കുട്ടനാട്: പുഞ്ചക്കൃഷിക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കവേ കുട്ടനാട്ടിലെ വിവിധയിടങ്ങളിൽ കൃഷി ഓഫിസർമാർ ഇല്ലാത്തത് തിരിച്ചടിയാകുന്നു. തകഴി, മുട്ടാർ, വെളിയനാട്, രാമങ്കരി എന്നിവിടങ്ങളിലാണ് ഓഫിസുകളിൽ നാഥനില്ലാത്തത്. നെൽകൃഷിയുടെ തുടക്കം മുതലുള്ള എല്ലാ കാര്യങ്ങൾക്കും കൃഷിഓഫിസർമാരുടെ ഇടപെടൽ ആവശ്യമാണ്. മിക്ക പാടശേഖരങ്ങളിലും തുലാം പകുതിയോടെതന്നെ വിതക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിവരുന്നുണ്ട്.
വിത്തുപോലും കൃഷിഭവൻവഴിയാണ് കർഷകർക്ക് വിതരണംചെയ്യുന്നത്. വിത്തുവിതരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങളാണ് ഉയരാറുള്ളത്. വരിനെല്ലും മുളക്കാവിത്തും അടക്കം കർഷകർക്ക് വിതരണംചെയ്ത നിരവധി സംഭവങ്ങൾ മുൻകാലങ്ങളിൽ റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഇത്തരം പ്രതിസന്ധികൾ ഉടലെടുക്കുമ്പോൾ തീരുമാനമെടുക്കാൻ കൃഷി ഓഫിസർമാർ കൂടിയേതീരൂ.
കൃത്യമായി തീർപ്പാക്കേണ്ട നിരവധി ഫയലുകൾ കെട്ടിക്കിടക്കുകയുമാണ്. കൃഷി ഓഫിസർമാർ ഇല്ലാത്തിടത്ത് പകരം ചുമതലക്കാരെ ഏർപ്പാടാക്കിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഒരു കൃഷി ഓഫിസർ ഉണ്ടായിട്ടും തീരാത്ത ജോലികൾ എങ്ങനെയാണ് പകരക്കാരെക്കൊണ്ടു തീർക്കാൻ സാധിക്കുന്നത് എന്നാണ് കർഷകരുടെ ചോദ്യം. ആവശ്യത്തിലേറെ തിരക്ക് ഒരിടത്തുതന്നെയുള്ളപ്പോൾ രണ്ടിടത്തെ ചുമതല ലഭിച്ചാൽ രണ്ടും അവതാളത്തിലാകുമെന്ന് അധികൃതർതന്നെ സമ്മതിക്കുന്നു. ഭൂമിയുടെ തരംമാറ്റവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ഫയലുകളാണ് പലയിടത്തും കെട്ടിക്കിടക്കുന്നത്.
ഭൂമി തരംമാറ്റിയശേഷം വായ്പയെടുക്കുന്നതിനും വീടുവെക്കുന്നതടക്കം കാര്യങ്ങൾക്കും കൃഷി ഓഫിസറുടെ ഒപ്പ് ആവശ്യമാണ്. വിതയ്ക്കു മുമ്പേ ലഭിക്കേണ്ട നീറ്റുകക്ക, ഡോളോമൈറ്റ് എന്നിവ ലഭിക്കുന്നതിനും ഓഫിസറുടെ സാക്ഷ്യപത്രം വേണം. വിത കഴിഞ്ഞാൽ നിരവധി ആനുകൂല്യങ്ങൾക്കുള്ള പെർമിറ്റ് ലഭിക്കേണ്ടതുണ്ട്.
കുട്ടനാട്ടിൽ ഏറ്റവും കൂടുതൽ കൃഷി നടക്കുന്നത് തകഴി കൃഷിഭവൻപരിധിയിലാണ്. ഇവിടെ കൃഷി ഓഫിസർ ഇല്ലാതായിട്ട് ഒരു മാസത്തിലേറെയായി. പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന അസി. ഓഫിസർക്കും സ്ഥലംമാറ്റമായി. ഇതോടെ കാര്യങ്ങൾ സങ്കീർണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.