തൊടുപുഴ: പട്ടയമില്ലാത്ത ഭൂമിയിൽ തർക്കം ഒന്നുമില്ലാതെ വർഷങ്ങളായി കൃഷി ചെയ്യുന്ന ദീർഘകാല വിളകൾക്ക് കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന് പരിഗണിക്കണമെന്ന സർക്കാർ ഉത്തരവ് ജില്ലയിലെ മലയോര കർഷകർക്ക് ആശ്വാസമായി.
കടുത്ത ഉഷ്ണതരംഗവും വരൾച്ചയും കണക്കിലെടുത്ത് മേൽവിഭാഗത്തിൽപെട്ട കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ കഴിയും വിധം എയിംസ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാനുള്ള തീയതി ജൂലൈ 31വരെ ദീർഘിപ്പിച്ചതായും വകുപ്പ് മന്ത്രി പി. പ്രസാദ് അറിയിച്ചു.
ജില്ലയിൽ വനാതിർത്തിയോട് ചേർന്ന് പട്ടയം ഇല്ലാത്ത ഭൂമിയിൽ കുടിയേറ്റ കർഷകർ തലമുറകളായി ഏലം, കുരുമുളക്, കാപ്പി, കൊക്കോ, ജാതി മുതലായ ദീർഘകാല വിളകൾ കൃഷി ചെയ്തുവരുന്നതായും വരൾച്ചയിൽ ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായതായും അന്വേഷിച്ച പ്രത്യേക സമിതി റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിൽ പട്ടയം ഇല്ലാത്ത ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സാധിക്കാത്ത സാഹചര്യം നിലനിന്നിരുന്നതിനാൽ അത്തരം കർഷകരെ കൂടി പരിഗണിച്ചാണ് ഇപ്പോൾ അനുകൂല ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.
ഇടുക്കി: പട്ടയമില്ലാത്ത ഭൂമിയിലെ കൃഷിനാശത്തിനും നഷ്ടപരിഹാരം നൽകാനുള്ള സർക്കാർ തീരുമാനം ജില്ലയിലെ കർഷകരുടെ കണ്ണീരൊപ്പുമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ. സലിംകുമാർ പറഞ്ഞു. ഉഷ്ണതരംഗവും വരച്ചയും ജില്ലയിൽ ഇക്കുറി സമാനതകൾ ഇല്ലാത്ത ദുരന്തമാണ് സൃഷ്ടിച്ചത്. ആയിരക്കണക്ക് ഏക്കറിലെ കൃഷി നാമാവശേഷമായി. പ്രതിസന്ധികൾ പിടിമുറുക്കുമ്പോൾ പകച്ചുനിൽക്കുകയായിരുന്നു കർഷകർ.
തൊടുപുഴ: വരൾച്ചയും കാലവർഷവും പ്രകൃതിക്ഷോഭവും മൂലം ഉണ്ടാകുന്ന കൃഷി നാശങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് പട്ടയമില്ലാത്ത ഭൂമിയിലെ കൃഷിയും ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകാൻ തീരുമാനമെടുത്ത സർക്കാറിനെ അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് അഭിനന്ദിച്ചു.
ദീർഘകാലമായി കിസാൻ സഭ ഇക്കാര്യം കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. പട്ടയമില്ലാത്ത കർഷകരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പരിഹാരം കണ്ടെത്തിയ കൃഷി മന്ത്രി പി. പ്രസാദിനും എൽ.ഡി.എഫ് സർക്കാറിനും മാത്യു വർഗീസ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.