പുല്ല് വർഗത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. ഇതൊരു ഏകപുഷ്പിയാണ്. ഇതിൽ ചില ഇനങ്ങൾ എല്ലാ വർഷവും പുഷ്പിക്കുമെങ്കിലും ചിലത് ഒരിക്കൽ മാത്രമേ പുഷ്പിക്കാറുള്ളൂ. ഇളംപച്ച നിറത്തിലുള്ള ഇവയുടെ പൂക്കൾ വളരെ ചെറുതാണ്. സാധാരണ ഒരു മുളയ്ക്ക് 80 മീറ്റർ വരെ നീളവും 100 കിലോവരെ ഭാരവും കാണപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടുന്നതിൽ മുളകൾക്കുള്ള പങ്ക് വളരെ വലുതാണ്.
വർഷം തോറും സെപ്റ്റംബർ 18ന് ലോക മുള ദിനം ആചരിക്കുന്നു. മുളയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിന് മാത്രമല്ല, സുസ്ഥിര വികസനം, ദാരിദ്ര്യ നിർമാർജനം, പരിസ്ഥിതി സംരക്ഷണം, സാംസ്കാരിക സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കാനും കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. 2005ൽ സൂസൻ ലൂക്കാസും ഡേവിഡ് നൈറ്റ്‌സും ചേർന്ന് സ്ഥാപിച്ച വേൾഡ് ബാംബൂ ഓർഗനൈസേഷന്റെ ശ്രമങ്ങളാലാണ് സെപ്റ്റംബർ 18 ലോക മുള ദിനമായി ആചരിക്കുന്നത്. 2009 ൽ തായ്‌ലൻഡിലെ ബാങ്കോക്കിൽ ആദ്യത്തെ വേൾഡ് ബാംബൂ കോൺഗ്രസ് സംഘടിപ്പിച്ചു. ഇന്നേ ദിവസം ലോകമെമ്പാടുമുള്ള മുള പ്രേമികൾ, വിദഗ്ധർ, ഗവേഷകർ, വ്യവസായ പ്രൊഫഷണലുകൾ ഒത്തുകൂടുകയും മുളയെ സംരക്ഷിക്കാനുള്ള പദ്ധതികൾ ഊർജിതമാക്കുകയും ചെയ്തു.
വാണിജ്യപരമായി വളരെയേറെ ഉപയോഗങ്ങളുള്ള ചെടിയാണിത്. കടലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തുവാണ് മുള. ഓടക്കുഴൽ നിർമ്മാണം, കൊട്ട നിർമ്മാണം ഇവയുടെ നിർമ്മാണത്തിലും മുളയുടെ പങ്ക് വലുതാണ്. ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ മുളയുടെ തളിര് ഭക്ഷണമായി ഉപയോഗിക്കുന്നു. മുളയുടെ കൂമ്പ് അച്ചാറിന് ഉപയോഗിക്കുന്നു. മുളയരി വളരെ ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ്. മുളയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലും തൊഴിലുകളും വരുമാന സാധ്യതകളും സൃഷ്ടിക്കാൻ കഴിയും. ലോക മുള ദിനത്തിൽ മുളയെ ഇഷ്ടപ്പെടുന്നവർ, പരിസ്ഥിതി പ്രവർത്തകർ, ബിസിനസുകാർ എന്നിവർ മുളയുടെ സാധ്യതകളെക്കുറിച്ചറിയാനായി ശിൽപശാലകൾ, കലാപ്രദർശനങ്ങൾ, വിദ്യാഭ്യാസ പരിപാടികൾ എന്നിവയുൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങളും പരിപാടികളും നടത്തുന്നു.
വേനൽക്കാലങ്ങളിൽ വനത്തിൽ അവശേഷിക്കുന്ന പ്രധാന ഭക്ഷണം മുളയാണ്. ഈ മുളകൾ വ്യാവസായിക ആവശ്യങ്ങൾക്കായി വൻതോതിൽ വെട്ടി നശിപ്പിക്കുന്നതു മൂലം കാട്ടാനകൾ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നു. മുളകൾ നിലനിർത്തേണ്ടത് വന്യജീവികൾക്കും മുളയുടെ വംശം നിലനിർത്തുവാനും വളരെ അത്യാവശ്യമാണ്.
ഇന്ത്യയിലെ പലയിടങ്ങളിലുള്ള ആദിവാസികളും മറ്റും മുളയെ അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാക്കുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻമേഖലയിലെ ആദിവാസികൾ മുളകൊണ്ടുള്ള ഭാരം കുറഞ്ഞ വീടുകളുണ്ടാക്കുന്നു. ഇവ നിർമ്മിക്കാനും പൊളിച്ചുമാറ്റാനും വളരെ എളുപ്പമാണ്. വീടിന്റെ ചട്ടം നിർമ്മിക്കുന്നതിനു പുറമേ നെയ്ത് ചെറ്റകൾ തീർക്കുന്നതിനും, കെണികൾ, കത്തികൾ, കുന്തം തുടങ്ങിയവ നിർമ്മിക്കുന്നതിനും മുള ഉപയോഗിക്കുന്നു. മുളയുടെ ഒരു കഷണം മറ്റൊരു മുളക്കഷണത്തിന്റെ വിടവിലൂടെ ഉരസി തീയുണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനും മുള ഉപയോഗിക്കുന്നു. മുളയുടെ ഉള്ളിൽ അരി നിക്ഷേപിച്ച് അത് തീയിലിട്ടാണ് അരി വേവിക്കുന്നത്.
ഏറ്റവും വേഗത്തിൽ വളരുന്നു എന്ന സവിശേഷതയും ഇതിനുണ്ട്. രണ്ടടിയോളം ആഴത്തിലും 3 മീറ്റർ വ്യാസത്തിലും പടരുന്ന ഇതിന്‍റെ വേരുകൾ മണ്ണിനെ ദൃഢമായി പിടിച്ചു നിർത്തുന്നു. മഹാപ്രളയത്തിന്റെ കാലത്ത് മിക്ക നദികളുടെയും കരയിടിഞ്ഞപ്പോഴും ഭാരതപ്പുഴയുടെ തീരങ്ങളെ സംരക്ഷിച്ചത് നദീ തീരത്തു നട്ടുവളർത്തിയ മുളങ്കാടുകളാണ്. 1200 ൽ പരം മുള ഇനങ്ങളിൽ മലഞ്ചരിവിലും തീരദേശത്തും വളരുന്നവയുണ്ട്. ഹൈറേഞ്ചിലെ മണ്ണിടിച്ചിൽ തടയാൻ മുളക്കാടുകൾ സഹായിക്കുന്നുണ്ട്. കൂടുതൽ വേഗത്തിൽ വളർന്ന് കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കാനും ഓക്സിജൻ പുറത്തുവിടാനും മുളയ്ക്ക് കഴിവുണ്ട്. കൂടാതെ മണ്ണിലെ ജലാംശം വർധിപ്പിക്കാനും സഹായിക്കുന്നു. ന്യൂസ് പ്രിന്റ്, തുണി വ്യവസായങ്ങളിലെ ഒന്നാന്തരം അസംസ്കൃത വസ്തുവാണ് മുള. ബാംബൂ പ്ലൈവുഡ് ഉൾപ്പെടെ നാനാതരം നിർമാണ സാമഗ്രികളും മുളയുടെ സാധ്യത വർധിപ്പിക്കുന്നു.
ഗൃഹോപകരണ, കരകൗശ നിർമാണ രംഗത്ത് വിപുലമായ സാധ്യതയാണ് ഇവയ്ക്കുള്ളത്. വളപ്രയോഗമോ ജലസേചനമോ കാര്യമായ പരിചരണമോ കൂടാതെ വർഷംതോറും ആദായം നൽകുന്ന ഇവ പലതരം വിപണി സാധ്യതകളാണ് തുറന്ന് കാട്ടുന്നത്. അതുകൊണ്ട് തന്നെ മുളകൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.