കൃഷിമന്ത്രിയുടെ വട്ടവട സന്ദർശനം: പ്രതീക്ഷയോടെ കർഷകർ

മൂന്നാർ: കൃഷിമന്ത്രി പി. പ്രസാദി‍െൻറ വട്ടവടയിലെ സന്ദർശനത്തോടെ ഏറെ പ്രതീക്ഷയിലാണ് കർഷകർ. വന്യമൃഗശല്യം മുതൽ വിലത്തകർച്ചവരെ നേരിടുന്ന കർഷകർ ശീതകാല പച്ചക്കറി കൃഷിയുടെ പ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ്.

മന്ത്രിയുടെ സന്ദർശനവേളയിൽ പരാതികളുടെ പ്രവാഹമായിരുന്നു. നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതമാർഗമായ കാർഷിക മേഖലയിൽ വന്യമൃഗങ്ങൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വിത്ത് പാകുമ്പോൾ മുതൽ വിളവെടുപ്പ് വരെ കാട്ടുപന്നിയടക്കം വന്യജീവികൾ കൃഷിയിടങ്ങളിൽ വിലസുകയാണ്. ഇവയെ നിയന്ത്രിക്കാനോ ആക്രമണം തടയാനോ സർക്കാർ സഹായം വേണമെന്നായിരുന്നു പ്രധാന ആവശ്യം.

ഇക്കാലമത്രയും തമിഴ്നാട്ടിലെ ഇടനിലക്കാരെ ആശ്രയിച്ച് വിത്ത് വാങ്ങുകയും വിളവ് വിൽക്കുകയും ചെയ്തിട്ടുണ്ട്. ഇതുവഴി വലിയ ചൂഷണത്തിന് കർഷകർ വിധേയരായിരുന്നു. ഇതിന് പരിഹാരമെന്ന നിലയിലാണ് സംസ്ഥാന സർക്കാർ കർഷകർക്ക് നേരിട്ട് വിത്തും വളവും നൽകാൻ തീരുമാനിച്ചത്. ഉൽപന്നങ്ങൾ ഹോർട്ടികോർപ് വഴി സംഭരിക്കാനും നടപടി സ്വീകരിച്ചു.

വലിയ പ്രതീക്ഷയോടെ സർക്കാർ തീരുമാനത്തെ സ്വീകരിച്ച കർഷകർ വൈകാതെ നിരാശയിലായി. കോടിക്കണക്കിന് രൂപയാണ് പച്ചക്കറി വാങ്ങിയ ഇനത്തിൽ സർക്കാർ കുടിശ്ശിക വരുത്തിയത്. യഥാസമയം പണം ലഭിക്കാതായതോടെ വീണ്ടും വട്ടിപ്പലിശക്കാരെ ആശ്രയിക്കേണ്ട ഗതികേടിലായി നൂറുകണക്കിന് കർഷകർ. സന്ദർശനത്തോടെ തങ്ങളുടെ ദുരവസ്ഥ മന്ത്രി നേരിട്ട് മനസ്സിലാക്കിയെന്നാണ് കർഷകരുടെ വിശ്വാസം. ഉടൻ പണം വിതരണം ചെയ്യുമെന്ന മന്ത്രിയുടെ ഉറപ്പ് ഇവർക്ക് ഏറെ ആശ്വാസം നൽകുന്നു.

കൃഷിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കാനുള്ള കർമപദ്ധതി തയാറാക്കിയില്ലെങ്കിൽ വർഷം മുഴുവനുള്ള കാർഷിക ഉൽപാദനം നിലക്കുന്ന അവസ്ഥയാണെന്നും കർഷകർ മന്ത്രിയെ ധരിപ്പിച്ചു. അനുകൂല നടപടി സ്വീകരിക്കുമെന്ന് അറിയിച്ചാണ് മന്ത്രി പി. പ്രസാദ് മടങ്ങിയത്. എ. രാജ എം.എൽ.എയും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Tags:    
News Summary - Agriculture Minister visit vattavada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.