കാലാവസ്ഥയെ പൂർണമായും ആശ്രയിച്ചാണ് എല്ലാവിധ കാർഷിക പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും. പ്രകൃതിക്ഷോഭങ്ങൾ കാർഷിക വിളകൾക്ക് നാശമുണ്ടാക്കുന്നതുമൂലം കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുന്നു. ഈ അവസ്ഥക്കുള്ള ഒരു സംരക്ഷണം അല്ലെങ്കിൽ സമാശ്വാസം എന്ന നിലക്കാണ് വിവിധ കാർഷിക ഇൻഷുറൻസ് പരിരക്ഷ പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്.
കേരളത്തിൽ കൃഷി വകുപ്പ് നേരിട്ട് ഒരു വിള ഇൻഷുറൻസ് പദ്ധതി നടപ്പാക്കിവരുന്നു. പദ്ധതിയിൽ ഉൾപ്പെടുത്തിയ 27 ഇനം വിളകൾ, സ്വന്തം ഭൂമിയിലോ, പാട്ടത്തിനോ കൃഷി ചെയ്യുന്ന കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷക്ക് അപേക്ഷിക്കാം.
ഓരോ വിളക്കും ഇൻഷുറൻസ് ലഭിക്കുന്നതിന് വേണ്ട കുറഞ്ഞ വിസ്തൃതി അല്ലെങ്കിൽ എണ്ണം, ഇൻഷുറൻസ് ചെയ്യേണ്ട വിളകളുടെ പ്രായം, പ്രീമിയം തുക, വിളനാശം സംഭവിച്ചാൽ ലഭിക്കുന്ന നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചും, പദ്ധതിയുടെ മറ്റു വിവരങ്ങളും കൃഷിഭവനിൽനിന്നും https://keralaagriculture.gov.inഎന്ന വെബ്സൈറ്റിൽ, ഓൺലൈൻ സേവനങ്ങൾ എന്ന ടാബിൽനിന്നും ലഭ്യമാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കും മുമ്പ് കർഷകർ, കൃഷി വകുപ്പിന്റെ എയിംസ് എന്ന പോർട്ടലിൽ (https://www.aims.kerala.gov.in/cropinsurance) നേരിട്ട് അല്ലെങ്കിൽ അക്ഷയ/സേവന കേന്ദ്രങ്ങൾ വഴി രജിസ്റ്റർ ചെയ്തിരിക്കണം.
ഇൻഷുറൻസ് പദ്ധതിയിൽ ചേർന്ന കർഷകർക്ക്, പ്രകൃതിക്ഷോഭംമൂലം വിളനാശം സംഭവിച്ചാൽ നിശ്ചയിച്ച നിരക്കിൽ നഷ്ടപരിഹാര തുക ഓൺലൈനായി കർഷകരുടെ ബാങ്ക് അക്കൗണ്ടിലെത്തും. പൂർണ നാശം സംഭവിച്ച വിളകൾക്ക് മാത്രമേ ആനുകൂല്യത്തിന് അർഹതയുള്ളൂ.
എന്നാൽ, നെൽകൃഷിക്ക് 50 ശതമാനത്തിലധികം നാശനഷ്ടം ഉണ്ടായാൽ ആയതു പൂർണനഷ്ടമായി കണക്കാക്കി നഷ്ടപരിഹാരം ലഭിക്കുന്നതാണ്. പ്രീമിയം നിശ്ചയിക്കുന്നതിനു മുമ്പും പിന്നീട് വിളകൾക്കുള്ള നാശനഷ്ടം തിട്ടപ്പെടുത്തുന്നതിനും കൃഷിഭവൻ ഉദ്യോഗസ്ഥർ നേരിട്ട് കൃഷിയിടങ്ങൾ പരിശോധിക്കും.
അത്യാഹിതം സംഭവിക്കുമ്പോൾ വിളകൾക്ക് ഉണ്ടാകാവുന്ന നാശനഷ്ടം പരമാവധി കുറക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും കർഷകർ സ്വീകരിച്ചിരിക്കണം. ഉദാഹരണമായി വാഴകൾ കാറ്റിൽ മറിഞ്ഞുവീഴാതെ അവക്ക് സംരക്ഷണം നൽകിയിരിക്കണം.
ഉൽപാദന ക്ഷമത കുറഞ്ഞതും പ്രായാധിക്യമുള്ളതുമായ വൃക്ഷവിളകൾ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ പാടില്ല. എന്നാൽ, െങ്ങ്, കമുക്, റബർ, കശുമാവ്, കുരുമുളക്, മാവ് എന്നീ ദീർഘകാല വിളകൾ, നടുന്നതുമുതൽ, കായ്ച്ചു തുടങ്ങുന്നതുവരെ പ്രത്യേക ഇൻഷുറൻസ് സംരക്ഷണം ലഭ്യമാണ്.
സംസ്ഥാന പദ്ധതിക്ക് പുറമെ പ്രധാൻമന്ത്രി ഫസൽ ബീമാ യോജന (പി.എം.എഫ്.ബി.വൈ), പുനരാവിഷ്കൃത കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (ആർ.ഡബ്ല്യൂ, ബി.സി.ഐ.എസ്) തുടങ്ങിയ കേന്ദ്രാവിഷ്കൃത വിള ഇൻഷുറൻസ് പദ്ധതികളുടെ ആനുകൂല്യങ്ങളും കർഷകർക്ക് ലഭ്യമാണ്. ഇതിന്റെ വിശദാംശങ്ങളും കൃഷിഭവൻ/അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമാണ്.
കാലാവസ്ഥ വ്യതിയാനങ്ങൾമൂലം, പ്രകൃതിക്ഷോഭങ്ങൾ അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന ഇന്നത്തെ സാഹചര്യത്തിൽ, കർഷകർക്ക് മേൽപറഞ്ഞ പദ്ധതികളെ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.