കാർഷിക വിളകൾ നശിപ്പിച്ച് ആഫ്രിക്കൻ ഒച്ചുകൾ

നെടുങ്കണ്ടം: കൃഷി ചെയ്ത് ഉപജീവനമാർഗം കണ്ടെത്താൻ സാധിക്കാതെ ഇടുക്കി ബൈസൺവാലി മുട്ടുകാട് നിവാസികൾ. ആഫ്രിക്കൻ ഒച്ചുകൾ അമിതമായി പെരുകിയതാണ് മുട്ടുകാട്ടിലെ കർഷകർക്ക് ദുരിതമായിരിക്കുന്നത്. കാർഷികവിളകൾ എല്ലാം ഒച്ചുകൾ തിന്ന് നശിപ്പിക്കുന്നതിനെ തുടർന്ന് കൃഷി ജോലികൾ നിർത്തിവെച്ചിരിക്കുകയാണ് ഇവിടെ പല കർഷകരും.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുട്ടുകാട്ടിലെ കർഷകരുടെ ജീവിതം ദുരിതപൂർണമായിരിക്കുകയാണ്. മിക്ക കർഷകരും കൃഷികൾ അവസാനിപ്പിച്ച് ഉപജീവനമാർഗത്തിന് മറ്റു മേഖലകൾ തേടുകയാണ്.

ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം ക്രമാതീതമായി വർധിച്ചതാണ് കർഷകരെ ദുരിതത്തിലാക്കിയത്. വൻതോതിൽ പെറ്റുപെരുകിയ ഒച്ചുകൾ നിലവിൽ ഉണ്ടായിരുന്ന ഏലം, കുരുമുളക്, കാപ്പി, കോക്കോ, പച്ചക്കറികൾ എല്ലാം തിന്നുനശിപ്പിച്ചു. അതുകൊണ്ടുതന്നെ പുതിയ കൃഷികൾ ഇറക്കുന്നതിൽനിന്ന് കർഷകർ പൂർണമായും പിന്മാറി. വീര്യംകൂടിയ കിടനാശിനികളോ മരുന്നുകളോ തളിച്ചിട്ടും ഇവയെ തുരത്താൻ സാധിക്കാത്ത അവസ്ഥയിലാണ്. കാർഷിക വിളകൾക്ക് വിലത്തകർച്ച നേരിടുന്ന സാഹചര്യത്തിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടി വർധിച്ചതോടെ ജീവിതം ഇരുളടഞ്ഞെന്ന് കർഷകർ പറയുന്നു. ഉപ്പ് ഉപയോഗിച്ച് ഇവയെ നശിപ്പിക്കാൻ സാധിക്കുമെങ്കിലും കൃഷി ഭൂമിയിൽ ഉപ്പ് വിതറുക പ്രായോഗികമല്ലെന്ന് കർഷകർ പറയുന്നു. മുട്ടുകാട് മേഖലയിൽനിന്നും സമീപ പഞ്ചായത്തായ രാജകുമാരിയിലും ഇവയുടെ സാന്നിധ്യം വാഹനങ്ങളിൽ പറ്റിപ്പിടിച്ചും വിവിധ മേഖലകളിലേക്ക് ഇവ എത്തുന്നത് കർഷകരിൽ ആശങ്കയുണ്ടാക്കിട്ടുണ്ട്.

Tags:    
News Summary - African snails destroying agricultural crops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.