കുട്ടനാട്: രാസവള വിലവർധനയിലും കൂലി വർധനയിലും നട്ടം തിരിയുന്ന കർഷകർക്ക് നെല്ലിന് കിലോക്ക് വർധിപ്പിച്ച് നൽകിയത് 20 പൈസ മാത്രം. നിലവിൽ 28 രൂപ കിട്ടിയിരുന്നിടത്ത് ഇക്കുറി 28.20 രൂപ ആയാണ് ഉയർത്തിയത്. കൈകാര്യച്ചെലവെന്ന പേരിൽ നെല്ലെടുക്കുന്ന ഏജന്റുമാർ ഒരു കിലോഗ്രാം നെല്ലിന് നൽകിയിരുന്ന 12 പൈസ ഈ സീസൺ മുതൽ സപ്ലൈകോ ആണ് നൽകുന്നത്. അതും കൂടി ചേർക്കുമ്പോൾ നെല്ലിന് ആകെ ലഭിക്കുന്ന തുക കിലോഗ്രാമിന് 28.32 ആകും. നേരത്തേ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതടക്കം 29.92 രൂപ ലഭിക്കേണ്ടതാണെന്ന് കർഷകർ പറയുന്നു.
പുതുക്കിയ വില അനുസരിച്ച് ഇതിനകം 3.60 കോടി രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് കൈമാറി. ആദ്യം പേമെന്റ് ഓർഡർ നൽകിയത് പി.ആർ.എസ് നൽകിയ മുറക്കായിരുന്നെങ്കിൽ ഇപ്പോൾ പാടശേഖരമാണ് അടിസ്ഥാനമാക്കുന്നത്. ജില്ലയിൽ 23,223 ടൺ നെല്ല് സംഭരിച്ചു കഴിഞ്ഞു. 9581 ഹെക്ടറിലാണ് കൃഷി ചെയ്തിരുന്നത്. നെല്ല് സംഭരിച്ച് രണ്ട് മാസം പിന്നിട്ട ശേഷമാണ് പണം നൽകി തുടങ്ങിയത്. ബാങ്കുകൾ വഴി പി.ആർ.എസ് വായ്പ നൽകിയിരുന്നപ്പോൾ നെല്ല് നൽകി ഒരാഴ്ചക്കകം വില കർഷകരുടെ അക്കൗണ്ടിൽ ലഭിച്ചിരുന്നു. ഇനിമുതൽ സപ്ലൈകോ നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകുമെന്നാണ് അറിയിപ്പ്.
നെല്ല് സംഭരിച്ച വകയിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളിൽനിന്ന് 959 കോടി രൂപയാണ് സപ്ലൈകോക്ക് ലഭിക്കാനുള്ളത്. ഇതിൽ സംസ്ഥാന സർക്കാർ നൽകാനുള്ള 374 കോടി രൂപയുടെ ഗഡുവായാണ് കഴിഞ്ഞ ദിവസം 129 കോടി അനുവദിച്ചത്. കർഷകർ നിരന്തരം സപ്ലൈകോയുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ധനവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ വിതരണം ചെയ്ത് തുടങ്ങിയിട്ടില്ല.
കർഷകനെ വായ്പക്കാരനാക്കി നെൽവില നൽകുന്ന രീതി മാറ്റുന്നതിനാണ് പൊതുമേഖല ബാങ്കുകളുടെ കൺസോർഷ്യം രൂപവത്കരിച്ച് 2500 കോടി വായ്പയെടുത്തത്.
ഇനി വില നൽകണമെങ്കിൽ കേരള ബാങ്ക് കനിയണം. അതിനിടെ, ബാങ്കിൽനിന്ന് 2300 കോടി രൂപ വായ്പ എടുക്കുന്നത് സംബന്ധിച്ച നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.