ആറാട്ടുപുഴ: വേറിട്ട കൃഷിയിലൂടെ ശ്രദ്ധേയനായ ഉദയകുമാർ പാലത്തിൽ കപ്പലണ്ടി വിളയിക്കാനുള്ള പരിശ്രമത്തിലാണ്. കൃഷി ചെയ്യാൻ സ്ഥലമില്ലെന്ന് പരിതപിക്കുന്നവർക്ക് ഉദയന്റെ വേറിട്ട കൃഷികൾ മാതൃകയാണ്. കാർത്തികപ്പള്ളി പഞ്ചായത്തിലെ പ്രധാന പച്ചക്കറി കർഷകനാണ് പുളിക്കീഴ് പുത്തൻവീട്ടിൽ ഉദയകുമാർ (53). കഴിഞ്ഞ ഓണക്കാലത്ത് പൂപ്പാലമൊരുക്കിയാണ് ഉദയൻ ശ്രദ്ധ നേടിയത്.
ചുവപ്പും മഞ്ഞയും നിറത്തിലുള്ള ബന്ദിപ്പൂക്കൾ പാലം നിറഞ്ഞു നിന്നത് കണ്ണിന് കുളിർമ പകർന്ന കാഴ്ചയായിരുന്നു. മത്സ്യകൃഷിയുടെ ആവശ്യത്തിന് 40 മീറ്റർ നീളത്തിലും രണ്ടടി വീതിയിലും തോട്ടിൽ നിർമിച്ച പാലത്തിലാണ് ഉദയകുമാർ വേറിട്ട കൃഷികൾ പരീക്ഷിക്കുന്നത്. ഇക്കുറി പാലത്തിൽ നിന്ന് കപ്പലണ്ടി വിളവെടുക്കാനുള്ള തയാറെടുപ്പിലാണ്. 150 ഗ്രോബാഗിലാണ് കൃഷി. കടയിൽ നിന്ന് തോടോടുകൂടിയ കപ്പലണ്ടി വാങ്ങി ഒരു ബാഗിൽ രണ്ട് കുരുവാണ് നട്ടത്. ഒന്നര മാസം പിന്നിട്ടു. നാല് മാസമാണ് വിളവെടുപ്പിന് വേണ്ടത്. നൂറുമേനി തന്നെ വിളവുണ്ടാകുമെന്നാണ് ഉദയന്റ പ്രതീക്ഷ. ഓണവിപണി ലക്ഷ്യം വെച്ചുള്ള പച്ചക്കറി കൃഷിയും പുരോഗമിക്കുകയാണ്. കൃഷിഭവന്റെ ഓണച്ചന്തകളിൽ പാവൽ, പടവലം, സലാഡ് കുക്കുമ്പർ, ഇടവിളകൾ തുടങ്ങി നിരവധി ഇനങ്ങൾ ഉദയന്റെ തോട്ടത്തിൽ നിന്ന് സ്ഥിരമായി വിവിധ ചന്തകളിൽ എത്താറുണ്ട്. ഉദയകുമാറിന്റെ മേൽനോട്ടത്തിൽ നടക്കുന്ന കാർത്തികപ്പള്ളി കൃഷിഭവന്റെ ഇക്കോ ഷോപ്പാണ് പ്രധാന വിപണന കേന്ദ്രം. പാലത്തിലെ നാലാമത്തെ പരീക്ഷണമാണിത്. ചീര വിളയിച്ചാണ് പാലത്തിൽ കൃഷിക്ക് തുടക്കമിട്ടത്. 480 കിലോ കുക്കുമ്പറും 250 കിലോ പയറുമാണ് പിന്നീട് പാലത്തിൽനിന്ന് വിളവെടുത്തത്. വെള്ളത്തിൽ പച്ചക്കറി വിളയിച്ചും ഉദയകുമാർ ശ്രദ്ധനേടി. കരയിൽ ചെടി നട്ട് വെള്ളത്തിന് മുകളിൽ പന്തൽ കെട്ടിയാണ് പാവൽ, പടവലം എന്നീ കൃഷികൾ ചെയ്യുന്നത്. ഭാര്യ രതിയും മകൾ ഗൗരി കൃഷ്ണയും പിന്തുണയുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.