കേരളം പോയവർഷത്തിലൂടെ
text_fieldsചരിത്രം, പിണറായി 2.0
15ാം നിയമസഭ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ നയിക്കുന്ന ഇടതു മുന്നണി സർക്കാറിന് ചരിത്രവിജയത്തോടെ ഭരണത്തുടർച്ച. എൽ.ഡി.എഫ് 99 സീറ്റുകളുമായി അധികാരം നിലനിർത്തി. വനിത പ്രാതിനിധ്യം 11. 1982ലെ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് ആദ്യമായാണ് തുടർഭരണം. ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) 41 സീറ്റുകൾ നേടി. എൻ.ഡി.എക്ക് നിലവിലുണ്ടായിരുന്ന ഏക സീറ്റും നഷ്ടപ്പെട്ടു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുടെ തോൽവിയും വടകരയിൽനിന്ന് കെ.കെ. രമയുടെ വിജയവും ശ്രദ്ധനേടി.
മന്ത്രിമാരും വകുപ്പുകളും
- മുഖ്യമന്ത്രി പിണറായി വിജയൻ (സി.പി.എം) ആഭ്യന്തരം, പൊതുഭരണം, വിജിലൻസ്, ജയിൽ തുടങ്ങിയവ
- കെ. രാജൻ (സി.പി.ഐ) ലാൻഡ് റവന്യു, സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ്, ഭൂപരിഷ്കരണം, ഹൗസിങ്
- റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ് എം) ജലവിഭവം, ശുദ്ധജലവിതരണവും സാനിറ്റേഷനും, ഭൂഗർഭജലം, കമാൻഡ് ഏരിയ െഡവലപ്മെന്റ് അതോറിറ്റി
- കെ. കൃഷ്ണൻകുട്ടി (ജനതാദൾ എസ്) വൈദ്യുതി, അനെർട്ട്
- എ.കെ. ശശീന്ദ്രൻ (എൻ.സി.പി) വനം, വന്യജീവി സംരക്ഷണം
- അഹമ്മദ് ദേവർകോവിൽ (ഐ.എൻ.എൽ) തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖകൾ
- ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്) ഗതാഗതം, മോട്ടർ വാഹനം,
- ജലഗതാഗതം വി. അബ്ദുറഹിമാൻ (സി.പി.എം)കായികം, വഖഫും ഹജ്ജ് തീർഥാടനവും, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്, റെയിൽവേ
- ജി.ആർ. അനിൽ (സി.പി.ഐ) ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി
- കെ.എൻ. ബാലഗോപാൽ (സി.പി.എം) ധനം, നാഷനൽ സേവിങ്സ്, സ്റ്റോർസ് പർച്ചേസ്, വാണിജ്യ നികുതി, കാർഷികാദായ നികുതി, ട്രഷറി, ലോട്ടറി
- ആർ. ബിന്ദു (സി.പി.എം) ഉന്നതവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം
- ജെ. ചിഞ്ചുറാണി (സി.പി.ഐ) മൃഗസംരക്ഷണം, ക്ഷീരവികസനം
- എം.വി. ഗോവിന്ദൻ (സി.പി.എം) തദ്ദേശഭരണം– പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ
- പി.എ. മുഹമ്മദ് റിയാസ് (സി.പി.എം) പൊതുമരാമത്ത്, ടൂറിസം
- പി. പ്രസാദ് (സി.പി.ഐ) കൃഷി, മണ്ണു പര്യവേക്ഷണവും മണ്ണു സംരക്ഷണവും
- കെ. രാധാകൃഷ്ണൻ (സി.പി.എം) ദേവസ്വം, പട്ടികജാതി– വർഗ– ഇതര പിന്നാക്ക സമുദായക്ഷേമം, പാർലമെന്ററികാര്യം
- പി. രാജീവ് (സി.പി.എം) വ്യവസായം, നിയമം, വാണിജ്യം, മൈനിങ് ആൻഡ് ജിയോളജി
- സജി ചെറിയാൻ (സി.പി.എം) ഫിഷറീസ്, സാംസ്കാരികം
- വി. ശിവൻകുട്ടി (സി.പി.എം) പൊതുവിദ്യാഭ്യാസം, തൊഴിൽ
- വി.എൻ. വാസവൻ (സി.പി.എം) സഹകരണം, രജിസ്ട്രേഷൻ
- വീണ ജോർജ് (സി.പി.എം) ആരോഗ്യം, കുടുംബക്ഷേമം, വനിത–ശിശുക്ഷേമം
● 17 പുതുമുഖങ്ങൾ അടക്കം 21 പേർ മന്ത്രിസഭയിൽ. സ്പീക്കറായി എം.ബി. രാജേഷും ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറും പ്രതിപക്ഷ നേതാവായി വി.ഡി. സതീശനും തെരഞ്ഞെടുക്കപ്പെട്ടു.
● നിയമസഭ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം കെ.കെ. ശൈലജയും (60963 വോട്ട്) ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നജീബ് കാന്തപുരവും (38 വോട്ട്) നേടി.
വിജയിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി പി.െജ. ജോസഫ് (79 വയസ്സ്). ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി സച്ചിൻ ദേവ് (27 വയസ്സ്)
● മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ അബ്ദുസ്സമദ് സമദാനി വിജയിച്ചു
● നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് വീണ്ടും വനിത സ്ഥാനാർഥി. ലീഗിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിത സ്ഥാനാർഥിയാണ് കോഴിക്കോട് സൗത്തിൽ മത്സരിച്ച അഡ്വ. നൂർബീന റഷീദ്.
- കേരള കോൺഗ്രസ് ജോസഫ് വിഭാഗവും പി.സി. തോമസിന്റെ കേരള കോൺഗ്രസും തമ്മിൽ ലയിച്ചു. സീറ്റ് നിഷേധിച്ചതോടെയാണ് പി.സി. തോമസ് എൻ.ഡി.എ മുന്നണി വിട്ടത്. പി.ജെ. ജോസഫ് പാർട്ടി ചെയർമാനും പി.സി. തോമസ് ഡെപ്യൂട്ടി ചെയർമാനുമായി.
● സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പരസ്യ പ്രതിഷേധം നടത്തിയ ലതിക സുഭാഷിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കി. സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കാത്തതിന് പിന്നാലെ മഹിള കോൺഗ്രസ് അധ്യക്ഷ കൂടിയായിരുന്ന ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.
ഗെയില്‍ പൈപ്പ് ലൈൻ
ഗെയിൽ പൈപ്പ് ലൈൻ ജനുവരി അഞ്ചിന് നാടിന് സമര്‍പ്പിച്ചു. ഗെയില്‍ (ഇന്ത്യ) ലിമിറ്റഡിെൻറ കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഏറെ എതിർപ്പുകൾക്കൊടുവിലായിരുന്നു 450 കിലോമീറ്റര്‍ നീളമുള്ള പൈപ്പ് ലൈനിന്റെ പൂർത്തീകരണം. കേരളത്തിലും കര്‍ണാടകയിലും പരിസ്ഥിതിസൗഹൃദ ഇന്ധനം വ്യാപകമാക്കാൻ 3000 കോടി ചെലവിട്ടാണ് പൈപ്പ് ലൈൻ സ്ഥാപിച്ചത്.
- ഇടുക്കി ജില്ലയിലെ മതികെട്ടാൻചോല ദേശീയോദ്യാനത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കി
- കേരളത്തിലെ ആദ്യ ഹരിത ജയിലായി കണ്ണൂർ സ്പെഷൽ സബ് ജയിലിനെ പ്രഖ്യാപിച്ചു
ഉമ്മൻ ചാണ്ടി എം.എൽ.എ@50
ഉമ്മൻ ചാണ്ടി എം.എൽ.എ സ്ഥാനത്ത് 50 വർഷം പൂർത്തിയാക്കി. 1970ൽ പുതുപ്പള്ളി മണ്ഡലത്തിൽനിന്നാണ് ഉമ്മൻ ചാണ്ടി ജൈത്രയാത്ര തുടങ്ങുന്നത്. 2011ൽ സുജ സൂസൻ ജോർജിനെ 33255 പരാജയപ്പെടുത്തിയതാണ് ഏറ്റവും ഉയർന്ന ഭൂരിപക്ഷം. 1970ൽ നേടിയ 7286 ആണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. 1977ൽ കെ. കരുണാകരൻ സർക്കാറിൽ തൊഴിൽ മന്ത്രി. പിന്നീട് പല മന്ത്രിസഭകളിൽ ആഭ്യന്തര, ധന വകുപ്പുകളുടെ ചുമതല. 2004ൽ മുഖ്യമന്ത്രിയായി. 2006-11 കാലത്ത് പ്രതിപക്ഷ നേതാവ്. 2011-16 കാലത്ത് വീണ്ടും മുഖ്യമന്ത്രിയായി.
- വേമ്പനാട് കായലിൽനിന്ന് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് ശുചീകരണ പ്രവർത്തനം നടത്തിയതിന് രാജപ്പൻ സാഹിബിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
- കേരളത്തിലെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി
- കൊച്ചി മെട്രോയുടെ ആദ്യഘട്ട ജലപ്പാത (വൈറ്റില മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ) ഉദ്ഘാടനം ചെയ്തു
- കേരളത്തിലെ ആദ്യ കാർഷിക എഫ്.എം റേഡിയോയായ കുട്ടനാട് എഫ്.എം പ്രവർത്തനം തുടങ്ങി.
- കേരളത്തിലെ ആദ്യ ട്രൈബൽ താലൂക്ക് പാലക്കാട് അട്ടപ്പാടിയിൽ നിലവിൽ വന്നു
- മാണി സി. കാപ്പന്റെ നാഷനലിസ്റ്റ് കോൺഗ്രസ് കേരളയെ (എൻ.സി.കെ) യു.ഡി.എഫിന്റെ ഘടകകക്ഷിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു
- ബ്രിട്ടീഷ് ഭരണകൂടെത്തെ വിറപ്പിച്ച മലബാർ സമരത്തിൻെറ നൂറാം വാർഷികം നാട് ആഘോഷിച്ചു
വാളയാർ: പൊലീസിനെ ശരിവെച്ച് സി.ബി.ഐ
വാളയാര്‍ കേസില്‍ പൊലീസ് അന്വേഷണം ശരിവെച്ച് സി.ബി.ഐയുടെ കുറ്റപത്രം. പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 13 ഉം ഒമ്പതും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ ബലാത്സംഗമടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്സോ കോടതിയില്‍ സമര്‍പ്പിച്ചത്. ആത്മഹത്യയിലേക്ക് നയിച്ചത് പീഡനം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നയതന്ത്ര രക്തസാക്ഷി കെ. ശങ്കരപിള്ളയുെട സ്മരണക്കായി കാനഡയിൽ ഇന്ത്യൻ എംബസി സ്മാരകം ഒരുക്കി.
- പി.വി. അബ്ദുൽ വഹാബ്, ഡോ. വി. ശിവദാസൻ, ജോൺ ബ്രിട്ടാസ് എന്നിവർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭ അംഗമാകുന്ന ആദ്യ മലയാളി മാധ്യമ പ്രവർത്തകനാണ് ജോൺ ബ്രിട്ടാസ്.
- തീരദേശ മേഖലയിൽനിന്നുള്ള ആദ്യ വനിത കമേഴ്സ്യൽ പൈലറ്റ് എന്ന ഖ്യാതി നേടിയ മലയാളി -ജെന്നി ജെറോം
- ● സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റു. ഡി.ജി.പി ലോക്നാഥ് ബെഹ്റ വിരമിച്ചതോടെയാണ് നിയമനം. ബെഹ്റയെ പിന്നീട് കൊച്ചി മെട്രോ എം.ഡിയായി നിയമിച്ചു.
● വിയനയിലെ സെൻട്രൽ യൂറോപ്യൻ യൂനിവേഴ്സിറ്റിയുടെ (സി.ഇ.യു) ഒാപൺ സൊസൈറ്റി പ്രൈസിന് മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അർഹയായി. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച തുടങ്ങിവെച്ച വനിതയെന്ന റെക്കോഡിനും ഉടമയായി.
കെ-റെയിൽ
കേന്ദ്ര സര്‍ക്കാറിന്റെ സില്‍വര്‍ ലൈന്‍ പ്രോജക്ടിന്റെ ഭാഗമായ സെമി ഹൈസ്പീഡ് കോറിഡോര്‍ പദ്ധതിയാണ് കെ–റെയിൽ. തിരുവനന്തപുരം മുതല്‍ കാസർകോട് വരെയുള്ള 529 കിലോമീറ്ററില്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതുവഴി ശരാശരി 200 കിലോമീറ്റർ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് യാഥാർഥ്യമായാൽ കാസർകോട് നിന്ന് തിരുവനന്തപുരം വരെ നാല് മണിക്കൂറിനുള്ളിൽ യാത്ര നടത്താം. ഏകദേശം 63,941 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി കേരളത്തെ കടക്കെണിയിലാക്കുമെന്നും വൻ പാരിസ്ഥിതിക -സാമൂഹിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും കാണിച്ച് കെ–റെയിൽ വിരുദ്ധ സമിതി രംഗത്തുണ്ട്.
● കൊല്ലം നിലമേലിലെ വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത് നൊമ്പരമായി. ഭർത്താവ് കിരണിന്റെയും ബന്ധുക്കളുടെയും സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചു
● ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണപരിഷ്കാരങ്ങൾക്കെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനം
- പറമ്പികുളം കടുവ സങ്കേതത്തിന് ലോകോത്തര പ്രകൃതി സംരക്ഷണ ഗുണനിലവാര അക്രഡിറ്റേഷൻ ലഭിച്ചു
- കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായി രാജ്യസഭ എം.പി സുരേഷ് ഗോപിയെ നിയമിച്ചു
- കേരള സംസ്ഥാന വനിത കമീഷൻ അധ്യക്ഷയായി അഡ്വ. പി. സതീദേവി ചുമതലയേറ്റു
തരൂർ കുറ്റമുക്തൻ
സുനന്ദ പുഷ്കറിന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ കുറ്റമുക്തനാക്കി
- സ്ത്രീധന പീഡനങ്ങൾക്കെതിരായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഒാഫിസ് കേന്ദ്രീകരിച്ച് 'മകൾക്കൊപ്പം' ഹെൽപ് ഡെസ്ക് ആരംഭിച്ചു
- കോൺഗ്രസ് നേതാവ് വി.എം. സുധീരൻ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽനിന്നും എ.ഐ.സി.സി അംഗത്വത്തിൽനിന്നും രാജിവെച്ചു
- കെ.പി.സി.സി പ്രസിഡന്റ് ആയി കോൺഗ്രസ് നേതാവ് കെ. സുധാകരൻ തെരഞ്ഞെടുക്കപ്പെട്ടു
- കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി
- കുന്നൂർ ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യു വരിച്ച തൃശൂര്‍ പൊന്നൂക്കര സ്വദേശിയും ജൂനിയര്‍ വാറന്റ് ഓഫിസറുമായ എ. പ്രദീപിന്റെ ഭാര്യക്ക് ജോലി നൽകാനും കുടുംബത്തിന് എട്ട് ലക്ഷം ധനസഹായം നൽകാനും കേരള സർക്കാർ തീരുമാനിച്ചു
വീണ്ടും നിപ മരണം
ഭീതിപരത്തി സംസ്ഥാനത്ത് വീണ്ടും നിപ മരണം. 2021 സെപ്റ്റംബർ നാലിന് കോഴിക്കോട് ചാത്തമംഗലം പാഴൂർ സ്വദേശിയായ 12 വയസ്സുകാരൻ മുഹമ്മദ് ഹാഷിമാണ് മരിച്ചത്. കുട്ടിയുമായി അടുത്തിടപഴകിയ മാതാപിതാക്കൾക്കും ആരോഗ്യപ്രവർത്തകർക്കുമൊന്നും നിപ ബാധിക്കാത്തത് ആശ്വാസമായി. 2018 മേയിൽ കോഴിക്കോട് പേരാമ്പ്രയിലാണ് കേരളത്തിൽ ആദ്യം നിപ സ്ഥിരീകരിച്ചത്. 17 പേർ മരിച്ചിരുന്നു. രണ്ടുപേർ രോഗമുക്തരായി. 2019 ജൂണിൽ കൊച്ചിയിൽ നിപ ബാധിച്ച ഇരുപത്തിമൂന്നുകാരനായ വിദ്യാർഥിയും സുഖം പ്രാപിച്ചിരുന്നു
- കേരളത്തിൽ കോവിഡ് വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ഡിസംബർ 29 വരെ 64 പേർക്കാണ് രോഗം ബാധിച്ചത്.
- 2018ന് ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണിത്. അഞ്ചാം തവണയാണ് അണക്കെട്ട് തുറക്കുന്നത്
ഉത്ര വധക്കേസിൽ ഇരട്ട ജീവപര്യന്തം
ഉത്ര വധക്കേസിൽ സൂരജിന് 17 വർഷത്തെ തടവും ഇരട്ട ജീവപര്യന്തവും. പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊല്ലുന്ന, സംസ്ഥാനത്തെ ആദ്യ കേസാണിത്; രാജ്യത്ത് നാലാമത്തേതും.
- കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിക്ക് ഒരു വർഷം തികയാനിരിക്കെ ജാമ്യം
- കൊട്ടിയൂർ പീഡനക്കേസിൽ വിചാരണ കോടതി പ്രതി ഫാ. റോബിൻ വടക്കുഞ്ചേരിക്ക് വിധിച്ച 20 വർഷത്തെ കഠിനതടവ് ഹൈകോടതി 10 വർഷമാക്കി.
- മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് മേൽനോട്ട സമിതിയുടെ നിർദേശം പാലിക്കണമെന്ന് സുപ്രീംകോടതി
- മുല്ലപ്പെരിയാർ മരം മുറി ഉത്തരവ് സർക്കാർ റദ്ദാക്കി
- പുരാവസ്തു വിൽപ്പനക്കാരനെന്ന പേരിൽ 10 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ മോണ്സണ് മാവുങ്കല്‍ അറസ്റ്റില്‍. പല പ്രമുഖരേയും പുരാവസ്തുക്കള്‍ പ്രദർശനം നടത്തിയും വിൽപന നടത്തിയും തട്ടിപ്പ് നടത്തി. ഇയാളുടെ രാഷ്ട്രീയ, സിനിമ, പൊലീസ് ബന്ധങ്ങൾ പുറത്തുവന്നതോടെ തട്ടിപ്പ് വൻ വിവാദമായി
- പെരിയ ഇരട്ടക്കൊലക്കേസിൽ ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചു സി.പി.എമ്മുകാർ അറസ്റ്റിൽ. 2019 ഫെബ്രുവരി 17ന് കാസർകോട് പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത്ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്
ജെൻഡർ ന്യൂട്രൽ യൂനിഫോം
ആൺകുട്ടി-പെൺകുട്ടി വേർതിരിവില്ലാതെ 'ജെൻഡർ ന്യൂട്രൽ യൂനിഫോം' സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കി. രാജ്യമൊട്ടാകെ ചർച്ചചെയ്ത വിഷയമായി ഇത് മാറി.
വഖഫ് ബോർഡിൽ പി.എസ്.സി നിയമനം
വഖഫ് ബോർഡിന് കീഴിലുള്ള തസ്തികകളിലേക്ക് പി.എസ്.സി വഴി നിയമനം നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ഏറെ വിവാദം സൃഷ്ടിച്ചു. 2021 നവംബർ ഒമ്പതിനാണ് പ്രസ്തുത ബിൽ നിയമസഭ ശബ്ദവോട്ടോടെ പാസാക്കിയത്. മസ്ജിദുകളും ഇസ്ലാംമത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്ന ബോർഡിൽ പൊതുനിയമനം നടത്തുന്നത് ശരിയല്ല എന്ന് ചൂണ്ടിക്കാട്ടി മുസ്ലിം സംഘടനകൾ എതിർപ്പുമായി രംഗത്തുവന്നു. പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടു. നിയമനം പി.എസ്.സിക്ക് വിടുന്നത് ധിറുതിപിടിച്ച് നടപ്പാക്കില്ലെന്നും ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടാവുകയുള്ളൂ എന്നും ഉറപ്പുനൽകി.
ചോരപ്പുഴയായി ആലപ്പുഴ
ആലപ്പുഴ ഇത്തവണ രണ്ടു ക്രൂരമായ കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഡിസംബർ 18ന് ശനിയാഴ്ച രാത്രി എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ.എസ്. ഷാനും 19ന് ഞായറാഴ്ച പുലർച്ചെ ബി.ജെ.പിയുടെ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ഇരുസംഭവങ്ങളിലുമായി നിരവധി ആർ.എസ്.എസ്, എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിലായി.
അനുപമം, ഈ പോരാട്ടം
ജനിച്ച മൂന്നാംനാൾ വേർപെടുത്തിയ സ്വന്തം കുഞ്ഞിനെത്തേടിയുള്ള ഒരമ്മയുടെ അന്വേഷണവും പോരാട്ടവും തെരുവിലെ സമരവുമെല്ലാം കേരളം ഏറെ ചർച്ച ചെയ്തു. പ്രതിസ്ഥാനത്ത് സ്വന്തം മാതാപിതാക്കൾ മുതൽ സർക്കാർ സംവിധാനങ്ങളും ഭരിക്കുന്ന പാർട്ടിയും വരെ. ഒടുവിൽ ഡി.എൻ.എ പരിശോധനയിലൂടെ മാതൃത്വം സ്ഥാപിച്ചെടുത്തു സ്വന്തം കുഞ്ഞുമായുള്ള പുനസ്സമാഗമം. സ്വന്തം കുഞ്ഞിന്റെ അവകാശത്തിനായി പേരൂർക്കട സ്വദേശി അനുപമ എസ്. ചന്ദ്രന്റെ അസാധാരണ പോരാട്ടവും വിജയവും രാജ്യത്തുതന്നെ ആദ്യ സംഭവമായിരുന്നു. ഡി.എൻ.എ പരിശോധനാഫലത്തിൽ കുഞ്ഞിന്റെ മാതാവ് അനുപമയാണെന്ന് തെളിഞ്ഞതോടെ നവംബർ 24ന് കുടുംബകോടതി ജഡ്ജിയുടെ ചേംബറിൽ വെച്ച് സ്വന്തം കുഞ്ഞിനെ അധികാരികൾ അനുപമക്ക് കൈമാറി.
കണ്ണീരായി കൂട്ടിക്കലും കൊക്കയാറും
2021 ഒക്ടോബർ 16ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും സമീപ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ കൊക്കയാറിലും ഉരുൾപൊട്ടി 23പേർ മരിച്ചു. കോട്ടയം ജില്ലയിലെ കാവാലിയിൽ ഒരു കുടുംബം മുഴുവൻ ഇല്ലാതായി. മാതാപിതാക്കളും മൂന്നു പെൺമക്കളും മുത്തശ്ശിയുമടക്കം ആറുപേരാണ് ഇവിടെ മരിച്ചത്. പ്ലാപ്പള്ളിയിൽ അഞ്ചുപേരും ഇളങ്കാട് രണ്ടുപേരും കൂവപ്പള്ളിയിൽ ഒരാളും മരിച്ചു. ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിലെ മാക്കൊച്ചിയിൽ പിഞ്ചുകുഞ്ഞടക്കം എട്ടുപേരാണ് മണ്ണിനടിയിലായത്. പെരുവന്താനത്ത് ഒരാളും മരിച്ചു. നിരവധി വീടുകൾ തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.