വയനാട്ടിലെ തോട്ടങ്ങളിൽ പുൽച്ചാടികൾ പെറ്റുപെരുകിയത് കർഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്നാൽ ഇവ വെട്ടുകിളികളെ പോലെ കൃഷികൾ നശിപ്പിക്കില്ലെന്ന് വിദഗ്ദർ പറയുന്നു. ഇവ വെട്ടുകിളി വിഭാഗത്തിൽ ഉൾപെടുന്നവയാണെന്ന അധികൃതരുടെ അഭിപ്രായം തെറ്റാണെന്ന് ഇതുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ ധനീഷ് ഭാസ്കർ പറയുന്നു.
ധനീഷ് ഭാസ്കറിന്‍റെ വാക്കുകൾ:
വയനാട്ടിലെ പുൽച്ചാടികൂട്ടം വെട്ടുകിളികൾ അല്ല.!
വയനാട്ടിൽ കണ്ട പുൽച്ചാടികൂട്ടങ്ങൾ, PYRGOMORPHIDAE എന്ന "LOCUST" (വെട്ടുക്കിളി) ഫാമിലിയിൽ പെടുന്നവയാണെന്ന് നമ്മുടെ കാർഷിക സർവകലാശാലകളിലെ ശാസ്ത്രജ്ഞർ പറഞ്ഞതായി കണ്ടു. ഇത് തെറ്റാണ്, PYRGOMORPHIDAE എന്നത് "LOCUST" ഫാമിലി അല്ല.!
LOCUSTS (വെട്ടുകിളികൾ) ACRIDIDAE (ORTHOPTERA: CAELIFERA) എന്ന ഫാമിലിയിൽ പെടുന്നവയാണ്. ഈ ഫാമിലിയിൽ വരുന്ന പുൽച്ചാടികൾ എല്ലാം എന്നാൽ വെട്ടുകിളികളും അല്ല.പുൽച്ചാടികളും വെട്ടുകിളികളും തമ്മിൽ ഉള്ള വ്യത്യാസം പ്രധാനമായും രണ്ടു കാര്യങ്ങളിൽ ആണ്.
- അനുകൂല സാഹചര്യങ്ങളിൽ മണ്ണിനടിയിലെ മുട്ടകൾ കൂട്ടത്തോടെ വിരിഞ്ഞിറങ്ങുന്ന പുൽച്ചാടിക്കൂട്ടങ്ങൾ (Hopper Bands) എല്ലാ ചെടികളുടെ ഇലകളും ഭക്ഷണമാക്കാറുണ്ട് (Polyphagous). രണ്ട്-മുന്ന് മാസത്തിനുള്ളിൽ ഇവ ചിറകുള്ള വലിയ പുൽച്ചാടിക്കുട്ടങ്ങൾ ആവുകയും ഇതേ Polyphagous ഭക്ഷണരീതിയോടുകൂടെ തന്നെ ഒരുമിച്ചു ഒരേ ദിശയിലേക്കു ദേശാടനം നടത്തുകയും ചെയ്യും.
- സാധാരണയായി ഒറ്റക്കുള്ള ചെറിയ കൂട്ടങ്ങളായി (SOLITARY PHASE) കാണുന്ന ഇവ, അനുകൂലസാഹചര്യങ്ങളിൽ മുട്ടകൾ ഒരുമിച്ചു വിരിഞ്ഞിറങ്ങുമ്പോൾ വലിയ കൂട്ടങ്ങളാവുകയും, ഇവയുടെ നിറം (Polyphenism), പെരുമാറ്റം (Behaviour), രൂപാന്തരീകരണം (Morphology), അന്തര്ഗ്രന്ഥി സ്രാവം (Serotinin secretion), ജീവിത ചരിത്ര സവിശേഷതകൾ (Life-history traits) എന്നിവയിൽ സാരമായ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യും. ഇത് SOLITARY PHASE ൽ നിന്നും GREGARIOUS-MIGRATORY PHASE ലേക്ക് ഉള്ള പരിവർത്തനത്തിനു കാരണമാകും (Phase transformation).
ഇത്തരം പരിവർത്തനത്തിനു വിധേയമാകുന്ന പുൽച്ചാടികൾ കൂടുതൽ അപകടകാരികളായി മാറാറുണ്ട്. വടക്കു - പടിഞ്ഞാറൻ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഇപ്പോൾ കണ്ടുവരുന്നതുപോലെ (Desert locust (Schistocerca gregaria).
ഇത്തരം locust (വെട്ടുക്കിളി) സ്വഭാവ സവിശേഷത കാണിക്കുന്ന പുൽച്ചാടികൾ വളരെ കുറച്ചെണ്ണമേ ഉള്ളു, എല്ലാ പുൽച്ചാടികളും വെട്ടുകിളികൾ എന്ന വിളിപ്പേർ അർഹിക്കുന്നവർ അല്ല. ഇതാണ് വയനാട്ടിലെ തെറ്റിദ്ധാരണക്ക് കാരണം; വയനാട്ടിൽ കണ്ടുവരുന്നത് Aularches miliaris (Spotted coffee Grasshopper) (Orthoptera: Pyrgomorphidae) ന്റെ കുട്ടികൂട്ടം (nymphs) ആണ്. ഇവയെ സാധാരണ വിളിച്ചുവരുന്നത് "COFFEE LOCUST" എന്നാണ്. മുകളിൽ പറഞ്ഞ രണ്ടു പരിവർത്തനങ്ങളും ഒരു ജീവിതാവസ്ഥയിലും ഇവയിൽ നടക്കുന്നതായി പഠനം ഇല്ല.1939 ൽ തിരുവീതാംകൂർ ഭാഗത്ത് ഇവയെ വലിയ കൂട്ടമായി (a quarter of a mile long and fifty yards wide) കണ്ടതായി റിപ്പോർട് ഉണ്ട്. പിന്നീട് ഇതുവരെ അത്ര വലിയ കൂട്ടങ്ങളായി ഇവയെ കണ്ടിട്ടില്ല. കൂട്ടമായുള്ള ദേശാടന സ്വഭാവവും ഇവയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ലോകത്ത് 28000 നു മുകളിൽ പുൽച്ചാടികൾ ഉള്ളതിൽ വെറും 500 എണ്ണം മാത്രമാണ് കീടം എന്ന വിഭാഗത്തിൽ പെടുന്നുള്ളു അതിൽത്തന്നെ ഏറ്റവും അപകടകാരികൾ എന്ന വിഭാഗത്തിൽ വരുന്നത് വെറും 50 എണ്ണം മാത്രമാണ്. ഇ പട്ടികയിൽ ഒന്നും Aularches miliaris വരുന്നില്ല.
വയനാട്ടിലെ പുൽച്ചാടികൂട്ടങ്ങൾ കണ്ട പുൽപള്ളി ഭാഗത്ത് പോയിരുന്നു.കാർഷിക സർവ്വകലാശാലയോടായി പറയുകയാണ് എല്ലാ പുൽച്ചാടികളും കീടങ്ങൾ അല്ല.! കീടം എന്ന് മുദ്രകുത്തി കീടനാശിനി അടിക്കാൻ പറയുന്നതിന് മുൻപ് Aularches miliaris IUCN local assessment പ്രകാരം Near Threatened എന്ന വിഭാഗത്തിൽ പെടുന്നു എന്നത് കൂടെ പരിഗണിക്കണം.
കീടനാശിനികൾ പ്രയോഗിക്കുന്നതിനു മുൻപ് അവിടെ ഉണ്ടായ / ഉണ്ടാക്കിയ economic loss കണക്കാക്കേണ്ടതുണ്ട്, വയനാട്ടിലെ പുൽച്ചാടിക്കൂട്ടം ഉണ്ടാക്കിയ economic loss പൂജ്യം ആണ്. വിള നാശം ഉണ്ടായിട്ടില്ല, കാപ്പിയുടെയും വാഴയുടെയും ഇലകൾ ഒരു മാസത്തിനിപ്പുറം പൂർവ്വസ്ഥിതിയിൽ ആയിട്ടുമുണ്ട്.
ഒരു മാസം മുൻപ് കണ്ട hopper - bands ന്റെ മൂന്നിൽ ഒന്നുപോലും ഇപ്പോൾ ഇല്ല, ബാക്കിയുള്ളവ തേക്കിന്റെ ഇലകളാണ് കഴിക്കുന്നത്, കൂട്ടത്തോടെയുള്ള ദേശാടനവുമില്ല.
കാർഷിക ശാസ്ത്രജ്ഞരേക്കാൾ ഒരുപടി മേലെയാണ് വയനാട്ടിലെ കർഷകരിൽ ചിലരെങ്കിലും! കീടനാശിനി പ്രയോഗിക്കാനുള്ള വിദഗ്ദ്ധോപദേശം മിത്ര-കീടങ്ങളെ ബാധിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ അവർ അനുസരിച്ചില്ല.!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.