ദോഹ: മണ്ണ് ചുട്ടുപൊള്ളുന്ന വേനലിലും രാജ്യത്തെ കൃഷിത്തോട്ടങ്ങൾക്ക് തണലും പച്ചപ്പുമൊരുക്കുന്നതിൽ നിർണായകമായി ‘ഗ്രീൻ ഹൗസ്’ കൃഷിരീതികൾ. പച്ചനിറത്തിൽ, കാലാവസ്ഥ വെല്ലുവിളികളെ തടഞ്ഞ് കൃഷിക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുകയാണ് ഈ ഹരിതഗൃഹങ്ങൾ.
കാർഷികോൽപാദനം വർധിപ്പിക്കുന്നതിനും കാർഷിക സീസൺ ദീർഘിപ്പിക്കുന്നതിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ കാർഷിക വകുപ്പ് ആരംഭിച്ച നിരവധി സംരംഭങ്ങളിലൊന്നാണ് കർഷകർക്കുള്ള ഹരിതഗൃഹങ്ങൾ. കർഷകർക്ക് നൽകുന്ന ഹരിതഗൃഹങ്ങൾ വേനൽക്കാലത്ത് ഉൽപാദനം ഉറപ്പാക്കാൻ സഹായിക്കുന്നതായി കാർഷിക വകുപ്പിലെ അഗ്രികൾചറൽ ഗൈഡൻസ് ആൻഡ് സർവിസസ് വിഭാഗം മേധാവി അഹ്മദ് സാലിം അൽ യാഫിഈ പറഞ്ഞു.
കർഷകരുടെ ആവശ്യങ്ങൾക്കനുസൃതമായി, ഉൽപാദനശേഷിയും കാര്യക്ഷമതയും കണക്കാക്കി എ, ബി, സി എന്ന വർഗീകരണത്തിന്റെ അടിസ്ഥാനത്തിൽ സൗജന്യമായാണ് ഇത്തരം ഹരിതഗൃഹങ്ങൾ വിതരണം ചെയ്യുന്നതെന്നും കാർഷികോൽപാദനം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പിന്റെ നിരവധി സംരംഭങ്ങളിലൊന്നാണ് ഇതെന്നും അൽ യാഫിഈ കൂട്ടിച്ചേർത്തു.
പദ്ധതി പ്രകാരം കാർഷിക വകുപ്പ് ഉൽപാദനക്ഷമമായ എല്ലാ ഫാമുകൾക്കും ഹരിതഗൃഹങ്ങൾ നൽകുന്നുണ്ടെന്നും കാര്യക്ഷമതയും ഉൽപാദനശേഷിയും അനുസരിച്ച് ഫാമുകളെ എ, ബി, സി എന്നിങ്ങനെ വർഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഹരിതഗൃഹങ്ങൾ സ്ഥാപിക്കുന്നത്. വേനൽക്കാലത്ത് ഉൽപാദനം തുടരുന്നതിലൂടെ കാർഷിക സീസൺ ദീർഘിപ്പിക്കുന്നുവെന്നതാണ് ഹരിതഗൃഹങ്ങളുടെ പ്രധാന നേട്ടം -അൽ യാഫിഈ ചൂണ്ടിക്കാട്ടി. ഖത്തറിൽ വേനൽക്കാലത്ത് ഫാമുകൾ ഉൽപാദനം നിർത്തുകയാണ് പതിവ്.
എന്നാൽ, ഹരിതഗൃഹ സംവിധാനമുള്ളവർക്ക് വേനലിലും പച്ചക്കറി ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നും ഫാമുകളെ അപേക്ഷിച്ച് ഗുണനിലവാരമുള്ള കാർഷിക ഉൽപന്നങ്ങളാണ് ഹരിതഗൃഹങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
കാർഷിക ഉൽപന്നങ്ങൾ, വളങ്ങൾ, ജലസേചന ഉപകരണങ്ങളും ശൃംഖലകളും എന്നിവയുടെ വിതരണം മറ്റു സംരംഭങ്ങളിലുൾപ്പെടുന്നു. കാര്യക്ഷമമായ കൃഷിരീതികളെക്കുറിച്ച് കർഷകർക്ക് പ്രത്യേക മാർഗനിർദേശ സേവനങ്ങളും വകുപ്പ് നൽകുന്നുണ്ടെന്ന് അൽ യാഫിഈ വ്യക്തമാക്കി.
കാർഷിക ഉൽപന്നങ്ങളുടെ ഗുണനിലവാരവും അളവും മെച്ചപ്പെടുത്തുന്നിനും വിപണന പ്ലാറ്റ്ഫോമുകൾ നൽകുന്നതിനും കൂടാതെ പച്ചപ്പുല്ല് ഉൽപാദിപ്പിക്കുന്നതിൽ ഭൂഗർഭജലത്തിന്റെ ഉപഭോഗം കുറക്കുന്നതിനുള്ള സംരംഭവും വകുപ്പിന് കീഴിലുണ്ട്. അദ്ദേഹം പറഞ്ഞു.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഹരിതഗൃഹങ്ങൾ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള 58 ശതമാനം ജോലികളും പൂർത്തിയായി. പ്രാദേശിക ഫാമുകൾക്കായി ഏകദേശം 3478 ഫാമുകളാണ് വിതരണം ചെയ്യുന്നത്. നേരത്തേ 666 ഹെക്ടർ പ്രദേശത്ത് ഹരിതഗൃഹങ്ങൾ സ്ഥാപിച്ചിരുന്നു. ഉൽപാദനച്ചെലവ് കുറക്കുന്നതിന് കർഷകർക്ക് പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും നൽകി ഇറക്കുമതി ഉൽപന്നങ്ങളുമായി മത്സരിക്കാനുള്ള പ്രാപ്തി നൽകി കർഷക മേഖലയെ പരിഷ്കരിക്കാനാണ് മന്ത്രാലയത്തിന്റെ പദ്ധതി.
കാർഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ ജലക്ഷാമം പരിഹരിക്കുന്നതിന് പ്രാദേശിക ഫാമുകളെ കൂടുതൽ ജലക്ഷമതയുള്ള കാർഷിക സമ്പ്രദായം സ്വീകരിക്കാൻ സഹായിക്കാനും മന്ത്രാലയത്തിന്റെ പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.