പട്ടാളപ്പുഴു, കമ്പിളിപ്പുഴു, ഇലചുരുട്ടിപ്പുഴു...; വാഴയിലെ പുഴുക്കളെ നാടുകടത്താം

വാഴ കൃഷിയെ ബാധിക്കുന്ന പ്രധാന കീടങ്ങളാണ് ഇലതീനി പുഴുക്കൾ. പട്ടാളപ്പുഴു, കമ്പിളിപ്പുഴു, ഇലചുരുട്ടിപ്പുഴു എന്നിങ്ങനെ ആറോളം ഇലതീനിപ്പുഴുക്കൾ വാഴയെ ആക്രമിക്കുന്നുണ്ട്. മിക്ക പുഴുക്കളും ഇളം പ്രായത്തിലുള്ള വാഴകളെയാണ് കൂടുതലായി ആക്രമിക്കുന്നത്. എന്നാൽ ഇലചുരുട്ടിപ്പുഴുക്കൾ ഏത് പ്രായത്തിലുള്ള സസ്യങ്ങളെയും ആക്രമിക്കും. ആക്രമണം നേരിട്ട വാഴയിലയിൽ വട്ടത്തിലുള്ള സുഷിരങ്ങൾ കാണാം. പുതുനാമ്പുകളിൽ തുളകളും ഉണ്ടാകും. ഇലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കാഷ്ടം ഇവയുടെ സാന്നിധ്യം വേഗത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു. ഇല തീനി പുഴുക്കളുടെ ആക്രമണം രൂക്ഷമായാൽ അത് വിളവിനെ സാരമായി ബാധിക്കും. അതിനാൽ തുടക്കത്തിൽ തന്നെ ഇവയെ നിയന്ത്രിക്കണം

ജൈവ നിയന്ത്രണ മാർഗങ്ങൾ

ബാസില്ലസ് തുറിഞ്ചിയെൻസിസ്‌ എന്ന മിത്ര ബാക്ടീരിയ അടങ്ങിയ കീടനാശിനി മൂന്നു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലയിൽ തളിക്കാം. ബിവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും ഗുണം ചെയ്യും. ബാസിലസ്, ബിവേറിയ എന്നിവയടങ്ങിയ കീടനാശിനികൾ തളിക്കുന്നത് വഴി കീടങ്ങൾ രോഗംവന്ന് നശിച്ചു പോകുകയാണ് ചെയ്യുന്നത്. 5 മില്ലി അല്ലെങ്കിൽ 10 മില്ലിലിറ്റർ വേപ്പെണ്ണ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും നല്ലതാണ്. ജൈവ നിയന്ത്രണ മാർഗങ്ങൾ ആക്രമണം രൂക്ഷമാകുന്നതിനു മുൻപ് തന്നെ ആരംഭിക്കണം.

പട്ടാളപ്പുഴുവിനെ തുരത്താം

വൻതോതിൽ കൃഷിനാശം ഉണ്ടാക്കി കർഷകർക്ക് ഭീഷണിയായ പട്ടാളപ്പുഴു എന്ന വില്ലനെ അനായാസം തുരത്താൻ വഴിയുണ്ട്. വാഴ, കോട്ടൺ, പുകയില, സോയാബീൻ, കാബേജ്, ബീറ്റ്റൂട്ട്, നിലക്കടല തുടങ്ങിയ പ്രധാന വിളകളെ വൻതോതിൽ നശിപ്പിക്കുന്ന പട്ടാള പുഴുവിനെ നശിപ്പിക്കാൻ കോക്കുലസ് ലോറിഫോളിയേസ് (ആടു കൊല്ലി)യിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകങ്ങളാണ് ഇതിന് ഉപയോഗിക്കേണ്ടത്.

ഇത്തരത്തിൽ വേർതിരിച്ചെടുത്ത ഘടകങ്ങൾക്ക് പട്ടാളപുഴുവിനെ നശിപ്പിക്കുവാനുള്ള കഴിവുണ്ട്. പട്ടാളപ്പുഴുവിന്റെ ആക്രമണം മൂലം ലോകമെമ്പാടും 30 ശതമാനത്തിന് മുകളിൽ കൃഷിനാശം വർഷവും ഉണ്ടാകുന്നു എന്നാണ് ഏകദേശം കണക്ക്.

35–ാംമത് കേരള ശാസ്ത്ര കോൺഗ്രസിനോടനുബന്ധിച്ച് കുട്ടിക്കാനത്ത് കേരള വനം ഗവേഷണ കേന്ദ്രം ഒരുക്കിയ സ്റ്റാളിൽ ആണ് ആടു കൊല്ലി)യിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകം ഉപയോഗിച്ച് പട്ടാള പുഴുവിനെ തുരത്താനുള്ള നൂതന മാർഗ്ഗം നിർദ്ദേശിക്കുന്നത്. 

Tags:    
News Summary - how to control insects and larvae banana cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.