹരി പാർട്ടി കേസിൽ താരപുത്രൻ
ഒക്ടോബര്‍ മൂന്നിന് രാവിലെയാണ് കേള്‍ക്കുന്നവര്‍ക്ക് ഞെട്ടല്‍ ഉളവാക്കിയ ആ വാര്‍ത്ത വരുന്നത്. മുംബൈ തീരത്ത് ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നടൻ ഷാരൂഖ് ഖാന്റെ മകന് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ പിടിയിലായി എന്ന വാര്‍ത്ത. ആര്യൻ ഖാന്റെ അറസ്റ്റ് നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരി പാര്‍ട്ടി നടന്നത്. മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി വക്താവുമായ നവാബ് മാലിക്ക് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. കേസ് കെട്ടിച്ചമച്ചതാണെന്നും ബോളിവുഡ് താരങ്ങളെ മാത്രമല്ല ബി.ജെ.പിക്കൊപ്പം നിന്ന് മഹാരാഷ്ട്രയെയും അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ആരോപണം. എൻ.സി.ബി ഉദ്യോഗസ്ഥനായ സമീര്‍ വാംഖഡെ ഉള്‍പ്പെടെയുള്ളവര്‍ ഷാരൂഖ് ഖാനില്‍നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന സാക്ഷി പ്രഭാകര്‍ സെയ്ലിന്റെ പ്രസ്താവനയും വിവാദമായി. ആരോപണങ്ങള്‍ എൻ.സി.ബി നിഷേധിച്ചെങ്കിലും മുംബൈ പൊലീസ് സമീര്‍ വാംഖഡെക്കെതിരെ അന്വേഷണം ആരംഭിച്ചു. 26 ദിവസത്തിന് ശേഷം ആര്യന് ജാമ്യം ലഭിച്ചു.
ശൈശവ വിവാഹ നിരോധന ബില്ല്
പെൺകുട്ടികളുടെ വിവാഹ പ്രായം 21ആയി ഉയർത്താനുള്ള ശൈശവ വിവാഹ നിരോധന നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അതരിപ്പിച്ചു. പ്രതിപക്ഷ രോഷപ്രകടനത്തിനിടെ വിശദ പരിശോധനക്ക് വനിതാ ശിശുക്ഷേമ വകുപ്പിെൻറ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താൻ ഹിന്ദു വിവാഹ നിയമം, പ്രത്യേക വിവാഹ നിയമം, ബാലവിവാഹ നിരോധന നിയമം എന്നിവയിൽ ഭേദഗതി വരുത്തുന്ന ബില്ലാണ് അവതരിപ്പിച്ചത്. ലിംഗസമത്വം, സ്ത്രീയുടെയും കുട്ടിയുടെയും ആരോഗ്യം, ശിശു മരണനിരക്ക് കുറക്കൽ, തൊഴിൽ-വിദ്യാഭ്യാസാവസരം, ജനസംഖ്യ നിയന്ത്രണം തുടങ്ങി വിവിധ വിഷയങ്ങൾ മുൻനിർത്തിയാണ് വിവാഹപ്രായ ഏകീകരണം. 18ാം വയസ്സിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ അവകാശമുള്ള പെൺകുട്ടിക്ക് സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാൻ 21 വരെ കാത്തിരിക്കണമെന്ന നിയമഭേദഗതി സ്ത്രീകളുടെ വിവാഹാവകാശം ലംഘിക്കുന്നതാണെന്ന് കാണിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തുണ്ട്.
മണിപ്പൂരില്‍ ഭീകരാക്രമണം
മണിപ്പൂരില്‍ മ്യാന്മര് അതിര്‍ത്തിക്കടുത്ത് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ കരസേനാ കേണലും ഭാര്യയും മകനും മൂന്ന് സൈനികരും കൊല്ലപ്പെട്ടു. മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ നവംബർ 13ന് ആയിരുന്നു ആക്രമണം. 46 അസം റൈഫിള്‍സിന്റെ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. ഫോര്‍വേഡ് ക്യാമ്പില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ പതിയിരുന്ന ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ), മണിപ്പൂർ നാഗാ പീപ്പിൾസ് ഫ്രണ്ട് (എം.എൻ.പി.എഫ്) എന്നീ സംഘടനകളാണ് ആക്രമണത്തിന് പിന്നിൽ.
- കേന്ദ്രമന്ത്രി നാരായൺ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ തല്ലുമെന്ന പരാമർശത്തെ തുടർന്നാണ് അറസ്റ്റ്.
- ഡൽഹി നിയമസഭ മന്ദിരത്തിൽനിന്ന് ചെങ്കോട്ടയിലേക്ക് തുരങ്കം കണ്ടെത്തി.
- വനിതകൾക്ക് നാഷനൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി എന്നിവയിൽ പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.
- എം. ലീലാവതിക്ക് കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ് ലഭിച്ചു.
- വി.ആർ. ചൗധരി വ്യോമസേനയുടെ പുതിയ മേധാവി
- അസമിൽ അനധികൃത കുടിയേറ്റങ്ങൾ എന്നാരോപിച്ച് 800 ഓളം വീടുകൾ പൊലീസ് ഒഴിപ്പിച്ചു. പ്രതിഷേധക്കാർക്കുനേരെ പൊലീസ് വെടിവെച്ചു. വെടിയേറ്റ് വീണയാളുടെ ദേഹത്ത് ചാടിച്ചവിട്ടുന്ന ജില്ല ഭരണകൂടത്തിന്റെ ഫോട്ടോഗ്രാഫറുടെ ദൃശ്യങ്ങൾ പ്രതിഷേധത്തിനിടയാക്കി.
- നോർത്ത് ഡൽഹിയിലെ രോഹിണി കോടതി മുറിയിലുണ്ടായ വെടിവെപ്പിൽ ഗുണ്ടാതലവൻ ജിതേന്ദർ ഗോഗി അടക്കം മൂന്നുപേർ കൊല്ലപ്പെട്ടു.
- 2015ൽ ഭരണഘടന വിരുദ്ധമെന്ന് സുപ്രീംകോടതി വിധിച്ച ഐ.ടി നിയമത്തിലെ 66A വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയുടെ താക്കീത്
- സി.ബി.ഐയുടെ പുതിയ ഡയറക്ടറായി സുബോധ് കുമാർ ജയ്സ്വാൾ ചുമതലയേറ്റു.
ജമ്മുവിന് കൂടുതൽ മണ്ഡലങ്ങൾ
ജമ്മുമേഖലയിൽ ആറ് സീറ്റും കശ്മീർ മേഖലയിൽ ഒരു സീറ്റും വർധിപ്പിക്കാമെന്ന മണ്ഡല പുനർനിർണയ കമീഷൻ ശിപാർശക്കെതിരെ പ്രതിഷേധം ശക്തം. ജമ്മുവില്‍ കത്വ, സാംബ, ഉധംപുർ, ദോഡ, രജൗരി, കിഷ്ത്വാർ ജില്ലകളിൽ ഒരോ സീറ്റും കശ്മീരിലെ കുപ്വാരയിൽ ഒന്നും കൂട്ടാനാണ് സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായ് അധ്യക്ഷയായ കമീഷന്റെ ശിപാർശ. 2011 സെൻസസ് അടിസ്ഥാനമാക്കിയാണ് ശിപാർശ. 2019ന് മുമ്പ് ജമ്മു-കശ്മീർ നിയമസഭയില്‍ 87 സീറ്റ് ആണ് ഉള്ളത്. (ജമ്മു 37, കശ്മീര്‍ 46, ലഡാക് നാല്). ശിപാർശ അംഗീകരിച്ചാൽ ജമ്മുവിന് 43 ഉം കശ്മീരിന് 47 സീറ്റുമാകും. 2011 സെൻസസിൽ ജമ്മുവിൽ 53.5 ലക്ഷവും കശ്മീരിൽ 68.8 ലക്ഷവുമാണ് ജനസംഖ്യ. ഇതുപ്രകാരം കശ്മീരില്‍ സീറ്റുകൾ 46ൽ നിന്ന് 51 ആയും ജമ്മുവില്‍ 37ൽ നിന്ന് 39ഉം ആവണം.
'വിജയ് ദിവസ്' ആഘോഷത്തിൽ ഇന്ത്യയും ബംഗ്ലാദേശും
ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിനും മനോബലത്തിലും മുന്നിൽ പാകിസ്താൻ പരാജയപ്പെട്ട യുദ്ധത്തിന്റെ 50ാം വാർഷികം രാജ്യം ആഘോഷിച്ചു. 1971 ഡിസംബർ മൂന്ന് മുതൽ 16 വരെ നീണ്ടുനിന്ന ഇന്ത്യ-പാക് യുദ്ധമാണ് ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ പിറവിക്ക് കാരണമായത്. ഡിസംബർ 16 'വിജയ് ദിവസ്' ആയി ഇന്ത്യക്കൊപ്പം ബംഗ്ലാദേശും ആഘോഷിക്കുന്നുണ്ട്. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സൈനിക പരേഡില്‍ അതിഥിയായി ആദരിച്ച് ബംഗ്ലാദേശ് തങ്ങളുടെ അമ്പതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ എത്തി പുഷ്പചക്രം സമർപ്പിച്ചു. യുദ്ധവിജയത്തിന്റെ സ്മരണാർഥം സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു.
നാശം വിതച്ച് ടൗട്ടെ
ദാമൻ ദിയു, ഗോവ, ഗുജറാത്ത്, കർണാടക, കേരള, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ ആഞ്ഞുവീശിയ ടൗട്ടെ ചുഴലിക്കാറ്റിൽ വ്യാപകനാശവും മരണവും. രാജ്യത്തൊട്ടൊകെ 169 പേർ മരിച്ചപ്പോൾ 81 പേരെ കാണാതായി. 15,000 കോടിയുടെ നാശം വിതച്ചതായാണ് കണക്ക്.
തെരെഞ്ഞെടുപ്പ് നിയമ (ഭേദഗതി) നിയമം
ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കുന്നത് ഉൾപ്പെടെ വ്യവസ്ഥകളടങ്ങിയ തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ ഇരുസഭകളും പാസാക്കി. വോട്ടർ പട്ടികയിലെ പേര് ആധാറുമായി ബന്ധിപ്പിക്കുന്നത് വ്യാജ വോട്ടർമാരെ ഒഴിവാക്കാൻ സഹായിക്കുമെന്ന് ബിൽ അവതരിപ്പിച്ച കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു പറഞ്ഞു. ജെ.ഡി.യു, വൈ.എസ്.ആർ കോൺഗ്രസ്, അണ്ണാ ഡി.എം.കെ, ബി.ജെ.ഡി എന്നിവ ബില്ലിനെ പിന്തുണച്ചു.
ഇ.ഡിക്ക് മുന്നിൽ ഐശ്വര്യ റായി
നികുതി വെട്ടിപ്പു ലക്ഷ്യമിട്ടുള്ള വിദേശ നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ടു ബോളിവുഡ് നടി ഐശ്വര്യ റായിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അനധികൃത വിദേശ നിക്ഷേപങ്ങള്‍ സംബന്ധിച്ച 2016ലെ 'പാനമ പേപ്പേഴ്സ്' വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായാണു ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്ത് നടിയെ അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്തത്.
രണ്ട് തവണ മുമ്പ് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ല. ബ്രിട്ടിഷ് വെര്‍ജിന്‍ ദ്വീപിലെ കമ്പനിയില്‍ 2005 മുതല്‍ 2008 വരെ ഐശ്വര്യ നടത്തിയ നിക്ഷേപങ്ങളാണ് ഇ.ഡി പരിശോധിക്കുന്നത്. കമ്പനിയുടെ ഡയറക്ടര്‍ പദവി ഐശ്വര്യ വഹിച്ചിരുന്നുവെന്നാണു വിവരം.
താഹ ഫസലിന് ജാമ്യം
പന്തീരാങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. യു.എ.പി.എ നിലനിൽക്കില്ലെന്നും കോടതി ഉത്തരവിട്ടു. കേരള ഹൈകോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി വിചാരണ കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു. 2019 നവംബര്‍ ഒന്നിനാണ് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോവാദി ബന്ധം ആരോപിച്ച് പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. എൻ.െഎ.എ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലെ വാദങ്ങള്‍ പരിഗണിച്ച് കോടതി ഇരുവര്‍ക്കും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് പ്രായവും, മാനസിക സ്ഥിതിയും കണക്കിലെടുത്ത് അലന് ജാമ്യത്തിൽ തുടരാമെന്നും താഹയുടെ ജാമ്യം റദ്ദാക്കുന്നതായും ഹൈകോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.