വെളിയങ്കോട്: കളിപ്രായം മുതൽ ചെടികൾക്കൊപ്പമായിരുന്നു അദ്നാൻ. കൃഷിയോടുമുള്ള ആവേശം കേവലം തമാശയല്ല വെളിയങ്കോട് സ്വദേശിയായ അദ്നാന്. കാർഷിക മേഖലയിലെ ആഗോള പ്രതിഫലനം മനസ്സിലാക്കിയും വിശകലനം ചെയ്തും പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാനാണ് ശ്രമം. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ വീട്ടിൽ ഫാം ഉണ്ടാക്കിയാണ് ഈ രംഗത്തെത്തിയത്. ഇതിനിടെ കാർഷിക രീതികൾ പഠിച്ചു.
തവനൂർ കേരള കാർഷിക സർവകലാശാലയിലെ ഇൻസ്ട്രക്ഷനൽ ഫാം ഹെഡ് ഓഫിസറായ ഡോ. അബ്ദുൽ ജബ്ബാറിന്റെ ശിക്ഷണത്തിൽ മൂന്ന് വർഷത്തോളമായി പഠനം നടത്തുകയാണ്. ഒരു വാഴയിൽനിന്ന് 30തരം വാഴ തൈകൾ ഉണ്ടാക്കുന്ന മൈക്രോ പ്രൊപ്പഗേഷൻ വിദ്യയും പച്ചക്കറി തൈകളുടെ ഗ്രാഫ്റ്റഡ് വിദ്യയും ഇതിനകം കുട്ടിഗവേഷകൻ പരീക്ഷിച്ചറിഞ്ഞു.
അർഹതക്കുള്ള അംഗീകാരമെന്നോണം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര-പ്രവൃത്തി പരിചയമേളയിൽ ഹൈസ്കൂൾ വിഭാഗം ബഡ്ഡിങ്, ഗ്രാഫ്റ്റിങ് ആൻഡ് ലയറിങ്ങിൽ ജില്ലക്കായി സംസ്ഥാന തലത്തിൽ ‘എ’ ഗ്രേഡോടെ ഒന്നാം സ്ഥാനവും പൊന്നാനി എം.ഐ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അദ്നാൻ കരസ്ഥമാക്കി.
ഹൈസ്കൂൾ അധ്യാപകരായ ഖാലിദിന്റെയും ശരീഫയുടെയും പ്രോത്സാഹനമാണ് ഇതിന് നിമിത്തമായത്. കുവൈത്തിൽ പ്രവാസിയായ വെളിയങ്കോട് സ്വദേശി അഷ്കർ വി. തറയിലും പൊന്നാനി തെയ്യങ്ങാട് സ്വദേശിനി വി.പി. വഹീദയുമാണ് മാതാപിതാക്കൾ.
കാർഷിക രംഗത്തെ പുത്തൻ സാങ്കേതികവിദ്യ എളുപ്പത്തിൽ അദ്നാന് മെരുങ്ങുമെന്ന് ഡോ. അബ്ദുൽ ജബ്ബാർ സാക്ഷ്യപ്പെടുത്തുന്നു. നവമാധ്യമങ്ങളുടെ സഹായത്തോടെ അവ അടുത്തറിയാനും കഴിയുമെന്നതിനാൽ അദ്നാന് ഈ രംഗത്ത് ശോഭനമായ ഭാവിയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.