മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി പ്രവാസ ലോകത്തെത്തിയ മലപ്പുറം കുറ്റിപ്പുറം പേരശന്നൂര്‍ സ്വദേശി വളഞ്ചാര്‍ തൊടിയില്‍ അബുല്‍ കാസിം അഞ്ച് വര്‍ഷം പിന്നിട്ട ശേഷമാണ് നാട്ടിലേക്ക് തിരികെ പോകുന്നത്. തന്റെ പത്തൊമ്പതാം വയസ്സില്‍ ദുബയിലെത്തിയ ഇദ്ദേഹം ഒരു ഫുഡ് സ്റ്റഫ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. പ്രവാസ ലോകത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കാണുന്ന വിദേശ പഴങ്ങള്‍ ഒന്ന് രുചിച്ചു നോക്കാന്‍ എന്ത് വില നല്‍കാനും മടി കാണിച്ചിരുന്നില്ല ഇദ്ദേഹം. ഓരോ പഴങ്ങളുടെ രുചിയും മനസ്സില്‍ കുറിച്ചിടുന്നതോടൊപ്പം അതിന്റെ ജന്മ ദേശവും പേരും വേരും ഹൃദയത്തില്‍ പാഠമാക്കാന്‍ പ്രത്യേക താല്പര്യം കാണിച്ചു. പ്രവാസ ലോകത്തെ അഞ്ച് വര്‍ഷം വല്ലാതെ ധന സമ്പാദ്യമൊന്നും നല്കിയില്ലെങ്കിലും ലോകത്തിലെ ഏത് സര്‍വ്വകലാശാലയില്‍ പോയി പഠിച്ചാലും ലഭിക്കാത്ത അറിവുകള്‍ നേടിയെടുക്കാനുള്ള അവസരമായി ഇദ്ദേഹം ഉപയോഗപ്പെടുത്തുകയായിരുന്നു. സമ്പുഷ്ടമായ ഇത്തരം പഴങ്ങള്‍ എങ്ങനെ തന്റെ നാട്ടിലും ഉണ്ടാക്കാം എന്ന ചിന്തകളാണ് പലപ്പോഴും അബുല്‍ കാസിമിന്റെ ബെഡ് സ്പേസില്‍ ഉറക്കം കെടുത്തിയിരുന്നത്. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഇദ്ദേഹം വീടിനോട് ചേര്‍ന്നുള്ള ഭൂമി ഉപയോഗപ്പെടുത്തി ചെറിയ രീതിയില്‍ കൃഷി ആരംഭിച്ചു. പ്രവാസം അവസാനിപ്പിച്ച് പല പ്രവാസികളും ചെയ്യുന്ന കിറുക്ക് മാത്രമായേ പലരും ഇതിനെ കണ്ടുള്ളൂ. പ്രവാസ ലോകത്ത് നിന്ന് പരിചയപ്പെട്ട സുഹൃത്തുക്കള്‍ വഴി ഇത്തരം പഴങ്ങളുടെ വിത്തുകളും ചെടികളും തന്റെ കൃഷിയിടത്തേക്ക് വരുത്തി. തന്റെ സ്വപ്നങ്ങള്‍ക്കും ചെടികള്‍ക്കും നല്ല പരിചരണം നല്കി കരുതിയിരുന്നുള്ളൂ.
വൈകാതെ തന്നെ വിചാരിക്കാത്ത രീതിയില്‍ ഫലങ്ങള്‍ ലഭിച്ചു. തന്റെ പ്രതീക്ഷകള്‍ തളിരിടുന്നത് കണ്ട ഇദ്ദേഹം ഊണും ഉറക്കവും ഒഴിച്ച് എന്ന പോലെ മണ്ണില്‍ പണിയെടുത്തു.ബ്രസീലിയന്‍ ജബോട്ടികാബ, ആമസോൺ റൈൻഫോറെസ്റ്റ് പ്ലം, യുജീനിയ ഒബ്സെർവ, ചെറി ഓഫ് റിയോ ഗ്രൈൻഡ്, ഗ്രുമിച്ചാമ, ബ്ലാക്ക് സപ്പോട്ട, വൈറ്റ് സപ്പോട്ട, മാമി സപ്പോട്ട, ലിച്ചി, ടുക്കു ഫ്രൂട്ട്, ലാങ്സാറ്റ്, പർപിൾ മട്ടോവ, ബർടകിൻ പ്ലം, ഹൈബ്രിഡ് അഭിയു, കെപ്പൽ ഫ്രൂട്ട്, മിയാസാ ക്കി, ഗോലെക്, ചാങ്ഡീങ്, പർപിൾ ജമയ്കൻ സ്റ്റാർ ഫ്രൂട്ട്, വിവിധ തരാം മാങ്ങ, റംപുട്ടാന്‍ തുടങ്ങി ലോക രാജ്യങ്ങളിലെ വിവിധ പഴ വര്‍ഗ്ഗങ്ങള്‍ തന്റെ വീട്ടുമുറ്റത്തെ ചട്ടികളിലും പറമ്പിലുമായി വളര്‍ത്തിയെടുക്കുകയാണ് ഇദ്ദേഹം. 220 ലേറെ ഇനം മാവുകള്‍, അറുപതോളം ഇനം റംപുട്ടാന്‍ പതിനെട്ട് തരം ലിച്ചി അങ്ങനെ നീണ്ടുപോകുന്നു ഇദ്ദേഹത്തിന്റെ കാര്‍ഷിക പരീക്ഷണങ്ങള്‍.
പ്രവാസ ലോകത്ത് നിന്ന് മടങ്ങി വന്ന് പത്ത് വര്‍ഷം പിന്നിടുമ്പോഴേക്കും ഇദ്ദേഹം സമ്പാദിച്ച് കൂട്ടിയത് ആയിരത്തിലേറെ ഫല വര്‍ഗ്ഗങ്ങള്‍. നാലു കിലോ വരെ തൂക്കം വരുന്ന ലോകത്തിലെ ഏറ്റവും വലിയ സപ്പോട്ട, എട്ടു കിലോ തൂക്കം വരുന്ന കൈതച്ചക്കയും മുപ്പത്തി നാലുകാരനായ അബുല്‍ കാസിമിന്റെ കൃഷിയിടത്തിലെ അപൂര്‍വ്വ കാഴ്ച്ചയാണ്. തന്റെ സ്വപ്നലോകത്ത് വിളവെടുക്കുന്ന ഫലങ്ങള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷിക്കാന്‍ നല്കി സന്തോഷം കണ്ടെത്തുകയാണ് പതിവ്. അപൂര്‍വ്വമായ തന്റെ കൃഷി അറിവുകള്‍ പകര്‍ന്ന് നല്‍കാനും ആവശ്യമായ സേവനങ്ങള്‍ നല്കുവാനും ആര്‍ക്കും തന്നെ സമീപിക്കാമെന്നും ഇദ്ദേഹം പറയുന്നു. വലിയ വില നല്‍കിയാണ് ഓരോ പഴ വര്‍ഗ്ഗങ്ങളുടെയും ചെടികള്‍ ഇദ്ദേഹം തന്റെ കൃഷിയിടത്തില്‍ എത്തിക്കുന്നത്. വര്‍ഷത്തിലെ എല്ലാ ദിവസവും വിത്യസ്ത വിദേശ ഫലങ്ങള്‍ കായ്ക്കുന്ന തോട്ടം ഉണ്ടാക്കിയെടുക്കാന്‍ ഇച്ചാശക്തി നല്‍കിയത് തന്റെ പ്രവാസ അനുഭവങ്ങളാണെന്ന് അബ്ദുല്‍ കാസിം വ്യക്തമാക്കുന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ മത്സ്യ കൃഷിയിലും ഒരു കൈനോക്കുന്നുണ്ട് ഇദ്ദേഹം. കേരളത്തിന്റെ പല ഫലങ്ങളും പല വിദേശ രാജ്യങ്ങളും കൊണ്ട് പോയപ്പോള്‍ വിദേശ രാജ്യങ്ങളുടെ ഫലങ്ങള്‍ നമ്മുടെ നാട്ടിലേക്ക് കൊണ്ട് വന്ന് കരുത്ത് തെളിയിക്കുകയാണ് ഈ യുവാവ്. ജീവിതാഭിലാഷത്തിന് വേണ്ടി ഇദ്ദേഹം ഒഴുക്കിയ വിയര്‍പ്പിന്റെ ഫലമായാണ് ആരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള ഈ കൃഷിയിടം. തന്റെ അഭിനിവേശം മണ്ണില്‍ നട്ട് തളിര്ത്തെടുക്കുന്ന ഈ കര്ഷകന് മാതൃകയാക്കാവുന്ന യുവത്വമാണെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.