മലപ്പുറം: കടുത്ത വേനലിൽ ജില്ലയിൽ കാർഷിക മേഖലക്കും നഷ്ടത്തിന്റെ കണക്കുകൾ. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ 2,45,67,000 രൂപയുടെ നാശനഷ്ടമാണ് കാർഷിക മേഖലയിലുണ്ടായത്. അടുത്ത ദിവസങ്ങളിലും നഷ്ടത്തിന്റെ തോത് വർധിക്കുമെന്ന് ജില്ല കൃഷി വകുപ്പ് അറിയിച്ചു. വാഴക്കാണ് ഏറ്റവും കൂടുതൽ നാശം സംഭവിച്ചത്. 2,40,00,000 രൂപയുടെ നഷ്ടമാണ് വാഴക്ക് മാത്രമായി സംഭവിച്ചത്. വെള്ളത്തിന്റെ ലഭ്യതക്കുറവും ചൂടും നാശത്തിന്റെ തോത് ഉയർത്തി. കൃഷിയിടങ്ങളിൽ വെള്ളത്തിന്റെ സാധ്യത കുറഞ്ഞതോടെ പലതും തണ്ട് ഒടിഞ്ഞ് നിലം പൊത്തുകയായിരുന്നെന്നാണ് കൃഷി വകുപ്പിന്റെ വിലയിരുത്തൽ.
കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം 80,000 കുലച്ച വാഴകളാണ് നശിച്ചത്. കൊണ്ടോട്ടി, കാളികാവ്, നിലമ്പൂർ, വണ്ടൂർ, മമ്പാട്, കരുവാരക്കുണ്ട് എന്നിവിടങ്ങളിലായാണ് കാര്യമായ നാശനഷ്ടം. കൊണ്ടോട്ടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ വാഴകൾ നശിച്ചത്. 20,000 വാഴകളാണ് ചൂടിൽ കടപുഴകിയത്. രണ്ടാം സ്ഥാനത്തുള്ള കാളികാവ്, മഞ്ചേരി ബ്ലോക്കുകളിൽ 15,000 വീതം വാഴകളും നിലംപതിച്ചു. വണ്ടൂർ ബ്ലോക്കിൽ 5,000 കുലച്ച വാഴകളാണ് കർഷകന് കൈവിട്ട് പോയത്. കുലച്ച വാഴകൾക്ക് വിള ഇൻഷുറൻസ് സ്കീമിൽ 300 രൂപയാണ് നഷ്ടപരിഹാരമായി കൃഷി വകുപ്പ് നൽകുക.
കണക്കുകൾ വരുന്ന ദിവസങ്ങളിലും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. നെൽ കൃഷിക്കും വേനൽ തിരിച്ചടി നൽകിയിട്ടുണ്ട്. പെരുമ്പടപ്പ്, തവനൂർ മേഖലകളിലാണ് നെൽ കൃഷിക്ക് നഷ്ടം സംഭവിച്ചത്. 40 ഏക്കറിലായി 5,67,000 രൂപയുടെ നഷ്ടം കർഷകന് വരുത്തി. പാകമാകാനെത്തിയ നെല്ലാണ് വേനലിൽ നിലം പതിച്ചത്. കുരുമുളക്, വെറ്റില, കമുക്, വിവിധ തരം പച്ചക്കറികൾക്കും ചെറിയ തോതിൽ ജില്ലയിൽ നഷ്ടം സംഭവിച്ചിട്ടുണ്ട്.
തെങ്ങ്
തെങ്ങിൻ തടത്തിലും തോട്ടത്തിൽ മുഴുവനായും ലഭ്യമായ ജൈവ വസ്തുക്കളുപയോഗിച്ച് പുതയിടുക. തെങ്ങോലകൾ കത്തിച്ചുകളയാതെ ചെറിയ കഷണങ്ങളാക്കി നെടുകയും കുറുകെയും മൂന്ന് നാലു നിരകളായി ഇടുകയോ അഴുകിയ ചകിരിച്ചോർ 7-8 സെ. മീറ്റർ കനത്തിൽ വിരിക്കുകയോ ചെയ്യുക. തെങ്ങിന്റെ തടിയിൽ തറയിൽനിന്ന് 5 മീറ്റർ വരെ ഉയരത്തിൽ കുമ്മായം പുരട്ടുക വഴി കഠിന ചൂടിനെ ചെറുക്കും.
കമുക്
കമുകിൻ തടിയിൽ ദീർഘനാൾ സൂര്യപ്രകാശം നേരിട്ടടിച്ചാൽ പൊള്ളി പലഭാഗത്തും നീളത്തിൽ പാടുവീഴുന്നത് കാണാം. തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്നാണ് വെയിലടിക്കുന്നതെങ്കിൽ പ്രശ്നം രൂക്ഷമാകും. സ്വർണമഞ്ഞ നിറത്തിൽ ആദ്യമുണ്ടാകുന്ന പാടുകൾ ക്രമേണ കടും തവിട്ടുനിറമായി തുടർന്ന് നെടുനീളത്തിൽ ചെറിയ വിള്ളലുകൾ ഉണ്ടാകും. ഇതിലൂടെ രോഗകാരികളായ കുമിളുകൾ പ്രവേശിച്ച് തടി ദുർബലപ്പെടുത്തും. ചിലപ്പോൾ തടി ഒടിയാനും സാധ്യതയുണ്ട്. ഇങ്ങനെ വിള്ളലുകൾ ഉണ്ടായാൽ കമുകിന്റെ കഷ്ണങ്ങൾ നീളത്തിൽ വച്ച് കെട്ടി തടി ബലപ്പെടുത്തണം. വേഗം വളരുന്ന തണൽമരങ്ങൾ തോട്ടത്തിന്റെ തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ വളർത്തുക. കമുക് മരങ്ങളെ അതിന്റെ പാള/തണുങ് തന്നെ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടുക, കമുകിൽ കുരുമുളക് പടർത്തുക മുതലായവ സൂര്യാഘാതം കുറക്കാൻ സഹായകരമാണ്. വേനൽക്കാലം തുടങ്ങുന്നതോടെ തടിയിൽ കുമ്മായം പൂശുകയുമാവാം.
കുരുമുളക്
കുരുമുളക് ചെടിയുടെ വേര് ഉപരിതലത്തിൽ മാത്രമേ പടരൂ. അതിനാൽ കുരുമുളക് ചെടിക്ക് മണ്ണിനടിയിലുള്ള ജലം ആഗിരണം ചെയ്യാൻ കഴിയില്ല. വിളവെടുപ്പിനുശേഷം വരൾച്ച ഒഴിവാക്കാനായി കുരുമുളക് കൊടികൾ നനക്കുന്നത് നല്ലതാണ്. തുറസ്സായ സ്ഥലങ്ങളിൽ വളരുന്ന ചെടികളുടെ ചുവട്ടിൽനിന്നും 75 സെ.മീ ചുറ്റളവിൽ തടമെടുക്കണം. ചെടി ഒന്നിന് 100 ലിറ്റർ എന്ന തോതിൽ എട്ടു മുതൽ 10 ദിവസത്തെ ഇടവേളയിൽ നന നൽകാം. വേനൽ കാലത്താണ് നനയുടെ ആവശ്യം. അതുകഴിഞ്ഞാൽ മഴക്കാലം വരെ നന നിർത്തുന്നത് നല്ലതാണ്.
വള്ളി ചെറുതായി വാടിയ കൊടി പിന്നീടുള്ള മഴയിൽ നല്ല പോലെ തളിർത്ത് നന്നായി തിരി പിടിക്കുന്നതിന് ഇത് സഹായിക്കുന്നു. ചെറിയ കൊടികൾക്ക് മഴയില്ലാത്ത മാസങ്ങളിൽ നന്നായി നനച്ചുകൊടുക്കണം. ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ ചെറിയ ദ്വാരമുള്ള മൺകുടങ്ങളിൽ വെള്ളം നിറച്ച് കൊടിയുടെ ചുവട്ടിൽ വെക്കാം. ഉണങ്ങിയ ഇലകൾ ഉപയോഗിച്ച് ചെടിയുടെ ചുവട്ടിൽ പുതയിടുന്നത് ജല ബാഷ്പീകരണം തടയുന്നതിന് സഹായിക്കുന്നു.
ഫലവർഗ വിളകൾ
ഫലവർഗ വിളകൾക്ക് ചെടിയുടെ തടത്തിൽ പുതയിട്ട് കൊടുക്കുന്നത് നല്ലതാണ്. കറുത്ത പോളിത്തീൻ ഷീറ്റുകൾ ഉപയോഗിച്ചും പുതയിടാം. തുള്ളിനന ജലസേചനം പ്രാവർത്തികമാക്കുക. 0.2% പൊട്ടാസ്യം സൾഫേറ്റ് തളിച്ചുകൊടുക്കുന്നത് വരൾച്ചയെ അതിജീവിക്കുന്നതിന് സഹായകമാകും.
വാഴ
വാഴക്ക് ജലലഭ്യത ഉറപ്പ് വരുത്തുകയാണ് പ്രധാന മാർഗം. ഡ്രിപ് ഇറിഗേഷൻ ജലസേചന രീതി മികച്ച മാർഗമാണ്. ലഭ്യമായ ജൈവ വസ്തുക്കളുപയോഗിച്ച് പുതയിടുന്നതും ഗുണകരമാണ്. എന്നാൽ കീടബാധ വരുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.