കൊച്ചി: മത്സ്യസംസ്കരണ ശാലകളിൽനിന്ന് പുറന്തള്ളുന്ന അവശിഷ്ടങ്ങളും ഇനി സംസ്ഥാനത്തിന് വരുമാനം നേടിത്തരും. ഇതുവരെ മാലിന്യമായി ഒഴിവാക്കിയിരുന്ന മത്സ്യാവശിഷ്ടങ്ങൾ ഗുണമേന്മയുള്ള ജൈവവളമായി വൈകാതെ വിപണിയിലെത്തും. കൊച്ചി പനങ്ങാെട്ട കേരള ഫിഷറീസ്, സമുദ്രപഠന സർവകലാശാലയാണ് (കുഫോസ്) ഇൗ സാേങ്കതികവിദ്യ വികസിപ്പിച്ചത്.
സംസ്ഥാനത്തെ മത്സ്യസംസ്കരണശാലകൾ ദിവസവും ആയിരക്കണക്കിന് ടൺ ഖരമാലിന്യവും ലക്ഷക്കണക്കിന് ലിറ്റർ ദ്രവമാലിന്യവും പുറന്തള്ളുന്നുണ്ടെന്നാണ് കണക്ക്. കൊച്ചി, അരൂർ മേഖലകളിലെ സംസ്കരണശാലകളിൽ മാത്രം പ്രതിദിനം 500 ടൺ ഖരമാലിന്യവും പത്ത് ലക്ഷം ലിറ്റർ ദ്രവമാലിന്യവും ഉണ്ടാകുന്നുണ്ട്. മത്സ്യത്തിെൻറ വലുപ്പം അനുസരിച്ച് അവശിഷ്ടങ്ങളുടെ അളവ് പത്ത് മുതൽ 60 ശതമാനം വരെയാണ്. ദ്രവമാലിന്യം മിക്കപ്പോഴും സമീപത്തെ ജലസ്രോതസ്സുകളിൽ ഒഴുകിയെത്തുകയാണ്. ഖരമാലിന്യത്തിൽ 70 ശതമാനവും മറ്റു മാലിന്യങ്ങൾക്കൊപ്പം നശിപ്പിക്കുകയോ ഒഴിഞ്ഞസ്ഥലങ്ങളിൽ തള്ളുകയോ ചെയ്യുന്നു. ജല, വായു മലിനീകരണത്തിന് കാരണമാകുന്ന ഘടകങ്ങളിൽ നല്ലൊരു പങ്കും ഇൗ മത്സ്യാവശിഷ്ടങ്ങളാണ്.
ഉയർന്ന നിക്ഷേപമോ ചെലവേറിയ സാേങ്കതികവിദ്യയോ ഇല്ലാതെതന്നെ മത്സ്യാവശിഷ്ടങ്ങളിൽനിന്ന് ജൈവവളവും കീടനാശിനിയും നിർമിക്കാമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ കുഫോസ് ഫിഷ് പ്രോസസിങ് ടെക്നോളജി വിഭാഗം അസി. പ്രഫസർ ഡോ. അഭിലാഷ് ശശിധരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ചീരയിലും വെണ്ടയിലുമാണ് പഠനം നടത്തിയത്. മത്സ്യമാലിന്യത്തിൽനിന്നുള്ള വളങ്ങളും കീടനാശിനികളും രാസവളപ്രയോഗം 75 ശതമാനത്തോളം കുറക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ. നിലവിൽ വിപണിയിൽ ലഭിക്കുന്ന ജൈവ വളങ്ങളുടെ പകുതി വിലയ്ക്ക് ഇത് കർഷകർക്ക് നൽകാനാകും. മത്സ്യവളം ഉപയോഗിച്ചുള്ള പച്ചക്കറികൃഷിയിൽ ഉൽപാദനം 20--30 ശതമാനം വർധിച്ചതായും പഠനത്തിൽ കണ്ടെത്തി.
മത്സ്യാവശിഷ്ടങ്ങൾ ഫോർമിക് ആസിഡുമായി കലർത്തിയശേഷം ചകിരി മിശ്രിതവുമായി ചേർത്ത് പൊടിച്ചാണ് പ്രകൃതിസൗഹൃദ വളമുണ്ടാക്കുന്നത്. പുതിയ സാേങ്കതികവിദ്യയുടെ പേറ്റൻറ് നേടാൻ നടപടി തുടങ്ങിയിട്ടുണ്ട്. മത്സ്യവളം നിർമാണത്തിൽ സ്വാശ്രയ സംഘങ്ങൾക്ക് പരിശീലനം നൽകി ഒരു വർഷത്തിനകം വിപണിയിലെത്തിക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.