യൂസുഫലി എന്ന പാഠപുസ്തകം
text_fieldsനാല് പതിറ്റാണ്ട് യു.എ.ഇ ജീവിതം നയിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒരു പ്രവാസിയെക്കുറിച്ച് ഇൗയിടെ 'ഗൾഫ് മാധ്യമ'ത്തിൽ വന്ന ഒരു റിപ്പോർട്ടിൻെറ ക്ലിപ്പിങ് വാട്സ്ആപ് ഗ്രൂപ്പുകളിൽ ലഭിച്ചിരുന്നു. അസുഖ ബാധിതനായിരിക്കെ അദ്ദേഹത്തെ സന്ദർശിക്കാൻ സ്ഥാപന മേധാവി പിതൃസമേതം എത്തി ഞങ്ങളെല്ലാം കൂടെയുണ്ട് എന്ന് ഉറപ്പുനൽകുകയും എല്ലാ അർഥത്തിലും ആ ഉറപ്പ് പാലിക്കുകയും ചെയ്ത കാര്യങ്ങൾ നന്ദിപൂർവം ഒാർക്കുകയാണ് ആഗോള പ്രശസ്തമായ റീെട്ടയിൽ ശൃംഖലയായ ലുലു ഗ്രൂപ്പിലെ ജീവനക്കാരനായിരുന്ന ആ പ്രവാസി. ആ കുറിപ്പ് വായിച്ചിട്ട് തെല്ല് ആശ്ചര്യം തോന്നിയില്ല. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ സ്നേഹപരിചരണം ഒരിക്കലെങ്കിലും ലഭിച്ച ഒരാൾക്കും അത് അത്ഭുതമല്ല, മറിച്ച് സർവസാധാരണ സത്യം മാത്രമാണ്. പതിനായിരക്കണക്കിന് വരുന്ന ലുലു ജീവനക്കാരിൽ ഒരാളുടെ ഭാര്യാപിതാവാണ് ഞാൻ. വിദ്യാഭ്യാസ-മത-സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന കൂട്ടായ്മകളുടെ എളിയ സംഘാടകനുമാണ്. നേരിൽ കണ്ട ഘട്ടത്തിലെല്ലാം തന്നെ ആഗ്രഹിച്ചതിലും അർഹിച്ചതിലും എത്രയോ ഇരട്ടി പരിഗണനയാണ് അദ്ദേഹത്തിൽനിന്ന് ലഭിച്ചത്.
യു.എ.ഇയിലെ അദ്ദേഹത്തിൻെറ ആസ്ഥാനങ്ങളിൽ ഒന്നിൽ വെച്ച് 2002ലാണ് ആദ്യമായി കാണുന്നത്. വിവിധ ആവശ്യങ്ങൾക്കായെത്തിയ നിരവധി പേർ അദ്ദേഹത്തെ കാത്തിരിക്കുന്നു. ഒാഫിസിൽ അഞ്ചാറ് പ്രമുഖ വ്യക്തികളുമായി ചർച്ചയിലായിരുന്നു അദ്ദേഹം. ചർച്ച നീളുന്നുവെന്ന് കണ്ടതും ഒരു ഉദ്യോഗസ്ഥനെ അയച്ച് ഇരിക്കാനും മറ്റും സൗകര്യങ്ങളൊരുക്കിച്ചു. ചർച്ച കഴിഞ്ഞതും അദ്ദേഹം വന്ന് ആശ്ലേഷിച്ച് കൂട്ടിക്കൊണ്ടുേപായി. തൻെറ തിരക്ക് സൂചിപ്പിക്കാൻ അതീവ മാധുര്യത്തോടെ ഒാതിയ ഖുർആൻ വചനം ഇന്നും കാതുകളിൽ മുഴങ്ങുന്നു. ഒരു ജീവനക്കാരൻെറ ഭാര്യാപിതാവായ എന്നോട് 20 മിനിറ്റിലധികം സംസാരിച്ചു. തിരിച്ചുപോകുേമ്പാൾ വാതിൽവരെ അനുഗമിച്ചു. യൂസുഫലിയുടെ ഇൗ ആതിഥ്യമര്യാദ മുെമ്പാരിക്കൽ ഞാൻ വരുത്തിയ ഒരു വീഴ്ച ഒാർമപ്പെടുത്തി. ഇന്ത്യ കണ്ട ഏറ്റവും മികച്ച പാർലമെേൻററിയൻമാരിൽ ഒരാളായ ഗുലാം മുഹമ്മദ് ബനാത്ത്വാല ഞങ്ങളുടെ നാട്ടുകാരനും ഇപ്പോഴത്തെ സംസ്ഥാന മുസ്ലിം ലീഗ് ജന. സെക്രട്ടറിയുമായ കെ.പി.എ. മജീദിനൊപ്പം ഒരു വേള ഞങ്ങളുടെ വീട് സന്ദർശിച്ചിരുന്നു. അദ്ദേഹത്തെ കാറിൽനിന്ന് കൂട്ടിക്കൊണ്ടുപോകാനുള്ള ഒൗചിത്യം ഞാൻ കാണിച്ചില്ലല്ലോ എന്ന ചിന്തയായിരുന്നു മടക്കയാത്രയിൽ മുഴുവൻ മനസ്സിൽ. അടുത്ത കൂടിക്കാഴ്ച അബൂദബിയിൽവെച്ചായിരുന്നു.
മത സൗഹാർദത്തിന് പേരുകേട്ട മങ്കടയിൽ ഒരു പള്ളി ഒരുക്കുന്നതിന് വേണ്ട പിന്തുണ തേടി പ്രഗല്ഭ പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന പ്രഫ. മങ്കട അബ്ദുൽ അസീസ് മൗലവിക്കൊപ്പമാണ് അവിടേക്ക് ചെന്നത്. മറ്റൊരു രാജ്യത്ത് ലുലു മാൾ ഉദ്ഘാടനം ചെയ്യുന്നതിന് തലേദിവസമായിരുന്നു, അറബ് പ്രമുഖരുൾപ്പെടെ നിരവധി പേരുണ്ട് സന്ദർശകരായി. ഞങ്ങളെ കണ്ടതും യുക്തിമാനായ അദ്ദേഹം ഇറങ്ങിവന്ന് കാര്യങ്ങൾ തിരക്കി, തിരക്കിനിടയിലും സന്ദർശനോദ്ദേശ്യം നിറവേറ്റി യാത്രയാക്കി. ജന പ്രതിനിധികൾപോലും ഇതുപോലുള്ള സന്ദർഭങ്ങളിൽ ഇപ്പോൾ കാണാനാവില്ല എന്ന് പറഞ്ഞ് മടക്കി അയച്ച അനുഭവങ്ങൾ പലതവണ എനിക്കുണ്ട്. ഇൗ നന്മ നിറഞ്ഞ അനുഭവങ്ങൾക്കുശേഷം നാട്ടിൽ അദ്ദേഹം പെങ്കടുത്ത പല ജീവകാരുണ്യ-സാംസ്കാരിക പരിപാടികളിലും സദസ്യനായും കേൾവിക്കാരനായും ഇ ൗയുള്ളവനുണ്ടായിരുന്നു. എടത്തല ഒാർഫനേജ് മസ്ജിൻെറയും ഉമ്മയുടെ നാമധേയത്തിൽ തുറന്ന ഹോസ്റ്റലിൻെറയും ഉദ്ഘാടന വേദികളിൽ അദ്ദേഹം നടത്തിയ പ്രസംഗം ഒരു ധനാഢ്യനായ വ്യവസായ പ്രമുഖേൻറതായിരുന്നില്ല, മറിച്ച് ഹൃദയാലുവായ മാനവികതാവാദിയുടേതായിരുന്നു. കേരളത്തിലെ ഏതാണ്ടെല്ലാ മത സംഘടനകൾക്കും അദ്ദേഹം പിന്തുണയും സ്നേഹവും നൽകുന്നുണ്ട്. തിരക്കിനിടയിലും അവരുടെ ക്ഷണം സ്വീകരിച്ച് പറന്നെത്തി സമ്മേളനങ്ങളിൽ സംബോധന ചെയ്യാറുമുണ്ട്. മുന്നിലിരിക്കുന്ന ജനലക്ഷങ്ങളെക്കണ്ട് ആവേശം നിറഞ്ഞ് ഒരിടത്ത് പോലും മറ്റൊരാളുടെ വികാരത്തിന് പോറലേൽപിക്കുന്ന ഒരു വാചകം പോലും അദ്ദേഹത്തിൽനിന്ന് പുറത്തു വന്നിട്ടില്ല, പകരം വിവേകത്തിൻെറയും െഎക്യത്തിൻെറയും വിശ്വാസ ദാർഢ്യത്തിൻെറയും സന്ദേശങ്ങൾ സമ്മാനിച്ചാണ് മടങ്ങാറ്.
സന്ദർഭങ്ങൾക്കനുസൃതമായി ഖുർആനിൽനിന്നും വേദങ്ങളിൽനിന്നും ലോകചരിത്രത്തിൽനിന്നും ഉദ്ധരണി ഉപയോഗിച്ച് സംസാരിക്കും. മുജാഹിദ് വിഭാഗങ്ങൾ ഒരുമിച്ച ശേഷം എടരിക്കോട് നടത്തിയ െഎക്യസമ്മേളനത്തിൽ സംഘടനക്ക് താൻ നൽകാൻ ഉദ്ദേശിച്ചതിൽ ഇരട്ടി തുക സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചത് െഎക്യബോധത്തിന് അദ്ദേഹം പുലർത്തുന്ന പ്രധാന്യം വ്യക്തമാക്കിത്തന്നു. ഡൽഹി പാർലമൻെറ് മന്ദിരത്തിനടുത്തുള്ള ചരിത്രപ്രാധാന്യമുള്ള മസ്ജിദും സ്വന്തം നാടായ നാട്ടികയിലെ ജുമാമസ്ജിദും ഉൾപ്പെടെ ഇന്ത്യയിലെ പലകോണുകളിലെ ആരാധനാലയങ്ങൾ കോടികൾ ചെലവിട്ട് പുനർനിർമിച്ചു. മസ്ജിദുകൾക്ക് മാത്രമല്ല, ക്ഷേത്രങ്ങൾക്കും ചർച്ചുകൾക്കും വിദ്യാലയങ്ങൾക്കും വായനശാലകൾക്കും വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ താൻ നേടിയതിൽനിന്ന് വാരിക്കോരി നൽകി. പ്രളയത്തിൽ കുതിർന്ന കേരളത്തിനും കോവിഡിൽ തകർന്ന ഭാരതത്തിനും ഭാരിച്ച സംഖ്യകൾ സംഭാവന നൽകി. കോവിഡ് റിലീഫ് പ്രയത്നങ്ങൾ നടത്തിയ ഗൾഫ് രാജ്യങ്ങളിലെ ഒൗദ്യോഗിക സംവിധാനങ്ങൾക്കും ഇന്ത്യൻ സംഘടനകൾക്കും ഭാരിച്ച തുകകൾതന്നെ നൽകി. പ്രിയപ്പെട്ടവരുടെ ഒാർമദിനങ്ങളിൽ ഒട്ടനവധി അഗതി-അനാഥ മന്ദിരങ്ങളിൽ സംഭാവനകളും സമ്മാനങ്ങളുമൊഴുകി. പഠിക്കാൻ മിടുക്കരായ നിർധന വിദ്യാർഥികൾക്കും പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിനും നൽകിവരുന്ന സഹായങ്ങൾ നേരിട്ടറിയാം. വിവിധ ഗൾഫ് രാജ്യങ്ങളിൽ അവിടത്തെ ക്രൈസ്തവ സമൂഹത്തിൻെറ ആഗ്രഹാർഥം ചർച്ചുകൾ സ്ഥാപിക്കുന്നതിന് ഭരണകൂടങ്ങളിൽ തനിക്കുള്ള സൽപേര് ഉപയോഗപ്പെടുത്തി സഹായിച്ച വിവരം നിരവധി മതനേതാക്കൾ പലതവണ പറഞ്ഞിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ വിഷയങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും എപ്പോഴും ശ്രദ്ധിച്ചുപോരുന്നുമുണ്ട്.
ഞാനീ കുറിപ്പെഴുതുന്നത് ഒരു പൊതു പ്രവർത്തകനായിക്കൊണ്ടല്ല, മറിച്ച് വർഷങ്ങളായി നൂറുകണക്കിന് വിദ്യാർഥികളെ പഠിപ്പിച്ച, ലോകത്തിൻെറ നന്മകളിലേക്ക് സദാ കണ്ണയച്ച് അതിൽനിന്ന് അറിവും ഉൗർജവും ഉൾക്കൊള്ളാൻ ശ്രമിക്കുന്ന ഒരു അധ്യാപകൻ എന്ന നിലയിലാണ്. കോവിഡ് പ്രതിസന്ധി ലോകത്തെയാകമാനം സാമൂഹികമായും സാമ്പത്തികമായും പിടിച്ചുലച്ച ഘട്ടത്തിലും യൂസുഫലി പ്രഖ്യാപിച്ചത് വ്യാപാരമാന്ദ്യവും വരുമാനനഷ്ടവും ഉണ്ടെങ്കിൽേപാലും അര ലക്ഷത്തോളം വരുന്ന ജീവനക്കാരിൽ ഒരാളുടെപോലും ശമ്പളം കുറക്കുകയോ ഒരാളെപ്പോലും പിരിച്ചുവിടുകയോ ചെയ്യില്ല എന്നായിരുന്നു. വളർച്ചയുടെയും സമൃദ്ധിയുടെയും ഘട്ടത്തിൽ കൂടെ നിന്ന ജീവനക്കാരെ കഷ്ടതയുടെയും വറുതിയുടെയും കാലത്ത് കൈവിടാതിരിക്കുക എന്ന മഹാമാതൃക. കോവിഡാനന്തര കാലത്ത് ലോകമൊട്ടുക്കും സാധാരണക്കാരുടെ ജീവിതം കൂടുതൽ പ്രയാസകരമായി മാറുമെന്ന പഠനങ്ങൾ പുറത്തുവരുന്ന ഘട്ടത്തിലാണ് കരുതലിൻെറയും മാനവികതയുടെയും മറുപാഠങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരം വാക്കുകളും നമുക്ക് മുന്നിലുള്ളത്. ചെറുതും വലുതുമായ ഒാരോ സംരംഭകരും സാമ്പത്തിക ശാസ്ത്ര ഗവേഷകരും മനസ്സിൽ സൂക്ഷിക്കേണ്ട വാക്കുകളാണിവ. ബിസിനസ് സ്കൂളുകളിൽ പഠിപ്പിക്കേണ്ട പാഠവുമാണിത്.
ലോകത്തെ പത്തു ശതമാനം സംരംഭകരും ധനാഠ്യരും ഇൗ മാതൃക പിൻപറ്റിയാൽ മറികടക്കാവുന്നതേയുള്ളൂ നമ്മളിന്നീ കാണുന്ന പ്രതിസന്ധികളെല്ലാം. ദുർഘടമായ പരിതസ്ഥിതിയിലും ജീവനക്കാരോട് ഇത്രമാത്രം ഉദാത്തവും ഉദാരവുമായ സമീപനം കൈക്കൊണ്ട ഒരു മനുഷ്യസ്നേഹിെയക്കുറിച്ച് ഇത്രയെങ്കിലും കുറിച്ചിടാതിരിക്കുന്നത് അനീതിയായിപ്പോകും.
(മുസ്ലിം എജ്യുക്കേഷൻ സൊസൈറ്റി മലപ്പുറം ജില്ല സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.