കുട്ടനാട്: തുടർച്ചയായ വെള്ളപ്പൊക്കവും മഴയും കുട്ടനാട്ടിൽ പുഞ്ചക്കൃഷി ഇക്കുറി താളം തെറ്റിക്കും. യഥാസമയം നിലമൊരുക്കി വിതക്കാൻ സാധിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായതോടെ കർഷകർ ആശങ്കയിലാണ്. സെപ്റ്റംബർ അവസാനവാരം മുതൽ ഒക്ടോബർ വരെയാണ് വിത പൂർത്തിയാക്കേണ്ടത്. ഫെബ്രുവരി പകുതിയോടെ വിളവെടുക്കാനാണ് ഈ സമയക്രമം പാലിക്കുന്നത്.
പിന്നെയും വിളവെടുപ്പ് വൈകിയാൽ വേനൽമഴയും ഉപ്പുവെള്ളം കയറുന്ന പ്രശ്നങ്ങളും ഭീഷണിയാകും. പ്രതികൂല കാലാവസ്ഥ കാരണം പലയിടത്തും പാടത്തെ വെള്ളംവറ്റിക്കുന്ന പ്രാരംഭ നടപടിപോലുമായിട്ടില്ല. കഴിഞ്ഞ സീസണിലും വിതക്കേണ്ട സമയത്ത് ശക്തമായ മഴയായിരുന്നു. ഒരുമാസത്തോളം താമസിച്ചാണ് കൃഷിയിറക്കാൻ സാധിച്ചത്. ഇതോടെ വിളവെടുപ്പും വൈകി. ഇക്കാരണത്താൽ പലപാടത്തും രണ്ടാംകൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായി. വിതക്ക് രണ്ടുമാസം മുമ്പുമുതലേ കുട്ടനാട് മേഖലയിൽ പാടശേഖരസമിതികളുടെ നേതൃത്വത്തിൽ കൃഷിക്ക് മുന്നൊരുക്കം തുടങ്ങും. പാടശേഖരങ്ങളുടെ പുറംമട ചെളിയിറക്കി ബണ്ടുകെട്ടും. തുടർന്ന് വിളവെടുപ്പിന് ശേഷം മാറ്റിവെച്ചിരിക്കുന്ന മോട്ടോറും പെട്ടിയും പിടിപ്പിക്കും. എന്നാലേ പാടങ്ങളിലെ വെള്ളം വറ്റിക്കാൻസാധിക്കൂ. പാടശേഖരങ്ങളുടെ പമ്പിങ് ലേലം മാസങ്ങൾക്കുമുമ്പേ പൂർത്തിയായതാണെന്ന് അധികൃതർ പറഞ്ഞു. ചില പാടങ്ങളിൽ ബണ്ടുകൾസ്ഥാപിച്ച് പമ്പിങ് ജോലികൾ തുടങ്ങുകയും ചെയ്തു. എന്നാൽ, അപ്രതീക്ഷിതമായെത്തിയ മഴയും രണ്ട് വെള്ളപ്പൊക്കവും മുന്നൊരുക്കം അവതാളത്തിലാക്കി. ബലപ്പെടുത്തിയ ബണ്ടു പൊളിച്ചുനീക്കി പെട്ടിമട മാറ്റേണ്ടിവന്നതോടെ കർഷകർ ദുരിതത്തിലായി. വീണ്ടും ബണ്ടു ബലപ്പെടുത്തി വെള്ളം വറ്റിക്കണമെങ്കിൽ ദിവസങ്ങളെടുക്കും.
ജില്ലയിൽ ശരാശരി 25,000 ഹെക്ടറിലാണ് പുഞ്ചക്കൃഷിയിറക്കുന്നത്. ഇക്കുറി കനത്തമഴയും കിഴക്കൻവെള്ളത്തിന്റെ വരവും കാരണം പാടങ്ങളിൽനിന്ന് വെള്ളക്കെട്ടൊഴിയാത്തതാണ് നിലമൊരുക്കുന്നതിനും വിതക്കും തടസ്സമായിരിക്കുന്നത്. ഏതാണ്ട് ഒരേകാലയളവിൽ പുഞ്ച തുടങ്ങുമ്പോൾ കൊയ്ത്തും ഒരേസമയത്തുതന്നെ വരും. എല്ല പാടങ്ങളും കൊയ്യാൻ ഒരേസമയം യന്ത്രങ്ങൾ ധാരാളം വേണ്ടിവരും. യന്ത്രക്ഷാമംവരുന്നതോടെ കൊയ്ത്ത് മുടങ്ങും. ചൂടു കൂടുതൽ അനുഭവപ്പെടുന്ന സമയമായതിനാൽ വിളവ് കുറയാനും സാധ്യത ഏറെയാണ്. മണ്ണിന്റെ അമ്ലത്വം വർധിക്കുന്നതാണ് നെൽക്കൃഷിക്ക് അനുഭവപ്പെട്ടേക്കാവുന്ന മറ്റൊരു പ്രശ്നം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.