ശ്രീകണ്ഠപുരം: മലമടക്കുകളിലെ മണ്ണിൽ പടപൊരുതിയ കർഷകന് മലയോര മണ്ണിൽ കണ്ണീർദിനങ്ങൾ. വന്യമൃഗശല്യവും കടബാധ്യതയും ഏറിയതോടെ പ്രതീക്ഷകൾക്ക് കരിനിഴൽവീണ കർഷകർ ഇനി പിടിച്ചുനിൽക്കാനാവില്ലെന്ന് കരുതിയാണ് ജീവനൊടുക്കുന്നത്. സഹായാഭ്യർത്ഥന പോലും അധികാര കേന്ദ്രങ്ങളിൽനിന്ന് അവഗണിക്കപ്പെട്ട കർഷകരാണ് ഒടുവിൽ ജീവൻ ത്യജിച്ചത്.
ഞായറാഴ്ച നടുവിൽ പഞ്ചായത്തിലെ പാത്തൻപാറ നൂലിട്ടാമലയിലെ ഇടപ്പാറയ്ക്കല് ജോസാണ് (63) ഏറ്റവുമൊടുവിൽ ജീവനൊടുക്കിയത്. കടബാധ്യതയാണ് കാരണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. രാപകൽ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ 2500 ഓളം വാഴകളും മറ്റും കാട്ടുപന്നിയടക്കമുള്ള ജീവികൾ നശിപ്പിച്ചു. കുലകളിൽ പ്രതീക്ഷയർപ്പിച്ച ഈ കർഷകന് കടബാധ്യതയോർത്ത് പിടിച്ചു നിൽക്കാനായില്ല. നിരാശയിൽ ജീവൻ തന്നെ നഷ്ടമായി.
കാട്ടാന ആക്രമണത്തിലും നിരവധി കർഷക ജീവനുകൾ നഷ്ടമായി. ചെറുപുഴയിലും ഉളിക്കലിലും ആറളം മേഖലയിലുമാണ് കർഷകരെ കാട്ടാനകൾ കുത്തിക്കൊന്നത്.
വർഷങ്ങളായി റബറിനും അടക്കക്കും കാപ്പിക്കും ഉൾപ്പെടെ കർഷകർ മുടക്കുന്നതിന്റെ വിലകിട്ടുന്നില്ല. സംഘടനകൾ സമരവുമായി രംഗത്തുണ്ട്. കാർഷികോൽപന്നങ്ങൾക്ക് മോശമല്ലാത്ത വില ലഭ്യമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തയാറായിട്ടില്ലെന്ന് കർഷകസംഘടനകൾ പറയുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മലയോര മേഖലയിൽ മാത്രം കാട്ടുപന്നിയുടെയുടെയും കാട്ടാനകളുടെയും വിളയാട്ടത്തിൽ ഹെക്ടറുകണക്കിന് കൃഷിയിടങ്ങളാണ് നശിച്ചത്. കുരങ്ങുൾപ്പെടെ മറ്റ് ജീവികളുടെ ശല്യം വേറെയും.
നട്ടുനനച്ച വിളകളെല്ലാം ഒരൊറ്റ രാത്രിയിൽ തീർന്നപ്പോൾ വന്യ ജീവികളെ നോക്കി സങ്കടക്കണ്ണീരൊഴുക്കുവാനേ കർഷകന് കഴിഞ്ഞുള്ളൂ. നശിച്ച വിളകൾക്കുള്ള നഷ്ടപരിഹാരം കിട്ടാൻ തന്നെ പല തവണ കൃഷി വകുപ്പ് ഓഫിസ് കയറിയിറങ്ങണം.
ശ്രീകണ്ഠപുരം: കടബാധ്യതയും വന്യമൃഗശല്യവും കാരണം പൊറുതിമുട്ടിയാണ് കർഷകൻ ജീവനൊടുക്കിയതെന്നും സർക്കാർ ഇനിയെങ്കിലും അനാസ്ഥ വെടിഞ്ഞ് ആ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കണമെന്നും കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ ആവശ്യപ്പെട്ടു. വലിയ പ്രതിസന്ധി നേരിടുന്ന കർഷകരെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല. കേന്ദ്ര സർക്കാരും മൗനം നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.