പുൽപള്ളി: ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് മാതൃകയായി ഒരു കർഷകൻ. മുള്ളൻകൊല്ലി പഞ്ചായത്തിലെ ജോർജ് തട്ടാംപറമ്പിൽ വർഷങ്ങൾക്ക് മുമ്പ് തന്റെ കൃഷിയിടത്തോട് ചേർന്ന തോടിന്റെ കരയിൽ മുളതൈകൾ നട്ടിരുന്നു. കടമാൻതോട് വറ്റിവരണ്ടിരിക്കുന്ന ഈ സമയത്ത് ഇദ്ദേഹത്തിന്റെ കൃഷിയിടത്തോടു ചേർന്ന ഭാഗത്ത് മാത്രമാണ് ഇപ്പോൾ വെള്ളമുള്ളത്.
രണ്ടു പതിറ്റാണ്ട് മുമ്പാണ് ജോർജ് കൃഷിയിടത്തിന്റെ അരിക് ഇടിയാതിരിക്കാൻ മുളകൾ നട്ടുപിടിപ്പിച്ചത്. അന്ന് നട്ട മുളകളെല്ലാം ഇപ്പോൾ വലുതായി. തോടിന്റെ പലഭാഗങ്ങളിലും തുള്ളി വെള്ളം പോലുമില്ല. അതേസമയം, ഇദ്ദേഹം മുള നട്ട ഭാഗങ്ങളിലെല്ലാം കടമാൻതോട്ടിൽ വെള്ളമുണ്ട്. ആറ് ഏക്കറോളം സ്ഥലത്തിന്റെ വശങ്ങളിലാണ് മുള നട്ടുപിടിപ്പിച്ചത്. അന്ന് നട്ട മുളയുടെ ഗുണം ജലസംരക്ഷണത്തിന് കൂടി ഗുണം ചെയ്തതായി അദ്ദേഹം പറയുന്നു.
പുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ വരൾച്ച ബാധിത മേഖലകളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. ശശിമല, പാറക്കവല, കുന്നത്ത് കവല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചത്. ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലാണ് വാഹനത്തിൽ വെള്ളം എത്തിച്ചുകൊടുക്കുന്നത്.
ഈ പ്രദേശങ്ങളിൽ കുഴൽ കിണറുകൾ പോലും വറ്റിയിരിക്കുകയാണ്. കാർഷിക വിളകൾ നല്ലൊരു പങ്കും നശിച്ചു. ക്ഷീര മേഖലയിൽ ഉണ്ടായിരുന്നവർ പശുക്കളെ വിറ്റ് ഒഴിവാക്കി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പണം മുടക്കിയാണ് പലരും വെള്ളം വീടുകളിലെത്തിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് കുടിവെള്ള വിതരണത്തിന് പഞ്ചായത്ത് മുൻകൈയെടുത്തത്. വരൾച്ചയുടെ തോത് ഇനിയും ഉയരുന്നപക്ഷം കൂടുതൽ ഇടങ്ങളിലേക്ക് വെള്ളം എത്തിക്കേണ്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.