തൊടികളിലും വീട്ടുമുറ്റത്തും അധികം പരിചരണങ്ങളില്ലാതെത്തന്നെ നന്നായി വളരുന്ന മരമാണ് പേര. കുറഞ്ഞ ചെലവിൽ കുറച്ചു സ്ഥലത്ത് കാര്യമായ വളപ്രയോഗം നടത്താതെ നല്ല ഫലം ലഭിക്കും പേരയിൽനിന്ന്. ഉഷ്ണമേഖല പ്രദേശങ്ങളിൽ സുലഭമായി വളരുന്ന പേരക്ക് എന്നും നല്ല ഡിമാൻഡാണ്. വിറ്റമിൻ എ, സി, വിറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരക്ക.
കാര്യമായ ശ്രദ്ധ നൽകാതെത്തന്നെ നല്ല വിളവ് നൽകുന്ന ഫലവർഗമായ പേര അൽപം ശ്രദ്ധ നൽകിയാൽ മികച്ച വിളവ് നൽകും. നന്നായി വളം നൽകുകയും വേനൽക്കാലത്ത് നനക്കുകയും സൂര്യപ്രകാശം ലഭിക്കുകയും ചെയ്താൽ വിളവ് പിന്നെയും കൂടും. കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ അധികമാരും പേരകൃഷി പരീക്ഷിച്ചിട്ടില്ല. പേര വ്യാപകമായി കൃഷി ചെയ്യുന്ന ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ബിഹാര്‍, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നാണ് കൂടുതലും വരുന്നത്.
അലഹബാദ് സഫേദ്, സര്‍ദാര്‍ (ലഖ്നോ-49), ചിട്ടിദാര്‍, റെഡ് പ്ലെഷ്ഡ് (ചുവന്ന കാമ്പുള്ളത്), സീഡ്ലെസ്, അനക്കപ്പള്ളി, ബനാറസി, ഹഫ്സി, സ്മൂത്ത്, ഗ്രീന്‍ സ്മൂത്ത്, വൈറ്റ്, സഫ്രിയോര്, പെയില്‍ അലഹബാദ്, ധാര്‍വാര്‍ എന്നിവയാണ് പേരയിലെ മികച്ചയിനങ്ങൾ.
എല്ലാ മണ്ണിലും പേര നന്നായി വളരും. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന പശിമയുള്ള മണ്ണാണ് നല്ലത്. മിതമായ രീതിയിൽ ലഭിക്കുന്ന മഴയാണ് പേരക്കക്ക് വളരാൻ അനുയോജ്യം. നന്നായി മഴ ലഭിക്കുന്ന ഇടങ്ങളിലെ പേരക്കക്ക് രുചിയും ഗുണവും കുറവായിരിക്കും.
തനിവിളയായും ഇടവിളയായും പേര കൃഷി ചെയ്യാം. വിത്തിൽനിന്ന് തൈകൾ ഉൽപാദിപ്പിക്കാം. നല്ല ഇനം പേരയുടെ തൈകൾ നഴ്സറികളിൽനിന്ന് വാങ്ങാനും ലഭിക്കും.
ഒരു മീറ്റര്‍ ആഴവും വീതിയും നീളവുമുള്ള കുഴികൾ എടുത്ത് ആറു മീറ്റർ അകലത്തിൽ തൈകൾ നടാം. തൈകൾ നടുന്നതിന് മുമ്പുതന്നെ ചാണകവും മേൽമണ്ണും മണലും ചേർത്ത മിശ്രിതവും കുഴിയിൽ ഇടാം. ഈ കുഴികളിലാണ് തൈകൾ നടേണ്ടത്. നട്ടശേഷം പുതയിടണം. വേനൽക്കാലമാണെങ്കിൽ നന്നായി നനച്ചുകൊടുക്കണം. നീളത്തിലുള്ള വലിയ തൈകളാണെങ്കിൽ മറിഞ്ഞുവീഴാതെ താങ്ങ് നൽകാൻ ശ്രദ്ധിക്കണം.
കായ്ച്ചുതുടങ്ങിയ ഒരു പേരക്ക് ഒരു വര്‍ഷം ഏകദേശം 80 കി. ഗ്രാം കാലിവളം, 434 ഗ്രാം യൂറിയ, 444 ഗ്രാം മസ്സൂറിഫോസ്, 434 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം. രണ്ടുമൂന്ന് തവണകളായി മണ്ണിൽ ഈർപ്പം ഉള്ളപ്പോൾ ചേർത്തുകൊടുക്കുന്നതാണ് നല്ലത്. ആദ്യഘട്ടത്തിൽ ഒരു ചെടിക്ക് 217 ഗ്രാം യൂറിയ, 222 ഗ്രാം മസ്സൂറിഫോസ്, 217 ഗ്രാം പൊട്ടാഷ് എന്നിവ മേയ് -ജൂൺ മാസങ്ങളിൽ നൽകുക.
രണ്ടാംഘട്ടമായി 217 ഗ്രാം യൂറിയ, 222 ഗ്രാം മസ്സൂറിഫോസ്, 217 ഗ്രാം പൊട്ടാഷ് എന്നിങ്ങനെ ഒരു ചെടിക്ക് നൽകുക. പുളിരസമുള്ള മണ്ണിൽ രാസവള പ്രയോഗത്തിന് രണ്ടാഴ്ച മുമ്പ് കുമ്മായം/ ഡോളമൈറ്റ് മണ്ണില്‍ ചേർത്തുകൊടുക്കുക.
വേനൽക്കാലമാണെങ്കിൽ നന്നായി നനച്ചുകൊടുക്കണം. തൈകള്‍ നട്ട് നാലു വര്‍ഷത്തിനുള്ളില്‍ കായ്കള്‍ ലഭിച്ചുതുടങ്ങും. ഫെബ്രുവരി, ജൂൺ, ഒക്ടോബർ മാസങ്ങളിലാണ് പുഷ്പിക്കുന്നത്. 30 വർഷം മുതൽ 50 വർഷം വരെയാണ് പേരയുടെ ആയുസ്സ്. 10 വർഷമായ ചെടിയിൽനിന്ന് ഒരു വർഷം 500 മുതൽ 800 വരെ കായ്കൾ ലഭിക്കും. അമിതമായ മഴ സമയത്ത് കായ്കൾ ചീഞ്ഞുപോകാൻ സാധ്യതയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.