കൊടകര: കൃഷിഭവന്റെ പരിധിയിലുള്ള പുത്തൂക്കാവ് പാടശേഖരത്ത് വ്യാപകമായ മുഞ്ഞ ബാധ. നെല്ല് കൊയ്ത്തിനു പാകമായ സമയത്ത് മുഞ്ഞ ബാധയുണ്ടായത് കര്‍ഷകരെ നിരാശയിലാക്കുന്നു. കൊടകര പഞ്ചായത്തിലെ 33 ഏക്കര്‍ വിസ്തൃതിയുള്ള പുത്തുക്കാവ് പാടശേഖരത്തിലാണ് നെൽച്ചെടികളില്‍ മുഞ്ഞ ബാധിച്ചത്.
കോടിയാന്‍ സുകുമാരന്‍, കരിമ്പറമ്പില്‍ രവി, മോഹനന്, തെക്കന്‍ ഫ്രാന്‍സിസ്, ഓട്ടുളി അനില്‍കുമാര്‍ എന്നിവരുടെ കൃഷിയാണ് മുഞ്ഞ ബാധിച്ച് നശിച്ചത്. ആദ്യമായാണ് ഈ പാടത്ത് മുഞ്ഞ രോഗം കാണുന്നതെന്ന് പാടശേഖര സമിതി പ്രസിഡന്റ് ഫ്രാന്‍സിസ് തെക്കന്‍ പറഞ്ഞു.
120 ദിവസം മൂപ്പുള്ള ജ്യോതി വിത്തുപയോഗിച്ചാണ് ഇത്തവണ പുത്തൂക്കാവ് പാടശേഖരത്ത് വിരിപ്പു കൃഷിയിറക്കിയത്. നെല്‍ച്ചെടികള്‍ക്ക് ഏകദേശം 80 ദിവസത്തെ വളര്‍ച്ചയെത്തിയപ്പോഴാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ദിവസങ്ങള്‍ക്കകം രോഗം പാടശേഖരത്തെ നെല്‍ച്ചെടികളെ വ്യാപകമായി ബാധിച്ചു.
തണ്ടില്‍ കൂട്ടംകൂടി ഇരിക്കുന്ന മുഞ്ഞകള്‍ നീരൂറ്റിക്കുടിക്കുന്നതു മൂലം നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങി നശിക്കുകയാണ്. കതിരുകള്‍ വിളവെടുപ്പിന് പാകമായ സമയത്ത് രോഗ ബാധ കാണപ്പെട്ടതിനാല്‍ കീടനാശിനി പ്രയോഗം നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
പുത്തൂക്കാവ് പാടശേഖരത്തിലെ 15 ഏക്കറിലാണ് ഇത്തവണ വിരിപ്പ് കൃഷി ചെയ്തത്. ഇതില്‍ എട്ടേക്കറോളം കൃഷി മുഞ്ഞബാധിച്ച് നശിച്ച അവസ്ഥയിലാണ്. സാധാരണയായി വിരിപ്പ് കൃഷിക്ക് മുഞ്ഞ ബാധയുണ്ടാകാറില്ലെന്നും ഇക്കൊല്ലത്തെ കാലാവസ്ഥ വ്യതിയാനമാണ് പുത്തൂക്കാവ് പാടശേഖരത്തിലെ മുഞ്ഞബാധക്ക് കാരണമെന്നും പാടശേഖരം സന്ദര്‍ശിച്ച കാര്‍ഷിക സര്‍വകലാശാലയിലെ വിജ്ഞാന വ്യാപന വിഭാഗം അസി. പ്രഫ. അശ്വതി കൃഷ്ണ പറഞ്ഞു.
ഇടവിട്ട് മഴ പെയ്യുന്നതും കടുത്ത വെയിലും മുഞ്ഞകള്‍ക്ക് പെരുകാനുള്ള അനുകൂല കാലാവസ്ഥയാണ്. വിളവെടുപ്പിന് പാകമായ നെല്‍ച്ചെടികളിലെ മുഞ്ഞകളെ നശിപ്പിക്കാന്‍ എളുപ്പമല്ല.
അടുത്ത സീസണില്‍ കൃഷിയിറക്കുമ്പോള്‍ മുഞ്ഞബാധ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കര്‍ഷകര്‍ക്ക് നിർദേശം നല്‍കുമെന്ന് കാര്‍ഷിക സര്‍വകലാശാല ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാര്‍ഷിക സര്‍വകലാശാലയിലെ അസി. പ്രഫ. കെ.കെ. അശ്വതി, കൊടകര കൃഷി ഓഫിസര്‍ പി.വി. സ്വാതിലക്ഷ്മി, കൃഷി അസിസ്റ്റന്റ് എന്‍.ആര്. രേഖ, പെസ്റ്റ് സ്കൗട്ട് ജോയ്സി ജോയ് എന്നിവരും കാര്‍ഷിക വിദഗ്ധരുടെ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.