വേനല്‍ക്കാലത്ത് പച്ചക്കറി കൃഷികൾക്ക് ഏറെ ശ്രദ്ധ നൽകണം. ഇല്ലെങ്കിൽ വാടിക്കരിഞ്ഞുപോകുക ഏറെ നാളത്തെ പ്രയത്നവും സ്വപ്നങ്ങളുമാണ്. അതേസമയം, കിഴങ്ങുവര്‍ഗ വിളകള്‍ക്കാകട്ടെ വേനൽക്കാലം മോചനകാലമാണ്. മണ്ണിലെ ചൂടില്‍ വെന്തു കിളിര്‍ക്കുന്ന കിഴങ്ങുവര്‍ഗങ്ങള്‍ മികച്ച വിളവു തരും. എന്നാല്‍ പച്ചക്കറികള്‍ വേനലില്‍ സൂര്യതാപം മൂലം ജലാംശം നഷ്ടപ്പെട്ടു കായ്ഫലം കുറയാനും വളര്‍ച്ച കുറയാനും ഒരു പക്ഷേ ശരിയായ ജലസേചനത്തിന്റെ അഭാവത്തില്‍ അവയുടെ ജീവന്‍ തന്നെ നഷ്ടപ്പെടാനും ഇടയാകുന്നു. അതിനെ ചെറുക്കാനുള്ള നിരവധി മാർഗങ്ങളുണ്ട്.
പ്രധാനമായും കൃത്യമായ ജലസേചനവും, ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാനുമുള്ള കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. പച്ചക്കറികളുടെ ചുവട്ടില്‍ തൊണ്ട് അടുക്കുകയോ, അല്ലെങ്കില്‍ കരിയില, വാഴപിണ്ടി അരിഞ്ഞു കൂട്ടുകയോ ചെയ്താൽ നനവ് നിലനിർത്താം. അവ ചെടിയുടെ തണ്ടില്‍ തട്ടാതെ, എന്നാല്‍ ചെടിയുടെ ചുവട്ടില്‍ നിന്നും ഒന്നരയടി വൃത്തത്തില്‍ ഉള്ള ഭാഗങ്ങള്‍ കവര്‍ ചെയ്യുന്ന വിധത്തില്‍ വേണം ഇടാന്‍.
ഓല മടല്‍ വെട്ടി ചെടികളുടെ ചുവട്ടില്‍ ഇടാം, ഇങ്ങനെ ചെയ്ത ശേഷം നനയ്ക്കുമ്പോള്‍ അന്തരീക്ഷത്തിലെ ചൂട് നിമിത്തം ജലാംശം ബാഷ്പീകരിച്ചു നഷ്ടമാകുന്നത് ചെറുക്കാന്‍ കഴിയും. അതുവഴി ജല ഉപയോഗം കുറയ്ക്കാനും കഴിയും.
ചെടികളുടെ വേരുകള്‍ ഉപരിതലത്തിനു തൊട്ടുതാഴെ കൂടി പടര്‍ന്ന് ഒന്നോ രണ്ടോ അടി പ്രദേശത്ത് നന്നായി ചെറുവേരുകള്‍ പായിച്ചാണ് ഹ്രസ്വകാല വിളകള്‍ വളരുന്നത്. അതിനാല്‍ നമ്മള്‍ ചൂടില്‍ നിന്നും സംരക്ഷിക്കേണ്ടത് ആഭാഗം ആണ്. ഒപ്പം നിലത്തും ബാഗിലും, ചട്ടിയിലും ഒക്കെ ആയി വളരുന്ന ചെടികള്‍ക്ക് വൈകുന്നേരം കൂടുതല്‍ ജലവും രാവിലെ കുറച്ചു ജലവും നല്‍കി നനയ്ക്കുന്ന രീതി ആണ് നല്ലത്.
ബാഗില്‍/ചട്ടിയില്‍ വളരുന്ന ചെടികള്‍ക്ക് ചുറ്റുമായി ബാഗില്‍ ചകിരി/തൊണ്ട് ഇവ ഇടാം, കരിയില ബാഗില്‍ ഇടാം, പക്ഷെ പച്ച ചാണകം, അഴുകിതുടങ്ങിയ ജൈവ അവശിഷ്ട്ടങ്ങള്‍ എന്നിവ ഒഴിവാക്കണം. പച്ച ചാണകം അതില്‍ നടക്കുന്ന സൂക്ഷ്മാണു പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ചൂട് പുറംതള്ളും. എന്നാല്‍ പച്ച ചാണകം നല്‍കേണ്ടുന്ന വിളകള്‍ക്ക് അത് വെള്ളത്തില്‍ ലയിപ്പിച്ചു " ചാണകപ്പാല്‍" ആയി നല്‍കാം, ചെടികളുടെ തണ്ടില്‍ മുട്ടരുത്.
തക്കാളി, മുളക്, വഴുതന എന്നിവയെ വേനല്‍ കാര്യമായി ബാധിക്കും. തക്കാളിചെടിയാണ് കൂടുതല്‍ ഇക്കാര്യത്തില്‍ ഇരയാകുക. തക്കാളി ചെടി ഗ്രോ ബാഗില്‍ വളര്‍ത്തുന്നവര്‍ അവയെ 12മണിമുതല്‍ 3 മണിവരെ കൃഷിയിടത്തില്‍ ഏത് ഭാഗത്താണോ തണല്‍ ഉള്ളത് എന്ന് നിരീക്ഷിച്ച ശേഷം അങ്ങോട്ട് മാറ്റി വയ്ക്കുന്നത് ഉചിതംആണ്. പടരുന്ന വെള്ളരിവര്‍ഗവിളകള്‍ക്ക് മുട്ടുകളില്‍ നിന്നും വരുന്ന വേരുകള്‍ മണ്ണ് കൊണ്ട് മൂടി നല്‍കുന്നതും അത്തരം വേര് പടലം മണ്ണില്‍ ഉള്ള സ്ഥലം കൂടി നനയ്ക്കുന്നതും ഉചിതം ആണ്.
ടെറസില്‍ പടരുന്ന ഇത്തരം ചെടികള്‍ പടരാന്‍ ഓല മടല്‍ ഇട്ടുകൊടുക്കുനതും നല്ലതാണ്. പയര്‍, പാവല്‍ തുടങ്ങിയവയുടെ തടത്തില്‍/ ബാഗില്‍/ ചട്ടിയില്‍ തൊണ്ട് അടുക്കി ന്നല്കുന്നത് കൂടുതല്‍ നല്ലതാണ്. തൊണ്ട് നനയ്ക്കുന്ന വെള്ളം ശേഖരിക്കുകയും ചൂട് കൂടുമ്പോള്‍ അത് ബാഷ്പീകരിച്ചു പോകുകയും ചെയ്യും. എന്നാല്‍ ചുവട്ടില്‍ ചൂട് ചെല്ലുകയും ഇല്ല. പുതയിടുക എന്ന രീതിയാണിത്. വേനല്‍ കഴിഞ്ഞു മഴക്കാലം ആരംഭിക്കുമ്പോള്‍ തന്നെ ഈ പുത നീക്കം ചെയ്യണം. അല്ലെങ്കില്‍ വേര് ചീയല്‍ പോലുള്ള കുഴപ്പമാകും ഉണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.